കഥാപാത്രങ്ങള്‍ കൊണ്ട് മാത്രമല്ല, കാഴ്ചപ്പാടുകള്‍ കൊണ്ടും മലയാള സിനിമയിലെ വ്യത്യസ്തമായ ശബ്ദമാണ് പാര്‍വ്വതിയുടേത്. ഒരിടവേളയ്ക്ക് ശേഷം ‘ഉയരെ’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തുകയാണ് പാര്‍വ്വതി. ‘ഉയരെ’യെക്കുറിച്ച്, അതിലെ കഥാപാത്രമായ പല്ലവിയെ കുറിച്ച്, താനെന്ന വ്യക്തിയെ കുറിച്ച്… ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് മനസ് തുറക്കുകയാണ് പാര്‍വ്വതി.
പല്ലവി രവീന്ദ്രന് എന്ന കഥാപാത്രത്തെ കുറിച്ച്?
അതിജീവനത്തെ കുറിച്ച് രണ്ടു തവണ ചിന്തിക്കാത്ത ഒരാളാണ് പല്ലവി. വേദനയെ കുറിച്ചും സഹനത്തെ കുറിച്ചുമെല്ലാം നമുക്ക് ചില കാഴ്ചപ്പാടുകളുണ്ട്. ഉള്‍വലിഞ്ഞ് ജീവിക്കുന്നവരും, അധികം സംസാരിക്കാതെ, ചുറ്റുപാടില്‍ നിന്നും ഒരു അകലം പാലിച്ചും ജീവിക്കാത്തവരൊന്നും വേദനിക്കുന്നവരല്ലെന്നൊരു ധാരണയുണ്ട്. എന്റെ കാര്യം തന്നെ ഉദാഹരണമായി എടുക്കാം. ഞാന്‍ ഒരുപാട് സംസാരിക്കും, ഉച്ചത്തില്‍ ചിരിക്കും, മുടി കളര്‍ ചെയ്യും, ഞാന്‍ ഒരുപാട് യാത്ര ചെയ്യും. പക്ഷെ എന്റെ ജീവിത്തില്‍ സംഭവിച്ച കാര്യങ്ങളെ അതിജീവിക്കാന്‍ എനിക്ക് സാധിക്കുന്നു എന്നതാണ്. ട്രോമ എന്നത് എന്റെ നിയന്ത്രണത്തില്‍ അല്ല. പക്ഷെ ഞാന്‍ എനിക്ക് ഇഷ്ടമുള്ളതുപോലെ എനിക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്ത് ജീവിക്കുന്നു.
ഒന്ന് സ്വയം വിശലകലനം ചെയ്ത് നോക്കിയാല്‍ മതി. ട്രോമയിലൂടെ കടന്നു പോകുന്ന ഒരാളെ കാണുമ്പോള്‍ അയാള്‍ പൊട്ടിച്ചിരിക്കുകയാണെങ്കില് ഒരു പരിധിവരെയൊക്കെ നമ്മള് വിചാരിക്കും എന്തൊരു സന്തോഷമാണല്ലേ എന്ന്. പക്ഷെ അവര്‍ പൊട്ടിച്ചിരിക്കുക മാത്രമല്ല, അവര്‍ക്ക് ചെയ്യാനിഷ്ടമുള്ളതൊക്കെ ചെയ്യുന്നു. അത് കാണുമ്പോള്‍ നമ്മള് കരുതും ഓഹ്, അപ്പോള്‍ അവര്‍ അത്രയൊന്നും അനുഭവിച്ചിട്ടുണ്ടാകില്ല എന്ന്. ട്രോമയിലൂടെ കടന്നു പോകുന്ന ആളുകള്‍ കാഴ്ചയിലും അങ്ങനെ തന്നെ ആയിരിക്കണം എന്നൊരു മുൻവിധി നമുക്കുണ്ട്. സഹനത്തെ കുറിച്ചുള്ള നമ്മുടെയൊരു കാഴ്ചപ്പാട് അതാണ്. എനിക്കും ഉണ്ടായിരുന്നു അത്തരം മുന്‍വിധികള്‍. അതാണ് പല്ലവി മാറ്റിയത്.
