ഡിജിറ്റൽ പ്ലാറ്റ്ഫോമിന് വേണ്ടി ‘വട ചെന്നൈ’യുടെ പ്രീക്വൽ (മുൻഭാഗം) ചെയ്യാനൊരുങ്ങുകയാണ് സംവിധായകൻ വെട്രിമാരൻ. വടക്കൻ ചെന്നൈയിലെ കടൽത്തീര മത്സ്യത്തൊഴിലാളികളുടെ പല കാലങ്ങളിലെ ജീവിതം പറയുന്ന ഗ്യാങ്സ്റ്റർ – രാഷ്ട്രീയ സിനിമയായ ‘വട ചെന്നൈ’യ്ക്ക് ‘രാജൻ വഗൈര’ എന്ന പേരിൽ പ്രീക്വൽ നിർമ്മിക്കാനൊരുങ്ങുകയാണ് വെട്രിമാരൻ. ഈ പ്രീക്വൽ, ഡിജിറ്റൽ പ്ലാറ്റിഫോമിനായിരിക്കും ഏറെ അനുയോജ്യമെന്നും വെട്രിമാരൻ പറയുന്നു. ധനുഷ് നായകനാവുന്ന ‘വട ചെന്നൈ’ ഈ മാസം ആദ്യം തിയേറ്ററുകളിൽ എത്തിയിരുന്നു. അപ്രതീക്ഷിതമായി ഗ്യാങ്സ്റ്ററായി മാറിയ വടക്കൻ ചെന്നൈയിലെ ഒരു വ്യക്തിയുടെ 30 വർഷത്തെ ജീവിതകഥയാണ് ചിത്രം പറയുന്നത്.
” പ്രീക്വൽ എന്ന ആശയത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഏതെങ്കിലും ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ വെബ് സീരീസായി അവതരിപ്പിക്കപ്പെട്ടാൽ നന്നായിരിക്കുമെന്നു കരുതുന്നു. ‘രാജൻ വഗൈര’ എന്ന പേരിലാവും പ്രീക്വൽ അവതരിപ്പിക്കപ്പെടുക. വട ചെന്നൈയിലെ രാജൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ ഉയർച്ചകളെയും എങ്ങനെയാണ് അയാളൊരു സാമ്രാജ്യം സൃഷ്ടിച്ചതെന്നുമാണ് ഇതിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്,” ഐഎഎൻസിനു നൽകിയ അഭിമുഖത്തിൽ വെട്രിമാരൻ പറയുന്നു.
വട ചെന്നൈയിൽ നടനും സംവിധായകനുമായ അമീർ സുൽത്താൻ ആണ് രാജൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. “കഥയെഴുതിയപ്പോൾ തന്നെ രാജൻ എന്ന കഥാപാത്രവുമായി ഞാൻ പ്രണയത്തിലായിരുന്നു. വളരെ രസകരമായൊരു വ്യക്തിത്വമാണ് രാജന്റേത്. രാജന്റെ ജീവിതത്തെ ഫോക്കസ് ചെയ്ത് ഒരു പൂർണസിനിമ നിർമ്മിക്കാൻ ഞാനാഗ്രഹിക്കുന്നു. ആ കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തികൊണ്ടും പ്രാധാന്യം കൊടുത്തുകൊണ്ടുമുള്ള ഒന്നായിരിക്കും പ്രീക്വൽ,” വെട്രിമാരൻ കൂട്ടിച്ചേർത്തു.
‘വെക്കൈ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയൊരുങ്ങുന്ന തന്റെ പുതിയ ചിത്രത്തിലും ധനുഷ് തന്നെയാണ് നായകനെന്നും വെട്രിമാരൻ വെളിപ്പെടുത്തുന്നു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഇത് നാലാമത്തെ തവണയാണ് വെട്രിമാരനും ധനുഷും ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്. “ചിത്രീകരണം ഉടനെ ആരംഭിക്കും. നോവൽ വായിച്ചപ്പോൾ തന്നെ അതു സിനിമയാക്കണമെന്ന് ആഗ്രഹം തോന്നി. അടിച്ചമർത്തപ്പെട്ട ഒരു സമുദായത്തിലെ ജനതയ്ക്ക് അവരെ അടിച്ചമർത്തിയവരോടുള്ള പ്രതികാരത്തെ കുറിച്ചാവും ചിത്രം ചർച്ച ചെയ്യുക. കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാവില്ല,” വെട്രിമാരൻ കൂട്ടിച്ചേർക്കുന്നു.
മത്സ്യബന്ധനതൊഴിലാളികളുടെ എതിർപ്പിനെ തുടർന്ന് സിനിമയിൽ നിന്ന് ഒരു രംഗം നീക്കം ചെയ്തതായും വടചെന്നൈയുടെ നിർമ്മാതാക്കൾ ഇന്നലെ സ്ഥിതീകരിച്ചിരുന്നു. “വടക്കൻ ചെന്നൈയിലെ പ്രത്യേകിച്ചും മത്സ്യബന്ധന സമൂഹത്തിലെ ആളുകളുടെ ജീവിതത്തെ ഉയർത്തി കാണിക്കുന്ന ചിത്രമാണ് വട ചെന്നൈ. എന്നാൽ ചിത്രത്തിലെ ഒരു രംഗം അവരെ വേദനിപ്പിച്ചു എന്നറിഞ്ഞതിനാൽ സിനിമയിൽ നിന്നും ആ രംഗം നീക്കം ചെയ്തിരിക്കുകയാണ്,”- നിർമ്മാതാക്കൾ പ്രസ്താവനയിൽ പറയുന്നു.
അമീറിന്റെയും ആൻഡ്രിയയുടെയും കഥാപാത്രങ്ങൾ നടുക്കടലിൽ ബോട്ടിനകത്ത് വെച്ചുള്ള ലൗമേക്കിങ് രംഗങ്ങൾ മത്സ്യബന്ധന സമൂഹത്തെ അസ്വസ്ഥമാക്കിയിരുന്നു. ബോട്ടുകളെയും ചങ്ങാടങ്ങളെയുമെല്ലാം പവിത്രമായി കാണുന്നതിനാൽ ആ രംഗം തങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് അവർ അറിയിച്ചിരുന്നു, തുടർന്ന് ആ രംഗം സിനിമയിൽ നിന്നും നീക്കം ചെയ്തു,” എന്നും അണിയറക്കാർ പ്രസ്താവനയിൽ പറയുന്നു. അതിനു പകരമായി അമീറിന്റെയും ആൻഡ്രിയയുടെയും രണ്ടു സീനുകൾ പുതുതായി ചിത്രത്തിലേക്ക് കൂട്ടിച്ചേർത്തതായും പ്രസ്താവനയിൽ പറയുന്നുണ്ട്.