മലയാള സിനിമയില്‍ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പാര്‍വ്വതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ നവാഗതനായ മനു അശോക് സംവിധാനം ചെയ്ത ‘ഉയരെ’. കേരളത്തിനകത്തും പുറത്തും, ഇന്ത്യയ്ക്ക് പുറത്തുമെല്ലാം ചിത്രം നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ഉയരെയേയും പാര്‍വ്വതിയേയും അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിച്ചുകൊണ്ട് തെലുങ്ക് താരം സാമന്ത അക്കിനേനി രംഗത്തെത്തി.

ട്വിറ്ററിലൂടെയാണ് സാമന്ത ഇക്കാര്യം പറഞ്ഞത്. ഉയരെ കണ്ടു എന്നു പറഞ്ഞുകൊണ്ടാണ് സാമന്തയുടെ ട്വീറ്റ് തുടങ്ങുന്നത്.
‘അത് നിങ്ങളില്‍ ദേഷ്യമുണ്ടാക്കും, നിങ്ങളെ കരയിക്കും, നിങ്ങളെ ചിന്തിപ്പിക്കും, സ്‌നേഹിപ്പിക്കും, നിങ്ങളില്‍ പ്രതീക്ഷ വളര്‍ത്തും, നിങ്ങളെ പ്രചോദിപ്പിക്കും. നന്ദി പാര്‍വ്വതി. നീ ഞങ്ങളുടെ അഭിമാനമാണ്. സംവിധാനയകന്‍ മനു, തിരക്കഥാകൃത്തുക്കള്‍ ബോബി-സഞ്ജയ്, അണിയറപ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍,’ സാമന്ത കുറിച്ചു. സാമന്തയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഈ ട്വീറ്റ് പാര്‍വ്വതി റീ ട്വീറ്റ് ചെയ്യുകയുമുണ്ടായി.

ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രമായാണ് പാര്‍വ്വതി ചിത്രത്തില്‍ വേഷമിട്ടത്. ഏറെ കൈയ്യടികള്‍ നേടിയ വേഷമായിരുന്നു പല്ലവി. തന്റെ അഭിനയ ശൈലികൊണ്ടും കഥാപാത്രത്തിന്റെ കരുത്തുകൊണ്ടും പാര്‍വ്വതി പല്ലവിയെ മികവുറ്റതാക്കി.

Read More: ‘സധൈര്യം മുന്നോട്ട്’: തിരുവനന്തപുരത്ത് കുട്ടികള്‍ക്കായി ‘ഉയരെ’യുടെ പ്രത്യേക പ്രദര്‍ശനം

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റും നവാഗതനുമായ മനു അശോകനാണ് ‘ഉയരെ’യുടെ സംവിധായകന്‍. ബോബി-സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ടൊവിനോ തോമസും ആസിഫ് അലിയും നായകന്മാരായപ്പോള്‍ പാര്‍വതിയുടെ അച്ഛന്റെ വേഷത്തില്‍ എത്തിയത് സിദ്ദിഖ് ആണ്. പ്രതാപ് പോത്തന്‍, പ്രേം പ്രകാശ്, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കി ‘ഉയരെ’ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നിര്‍മ്മിക്കുന്ന ചിത്രം കൂടിയായിരുന്നു. പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്ന, ഷേര്‍ഗ എന്നിവരാണ് ഗൃഹലക്ഷ്മിയുടെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചത്.

Read More: യഥാര്‍ത്ഥ പ്രതിഭകളെ ഇരുളിലേക്ക് തള്ളിമാറ്റാന്‍ കഴിയില്ലെന്ന് ഈ പെണ്‍കുട്ടി തെളിയിച്ചു: ‘ഉയരെ’യ്ക്കും പാർവ്വതിക്കും കൈയ്യടിച്ച് മന്ത്രി കെ.കെ.ശൈലജ

അതിജീവനത്തെ കുറിച്ച് രണ്ടു തവണ ചിന്തിക്കാത്ത ഒരാളാണ് പല്ലവി എന്നാണ് ‘ഉയരെ’യിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പാര്‍വ്വതി നേരത്തെ പ്രതികരിച്ചത്.

‘വേദനയെ കുറിച്ചും സഹനത്തെ കുറിച്ചുമെല്ലാം നമുക്ക് ചില കാഴ്ചപ്പാടുകളുണ്ട്. ഉള്‍വലിഞ്ഞ് ജീവിക്കുന്നവരും, അധികം സംസാരിക്കാതെ, ചുറ്റുപാടില്‍ നിന്നും ഒരു അകലം പാലിച്ചും ജീവിക്കാത്തവരൊന്നും വേദനിക്കുന്നവരല്ലെന്നൊരു ധാരണയുണ്ട്. എന്റെ കാര്യം തന്നെ ഉദാഹരണമായി എടുക്കാം. ഞാന്‍ ഒരുപാട് സംസാരിക്കും, ഉച്ചത്തില്‍ ചിരിക്കും, മുടി കളര്‍ ചെയ്യും, ഞാന്‍ ഒരുപാട് യാത്ര ചെയ്യും. പക്ഷെ എന്റെ ജീവിത്തില്‍ സംഭവിച്ച കാര്യങ്ങളെ അതിജീവിക്കാന്‍ എനിക്ക് സാധിക്കുന്നു എന്നതാണ്. ട്രോമ എന്നത് എന്റെ നിയന്ത്രണത്തില്‍ അല്ല. പക്ഷെ ഞാന്‍ എനിക്ക് ഇഷ്ടമുള്ളതുപോലെ എനിക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്ത് ജീവിക്കുന്നു,” തന്റെ പല കാഴ്ച്ചപ്പാടുകളും തിരുത്താന്‍ പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രം സഹായിച്ചുവെന്നും പാര്‍വ്വതി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook