Vada Chennai in Tamilrockers: റിലീസ് ചെയ്ത് ഒരു ദിവസം പിന്നിട്ടപ്പോഴേക്കും ധനുഷ്-വെട്രിമാരന്‍ ചിത്രം ‘വട ചെന്നൈ’ ഇന്റര്‍നെറ്റില്‍. ചിത്രം തിയേറ്ററിലെത്തി മണിക്കൂറുകള്‍കൊണ്ടാണ് തമിള്‍ റോക്കേഴ്‌സ് സിനിമ മുഴുവനായും ചോര്‍ത്തിയത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സിനിമ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിനിമാ ലോകത്തിന്റെ പേടിസ്വപ്‌നമാണ് തമിള്‍ റോക്കേഴ്‌സ്. ഇവരെ കണ്ടുപിടിക്കാനും ഈ വെബ്‌സൈറ്റ് ഇല്ലാതാക്കി പൈറസി തടുക്കാനും സിനിമാ മേഖല ശ്രമം തുടങ്ങിയിട്ട് നാളേറെയായി.

Read More: മികച്ച പ്രതികരണങ്ങളുമായി ധനുഷിന്റെ ‘വട ചെന്നൈ’

നടനും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാല്‍, തമിള്‍ റോക്കേഴ്‌സ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പൈറസി സംഘത്തെ കണ്ടുപിടിച്ച് ഇത്തരം സൈറ്റുകളെല്ലാം നീക്കം ചെയ്യാന്‍ പ്രത്യേക ടീമിനെ ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.

ഒട്ടുമിക്ക എല്ലാ ഓണ്‍ലൈന്‍ പൈറസി സംഘത്തെയും കണ്ടുപിടിച്ച് പൈറസി തടുക്കാന്‍ സാധിച്ചെങ്കിലും തമിള്‍ റോക്കേഴ്‌സിനെതിരെ ഒന്നും ചെയ്യാന്‍ ഈ ആന്റി പൈറസി ടീമിനായില്ല. പൈറസിക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നേരത്തേ വിശാല്‍ കുറ്റപ്പെടുത്തിയിരുന്നു.

ചിത്രം ലീക്കായത് ബോക്‌സ് ഓഫീസ് കളക്ഷനെ ബാധിച്ചേക്കാമെന്ന ആശങ്കയിലാണ് ‘വട ചെന്നൈ’യുടെ അണിയറപ്രവര്‍ത്തകര്‍. പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ ചെന്നൈയിലെ മാത്രം ആദ്യ ദിന ബോക്‌സ് ഓഫീസ് കളക്ഷന്‍ 82 ലക്ഷം രൂപയായിരുന്നു.

ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെര്‍മിയ, അമീര്‍, സമുദ്രക്കനി, കിഷോര്‍ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വരും വര്‍ഷങ്ങളില്‍ ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളും തിയേറ്ററുകളില്‍ എത്തും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