കഥാപാത്രമായി മാറാന്‍ നടത്തിയ തയ്യാറെടുപ്പുകള്‍?
ഒരു കഥാപാത്രമായി മാറാന്‍ എന്നെ ആദ്യം സഹായിക്കുന്നത് തിരക്കഥയാണ്. പ്രീ പ്രൊഡക്ഷന്‍ സമയത്ത് തിരക്കഥാകൃത്തും സംവിധായകനുമായുള്ള ചര്‍ച്ചകളാണ് കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ അറിയാനും മനസിലാക്കാനും എന്നെ സഹായിക്കാറുള്ളത്. ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു ഫോര്‍മുലയൊന്നും നമുക്ക് സൃഷ്ടിക്കാന്‍ സാധിക്കില്ല. ഓരോ കഥാപാത്രവും അവതരിപ്പിക്കുമ്പോള്‍ അതിലേക്കുള്ള വഴി തെളിഞ്ഞുവരികയാണ് പതിവ്.
കഥാപാത്രത്തിന്റെ ആന്തരിക യാത്രകളെ കുറിച്ച് പരമാവധി പഠിക്കാം. അവരുടെ ചിന്ത, അവര്‍ കടന്നു പോകുന്ന വൈകാരിക അവസ്ഥകള്‍… ചില ബാഹ്യമായ കാര്യങ്ങള്‍ അവരുടെ ആന്തരിക യാത്രയെ ബാധിക്കും. എന്തുകൊണ്ട് അവര്‍ ചില നിറങ്ങള്‍ ഇഷ്ടപ്പെടുന്നു, എന്തുകൊണ്ട് ചില കാലാവസ്ഥകള്‍ അവര്‍ക്ക് ഇഷ്ടമല്ലാതാകുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ പഠിക്കാന്‍ ശ്രമിക്കും. പല്ലവിയുടെ കാര്യത്തില്‍, പലരോടും സംസാരിക്കുമ്പോഴുള്ള അവരുടെ പ്രതികരണങ്ങള്‍, ഭാവങ്ങള്‍ ഇതൊക്കെ മനസിലാക്കാനായിരുന്നു ശ്രമം.
ആസിഡ് അറ്റാക്ക് കഴിഞ്ഞ ഒരാളെ കുറിച്ച് നമ്മള് സാധാരണ കാണുന്ന ചില വിവരണങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും ആദ്യം അവരുടെ രൂപം തന്നെയായിരിക്കും. പക്ഷെ അതിലുമപ്പുറം വേറെ ചില കാര്യങ്ങള്‍ ഉണ്ട്. അവരുടെ ദൈനം ദിന ജീവിതം അവര്‍ എങ്ങനെ ജീവിക്കുന്നു എന്നത് പഠിക്കാനും മനസിലാക്കാനുമാണ് ഞാന്‍ ശ്രമിച്ചിത്.
ആസിഡ് അറ്റാക്കിനു ശേഷമുള്ള പല്ലവിയായി പാര്‍വ്വതി സ്വന്തം രൂപം കണ്ണാടിയില്‍ കണ്ടപ്പോള്‍ എന്ത് തോന്നി?
തീര്‍ത്തും പ്രായോഗികമായ ഒരുപാട് ചര്‍ച്ചകള്‍ സിനിമയ്ക്ക് മുമ്പ് ഉണ്ടായിട്ടുണ്ട്. പല്ലവിയായി എന്നെ കാണുമ്പോള്‍ ചെറുതായെങ്കിലും അതെന്നെ ബാധിക്കും എന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷെ, അതുണ്ടായില്ല. ഒരു സെക്കന്‍ഡ് പോലും എന്റെ ഉള്ളില്‍ ഒരു പതര്‍ച്ച ഉണ്ടായില്ല. അതിന് മുമ്പ് ഞാന്‍ ഷീറോസില്‍ പോയി മറ്റുളളവരെ കണ്ട് സമയം ചിലവഴിച്ചതുകൊണ്ടാകും. അപ്പോൾ നമ്മള് പഠിക്കുന്ന ഒരു കാര്യമെന്തെന്നാല്‍, അവരുടെ മുഖത്ത് നോക്കി സംസാരിക്കാന്‍ നമ്മള് നമ്മളെ തന്നെ പരിശീലിപ്പിക്കും. അത് അവര്‍ക്ക് നമ്മള് കൊടുക്കേണ്ട മിനിമം ബഹുമാനമാണ്.
നോക്കൂ, ഒരു അഭിനേതാവ് എന്ന നിലയില്‍ പലപ്പോഴും മെയ്ക്കപ്പിലോ അല്ലാതെയോ ഒക്കെ നില്ക്കുമ്പോള് ആളുകള്‍ എന്നെ നോക്കാറുണ്ട്. അത് ചിലപ്പോള്‍ നല്ലതായും മോശമായും ബാധിക്കും. ഒരു അവബോധമാണ്. ആളുകള്‍ നമ്മളെ തന്നെ നോക്കുന്നു. നമ്മള് നേരില്‍ സംസാരിക്കുമ്പോള്‍ മുഖത്ത് നോക്കിയാണ് സംസാരിക്കാറുള്ളത്. അപ്പോള്‍ ഞാന്‍ ചിലപ്പോള്‍ നിങ്ങളുടെ കണ്ണുകളില്‍ നോക്കും, മുടിയില്‍ നോക്കും. പക്ഷെ ഇവരുമായി സംസാരിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ നമ്മള് വേറെ എങ്ങോട്ടെങ്കിലുമാകും നോക്കുക. ചില സമയത്ത് നോക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാകും. കാരണം അവര്‍ കടന്നു പോകുന്ന അവസ്ഥയെ കുറിച്ചുള്ള ബോധ്യമാകും.
ഈ മെയ്ക്കപ്പിട്ട് കണ്ണാടിയില്‍ എന്നെ കാണുമ്പോള്‍ എനിക്ക് അസാധാരണമായി ഒന്നും തോന്നിയില്ല. പക്ഷെ സെറ്റിലുള്ളവര്‍ ഞെട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഈ മെയ്ക്കപ്പിട്ട് ഞാന്‍ പുറത്തിറങ്ങുമ്പോള്‍ സെറ്റിന് പുറത്തുള്ളവരും അത് വഴി നടക്കുന്നുണ്ടാകും. അവര്‍ ചിലപ്പോള്‍ ഞെട്ടും, മറ്റ് ചിലര്‍ മുഖം തിരിക്കും. ശരിക്കും എന്റെ മുഖത്ത് അതില്ലാതിരുന്നിട്ട് പോലും മറ്റുള്ളവരുടെ പ്രതികരണം എന്നെ എത്രത്തോളം ബാധിച്ചു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ ശരിക്കും ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവരുടെ അവസ്ഥ എന്തായിരിക്കും? നമ്മുടെ സമൂഹത്തില്‍ രൂപത്തിന് എത്രത്തോളം പ്രാധാന്യം നല്കുന്നു എന്നത് മനസിലാക്കാന്‍ അത് കുറച്ചെങ്കിലും സഹായിക്കും. അതുകൊണ്ടു തന്നെ എന്നെ സംബന്ധിച്ചിടത്തോളം കണ്ണാടിയില്‍ കണ്ട എന്റെ രൂപം ഒട്ടും ഞെട്ടിച്ചില്ല. പക്ഷെ ഇരുപത് മണിക്കൂറോളം ആ മെയ്ക്കപ്പ് ഇട്ട് നില്‍ക്കുന്നത് ശാരീരികയമായി വളരെ പ്രയാസമുണ്ടാക്കിയിരുന്നു.
ആസിഫും ടൊവിനോടുമാണ് ഉയരെയിലെ സഹതാരങ്ങള്‍. മുമ്പും ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിനേതാക്കള്‍ എന്ന നിലയില്‍ പരസ്പരം നിങ്ങളുടെ കോണ്ട്രിബ്യൂഷന്?
‘എന്ന് നിന്റെ മൊയ്തീനി’ല്‍ അപ്പുവേട്ടന് എന്ന കഥാപാത്രമായി ടൊവിനോ ഉണ്ടായിരുന്നു. പിന്നീട് ‘ചാര്‍ളി’യില്‍ എന്റെ സഹോദരനായും അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിന്റെ സെറ്റില്‍ ചില അഭിനേതാക്കളോട് നമുക്ക് കഥാപാത്രങ്ങളെ കുറിച്ച് ഒരുപാട് സംസാരിക്കാന്‍ സാധിക്കും. അവരുടെ കുട്ടിക്കാലം എങ്ങനെയായിരുന്നിരിക്കും, അവര്‍ എന്തൊക്കെ ചെയ്തിരിക്കും എന്നൊക്കെ. അത്തരം ഒരു ചര്‍ച്ചയ്ക്കുള്ള സാധ്യത ടൊവിനോയമായി ഉണ്ട്. വിശാല്‍-പല്ലവി എന്നീ കഥാപാത്രങ്ങള്‍ തമ്മിലുള്ള കെമിസ്ക്ട്രി ഇതിനു മുമ്പ് കാണാത്തതും വളരെ ഫ്രഷ് ആയിട്ടുള്ളതുമാണ്. അഭിനയിക്കുമ്പോള്‍ ടൊവിനോ ഓരോ ചെറിയ കാര്യങ്ങളില്‍ പോലും അത്രയും ശ്രദ്ധിക്കും. അതില്‍ ഒരുപൊടിക്കു പോലും കുറവ് വന്നിട്ടില്ല. ഒരു സഹപ്രവര്‍ത്തക എന്ന നിലയില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു അതില്‍. സിനിമയോട് വല്ലാത്ത പ്രണയമാണ് ടൊവിനോയ്ക്ക്.
‘ഋതു’ എന്ന സിനിമ മുതല്‍ ആസിഫിനെ നമുക്ക് അറിയാം. ഇപ്പോഴും സ്വയം രാകി മിനുക്കിക്കൊണ്ടിരിക്കുന്ന ആളാണ് ആസിഫ്. എത്ര അംഗീകാരങ്ങള്‍ വന്നാലും, ഇപ്പോഴും ഒരു സീന്‍ കൊടുത്തു കഴിഞ്ഞാല്‍ അത് പരമാവധി നന്നാക്കണം എന്നുള്ള ചിന്തയുണ്ട് ആസിഫിന്. ചില സീന്‍സില്‍ ഡയലോഗ് പറയാന്‍ ഉദ്ദേശിച്ച രീതിയില്‍ നിന്നും ഒന്ന് മാറ്റിപ്പറഞ്ഞു നോക്കാനൊക്കെ ആസിഫ് പറയും. പിന്നെ പറയും മറ്റേത് തന്നെ പറഞ്ഞാല്‍ മതി, അതാണ് രസം എന്ന്. അങ്ങനെ നമ്മളെയും ഹെല്‍പ്പ് ചെയ്യുന്ന ഒരാളാണ്. ‘ഉയരെ’യിലെ പാട്ട് പുറത്തു വന്നിട്ടുണ്ട്. അത് കണ്ടാല്‍ നിങ്ങള്‍ക്ക് മനസിലാകും. പല്ലവിയായി മാറാന്‍ എനിക്ക് ബുദ്ധിമുട്ടില്ല. കാരണം ആസിഫ് ഗോവിന്ദാകുന്നുണ്ട്.
സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ ഏറെ വിര്മശിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ പാര്‍വ്വതി ഇപ്പോഴും നിലപാടുകളില്‍ ഉറച്ചാണ് സംസാരിക്കുന്നത്. പുതിയ ചിത്രം റിലീസിനോട് അടുക്കുമ്പോള്‍ കുറച്ച് ശ്രദ്ധിച്ചൊക്കെ സംസാരിക്കണം എന്ന തരത്തിലുള്ള ഉപദേശങ്ങള്‍?
തീര്‍ച്ചയായും അങ്ങനെ ആളുകള്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ ഒരു ചോദ്യം ചോദിക്കുകയാണെങ്കില്‍ എനിക്ക് സത്യമേ പറയാന്‍ സാധിക്കൂ എന്ന് ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ശീലിച്ചത് അതാണ്. സത്യം പറയുന്നതിന്റെ പേരില്‍ ഞാന്‍ ഒരിക്കലും ഖേദിക്കില്ല. ചെറുപ്പം മുതലേ കണ്‍വീനിയന്‍സിനു വേണ്ടിയും കംഫര്ട്ടിനു വേണ്ടിയും നമ്മളെ സത്യം പറയാതെ ശീലിപ്പിക്കുകയും, അത് നമ്മുടെ സമൂഹത്തെ ഒരുപാട് ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ പറയുന്നത് ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ കൂടിയാകും. അതുകൊണ്ട് ഇക്കാര്യങ്ങളെ കുറിച്ച് മിണ്ടാതിരിക്കുക എന്നത് വളരെ തെറ്റായ ഒരു തീരുമാനമാണ്.
Read More: എന്നോടെന്നും അടുത്തു നിൽക്കുന്നവൾ ‘ചാർലി’യിലെ ടെസ: പാർവ്വതി
ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ ഭയന്നാണ് മിണ്ടാതിരിക്കാന്‍ പലരും പറയുന്നത്. പക്ഷെ എത്ര കാലമാണ് ഇങ്ങനെ ഭയന്ന് മിണ്ടാതിരിക്കുക? ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നെങ്കില്‍, പഴയ ശീലത്തെ തന്നെയാണ് പരിപോഷിപ്പിക്കുന്നത്. ഇനി വരുന്ന ആളുകള്‍ക്കും സംസാരിക്കാന്‍ പറ്റില്ല. എനിക്ക് മുമ്പുണ്ടായിട്ടുള്ള സ്ത്രീകളും പുരുഷന്മാരും ട്രാന്‍സ് വ്യക്തികളും സത്യം പറയാന്‍ ഭയക്കാതിരുന്നതുകൊണ്ടാണ് എനിക്ക് ഇത്രയും ജീവിക്കാനും ഇവിടെ നില്‍ക്കാനും സാധിക്കുന്നത്. അവരാണ് വഴി വെട്ടിത്തെളിച്ചത്. എന്റെ ധാര്‍മ്മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തമാണ് എനിക്ക് പുറകെ വരുന്നവര്‍ക്ക് നടക്കാന്‍ ആ വഴിയ്ക്ക് തുടര്‍ച്ചയുണ്ടാക്കുക എന്നത്. എന്റെ ബലഹീനതകള്‍ എന്നത് എനിക്ക് മുമ്പെ വന്നവര്‍ നിശബ്ദമായതാണ്. അതിനാല്‍ അവരോട് വന്ന് ചരിത്രത്തിന്റെ ശരിയായ ഭാഗമാകൂ എന്ന് പറയേണ്ടത് എന്റെ കടമയാണ്. ചരിത്രത്തിന്റെ, രാജ്യത്തിന്റെ, ലോകത്തിന്റെ ശരിയായ ഭാഗമാകുക.
‘ഇത്തരം നായകത്വം നമുക്ക് വേണ്ട’, ‘എനിക്കുവേണ്ട അവസരങ്ങൾ ഞാൻ ഉണ്ടാക്കും‘. പാര്‍വ്വതി പറഞ്ഞ, മറ്റാരും പറയാത്ത സ്റ്റേറ്റ്മെന്റാണ്. ഇതിലൂടെ ഇനിയൊരുക്കലും നിശബ്ദയാകാനോ മാറിനില്ക്കാനോ സാധിക്കാത്ത ഒരു മൂവ്മെന്റിന്റെ ഭാഗമായില്ലേ?
