scorecardresearch
Latest News

മോഹൻലാലിന്റെ ആരാധകനായ മിൽഖ സിങ്

‘കൊച്ചി ഇന്റർനാഷണൽ ഹാഫ് മാരത്തണിന്റെ ഭാഗമാകാൻ മിൽഖാ സിങ്ങിന് വളരെ താല്പര്യമായിരുന്നു. രണ്ടായിരുന്നു കാരണങ്ങൾ – മോഹൻലാലും, ദൈവത്തിന്റെ സ്വന്തം നാടായ കേരളവും

mohanlal, Milkha Singh

ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് മില്‍ഖ സിങ്ങിന് വിട നൽകുകയാണ് രാജ്യം. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ച രാത്രിയോടെയാണ് മിൽഖ വിട വാങ്ങിയത്. ഇപ്പോഴിതാ, മിൽഖയെ കുറിച്ചുള്ള ഒരു ഓർമ പങ്കുവയ്ക്കുകയാണ് സംവിധായകൻ ശ്രീകുമാർ. മോഹൻലാലിന്റെ ആരാധകനായിരുന്നു മിൽഖ സിങ് എന്ന് വെളിപ്പെടുത്തുകയാണ് ശ്രീകുമാർ.

“2013 ൽ കൊച്ചി കോര്പ്പറേഷന് വേണ്ടിയാണ് പുഷ് ഇന്റഗ്രേറ്റഡ് ‘കൊച്ചി ഇന്റർനാഷണൽ ഹാഫ് മാരത്തൺ’ എന്ന ഐഡിയ സമർപ്പിക്കുന്നത്. അത് അംഗീകരിക്കപ്പെട്ടതോടെ ലാലേട്ടനെയും ഇന്ത്യയുടെ പറക്കും ഇതിഹാസം മിൽഖാ സിങ്ങിനെയും പ്രോഗ്രാമിന്റെ ബ്രാൻഡ് അംബാസ്സഡർമാരായി നിശ്ചയിച്ചു.

ഇതിന്റെ ഭാഗമാകാൻ ശ്രീ. മിൽഖാ സിങ്ങിന് വളരെ താല്പര്യമായിരുന്നു. രണ്ടായിരുന്നു കാരണങ്ങൾ – മോഹൻലാലും, ദൈവത്തിന്റെ സ്വന്തം നാടായ കേരളവും. ഫോർട്ട് കൊച്ചിയിലും, കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പൊരി വെയിലത്തായിരുന്നു ഷൂട്ടിംഗ്. അദ്ദേഹം തളർന്നതേയില്ല. ഷോട്ടിന് വേണ്ടതിനേക്കാൾ ദൂരം അദ്ദേഹം ഓടി, അതും നിറഞ്ഞ ചിരിയോടെ! 83 വയസ്സിലെ അദ്ദേത്തിന്റെ ഊർജ്ജത്തിനും പ്രസരിപ്പിനും മുന്നിൽ ഞങ്ങൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല എന്നുള്ളതായിരുന്നു സത്യം. ലാലേട്ടനും അദ്ദേഹവും മത്സരിച്ചു ഓടുകയായിരുന്നു എന്ന് പറയാം. ഷൂട്ടിന് കണ്ടു നിന്ന നൂറു കണക്കിന് ആളുകളിലും ഞങ്ങളിലും ആവേശം പരത്തി ഈ രണ്ടു താരങ്ങളും നിറഞ്ഞ ചിരിയോടെ ആവേശത്തോടെ പ്രോഗ്രാമിന്റെ ഭാഗമായി.

കേരളത്തിൽ നടന്ന ആദ്യത്തെ ഇന്റർനാഷണൽ മാരത്തൺ ആയിരുന്നു ഇത്. രണ്ടു ദിവസം പ്ലാൻ ചെയ്ത ഷൂട്ട് ഒരു ദിവസം കൊണ്ട് തീർത്തു. ലാലേട്ടന്റെ ആരാധകനായിരുന്നു അദ്ദേഹം, ലാലേട്ടനാകട്ടെ ഇക്കാലയളവിൽ തന്റെ സ്വസിദ്ധമായ ശൈലിയിൽ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സുഹൃത്തായി മാറി. ശരിയായ പ്ലാനിങ് ഇല്ലാത്തതാണ് നമുക്ക് കൂടുതൽ സ്പോർട്സ് താരങ്ങളെ സൃഷ്ടിക്കാൻ കഴിയാത്തത് എന്നും, തനിക്ക് ലഭിക്കുന്ന അവസരങ്ങൾ അതിനായി പ്രയോജനപ്പെടുത്തണമെന്നാണ് ആഗ്രഹമെന്നും ഇതിനായി ലാലേട്ടന്റെ സഹകരണം ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു. ഏതു പ്രതിസന്ധിയിലും എനിക്ക് ആശ്വാസമാകുന്ന ഒരു കാര്യമുണ്ട് – കുറെ നല്ല ആളുകളുടെ സാമീപ്യവും സൗഹൃദവും നേടാൻ ഈ ജീവിതത്തിൽ സാധിച്ചിട്ടുണ്ട് ,ചില ചരിത്രനിമിഷങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ട മിൽഖാ സിംഗ് അതിലൊന്നാണ്…ലാളിത്യമുള്ള ഒരു ഇതിഹാസമാണ് ഇന്ന് നമ്മളോട് വിട വാങ്ങിയിരിക്കുന്നത്. പ്രണാമം!,” ഫേസ്ബുക്ക് കുറിപ്പിൽ ശ്രീകുമാർ പറയുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: V a shrikumar remembering milkha singh