സത്യം ഞാന്‍ പറയട്ടെ, തനിച്ചായിരുന്നെങ്കില്‍ എനിക്കൊരിക്കലും ഇത് സാധിക്കുമായിരുന്നില്ല. റിമ, അഞ്ജലി മേനോന്, ബീനാ പോള്‍, വിധു വിന്‍സെന്റ്, ഗീതു മോഹന്‍ദാസ്, സജിത മഠത്തില്‍ തുടങ്ങിയവരുടെയെല്ലാം അഭിമുഖങ്ങള്‍ എടുത്തു നോക്കുകയാണെങ്കില്‍ അവര്‍ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. ഇവരൊക്കെ വഴിവെട്ടിത്തെളിച്ചവരാണ്. ഞാന്‍ പറഞ്ഞപ്പോള്‍ ആ സമയത്ത് അത് മുമ്പത്തെക്കാള്‍ പൊട്ടിത്തെറിയുണ്ടാക്കി. ഞാന്‍ അനുഭവിച്ച ഓണ്‍ലൈന്‍ ആക്രമങ്ങളെല്ലാം റിമയും അനുഭവിച്ചിട്ടുണ്ട്. അന്ന് സോഷ്യല്‍ മീഡിയയില്‍ ഈ ചര്‍ച്ച കുറവായിരുന്നു. നമ്മളെല്ലാവരും ഡബ്ല്യൂസിസി എന്നൊരു കൂട്ടായ്മയുടെ കീഴില്‍ വരുമ്പോള്‍ അവിടെ ലഭിക്കുന്നൊരു സുരക്ഷിതത്വം ഉണ്ട്. ഞങ്ങള്‍ പരസ്പരം മനസിലാക്കുന്നു. ആരെയും അടിച്ച് താഴ്ത്താനല്ല, ഒരുമിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ശ്രമമാണ് എന്ന കാര്യം മറ്റുള്ളവരെ മനസിലാക്കിക്കാനുള്ള നിരന്തര ശ്രമങ്ങളാണ്. എനിക്കത് തനിച്ച് സാധിക്കില്ല. എന്റെ സഹോദരങ്ങളുടെ സഹായം ആവശ്യമാണ്. ഒരാള്‍ കൂടി സ്ത്രീ വിരുദ്ധതയുടേയോ പുരുഷാധിപത്യത്തിന്റെയോ ഇരയായി മാറരുത്. തുറന്ന് സംസാരിക്കുന്നതിന്റെ ഒരു ശക്തി ഞാന്‍ മനസിലാക്കിയത് ഈ കൂട്ടായ്മയിലൂടെയാണ്. സ്ത്രീകളും, പുരുഷന്മാരും, ട്രാന്‍സ് വ്യക്തികളുമെല്ലാമുണ്ട് പിന്തുണ അറിയിക്കുന്നവരില്‍.
എന്റെ അച്ഛനും സഹോദരനും ആണ് ഞാന്‍ ജീവിതത്തില്‍ ആദ്യം കണ്ട ഫെമിനിസ്റ്റുകൾ. ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നു. വിയോജിക്കുമ്പോള്‍ പോലും ബഹുമാനിക്കുന്നു. മനുഷ്യമനസിന് ബഹുമാനത്തോടെ പിണങ്ങാനുള്ള കഴിവുണ്ടെങ്കില്‍ നമുക്ക് അത് എന്തുകൊണ്ട് പഠിച്ചുകൂടാ എന്നാണെന്റെ ചോദ്യം.
സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ വായിക്കുമ്പോള്‍ എന്താണ് തോന്നിയിട്ടുള്ളത്?
തുടക്കത്തില്‍ ഞാന്‍ അതിനൊക്കെ മറുപടി നല്‍കുമായിരുന്നു. സംഭവിച്ചതെന്താണെന്ന് പറയുമായിരുന്നു. പക്ഷെ എന്നെ തെറ്റിദ്ധരിക്കാന്‍ തീരുമാനിച്ച് നില്ക്കുന്നവരോട് അത് പറഞ്ഞിട്ട് കാര്യമില്ലെന്ന് എനിക്ക് മനസിലായി. പിന്നെയാണ് ഭീഷണികള്‍ വന്ന് തുടങ്ങിയത്. അത് ക്രിമിനില്‍ കുറ്റമാണല്ലോ. പിന്നെ എന്റെ ജോലി ഈ കമന്റുകളെല്ലാം സ്ക്രീന്‍ ഷോട്ട് എടുക്കുകയായിരുന്നു. ഒരു ദിവസം ആയിരക്കണക്കിന് കമന്റുകളാണ് ഞാന്‍ സ്ക്രീന്‍ഷോട്ട് എടുക്കുന്നത്. എനിക്കിതൊരു പഠനമായി. രാവിലെ എണീക്കുക, സ്ക്രീന്‍ഷോട്ട് എടുക്കുക വക്കീലിന് അയയ്ക്കുക. പിന്നെ വക്കീലിനെ പോയി കണ്ട് അവരുടെ കൂടെ ഇരുന്ന് സംസാരിക്കുക. നമ്മുടെ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്കായുള്ള നിയമങ്ങളില്‍ ഒരുപാട് പഴുതുകളുണ്ടന്ന് ഇതിലേക്ക് ഇറങ്ങിയപ്പോഴാണ് മനസിലായത്.
അന്നെന്റെ ചില സുഹൃത്തുക്കള്‍ വിളിച്ച് പറയുമായിരുന്നു നീയിതൊന്നും വായിച്ച് വിഷമിക്കരുത് എന്ന്. ഞാന്‍ വിഷമിക്കുന്നില്ല. അവരെന്ത് പറഞ്ഞാലും ഞാന്‍ ആരാണെന്ന് എനിക്കറിയാമല്ലോ. എന്നെ വേദനിപ്പിച്ച ഒന്നുരണ്ട് കാര്യങ്ങളേ ഉണ്ടായിട്ടുള്ളൂ. സ്ത്രീകള്‍ മോശം വാക്കുകളൊക്കെ ഉപയോഗിച്ച് കാണുമ്പോഴാണ്. മറ്റൊന്ന്, ഇതൊക്കെ മാറ്റിവച്ച് എല്ലാവര്ക്കും സുഖമായും സന്തോഷമായും ഇരുന്നുകൂടെ എന്ന ഉപദേശം കേള്‍ക്കുമ്പോള്‍. കണ്ണടച്ച് ഇരുട്ടാക്കലെന്ന ഒരു പ്രവണതയ്ക്ക് വേണ്ടി നമ്മള് ആത്മാഭിമാനം വിട്ടു കൊടുക്കണം എന്നത് ശരിയല്ലല്ലോ.
അഭിനേതാക്കള്‍ പലരും സംവിധാനത്തിലേക്ക് വരുന്ന കാലമാണ്. പാര്‍വ്വതിയില്‍ നിന്നും എപ്പോഴാണ് ഒരു സിനിമ പ്രതീക്ഷിക്കാന്‍ കഴിയുക?
എന്നാണ് എന്നെനിക്ക് അറിയില്ല, പക്ഷെ എന്തായാലും പ്രതീക്ഷിക്കാം. എന്റെയൊരു പൂര്‍ണതയ്ക്ക് വേണ്ടി ഞാന്‍ ചെയ്യാന്‍ പോകുന്ന കാര്യം കൂടിയാണത്. ഞാന്‍ സിനിയെടുക്കും എന്ന് പറയുന്നതിനുള്ള ഒരു മുഖ്യ കാരണം, എന്റെ ചുറ്റുമുള്ളവര്‍ എനിക്ക് തന്നിട്ടുള്ള ആത്മവിശ്വാസമാണ്. എനിക്ക് എന്റെ മേല്‍ ഉള്ളതിനെക്കാള്‍ വിശ്വാസം പലപ്പോഴും അവര്‍ക്കുണ്ട്. ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിവുള്ള കുറേ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉണ്ട്. അതുകൊണ്ടു തന്നെ ഏറെ പ്രതീക്ഷയാണ്.
*ആസിഡ് ആക്രമണങ്ങളെ അതിജീവിച്ച സ്ത്രീകൾ നടത്തുന്ന ആഗ്രയിലെ കഫെയാണ് ഷീറോസ്