ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങിയ ചിത്രമായിരുന്നു ‘ഉയരെ’. ചിത്രത്തിൽ ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയായി വേഷമിട്ടത് പാർവ്വതി തിരുവോത്തായിരുന്നു. അഭിനയമികവു കൊണ്ടും കഥാപാത്രത്തിന്റെ പൂർണത കൊണ്ടും ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ‘ഉയരെ’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടർന്നു കൊണ്ടിരിക്കുമ്പോൾ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ആസിഡ് അറ്റാക്കിനു ശേഷമുള്ള കഥാപാത്രത്തിന്റെ വേഷപ്പകർച്ച ചിത്രീകരിച്ചത് എങ്ങനെയെന്നതു വ്യക്തമാക്കുന്നതാണ് മേക്കിംഗ് വീഡിയോ. പാർവ്വതിയുടെ മേക്കപ്പ് സെക്ഷനും വിശദമായി തന്നെ വീഡിയോയിൽ പ്രതിപാദിച്ചിട്ടുണ്ട്.

ബാംഗ്ലൂരിൽ നിന്നുള്ള പ്രോസ്തെറ്റിക് ആർട്ടിസ്റ്റുകളായ സുബി ജോഹൽ, രാജീവ് സുബ്ബ എന്നിവരാണ് പാർവ്വതിയുടെ ‘ഉയരെ’ മേക്ക് ഓവറിനു പിറകിൽ. ബാംഗ്ലൂരിൽ ‘ഡേട്ടി ഹാൻഡ്സ് സ്റ്റുഡിയോ’ എന്ന പേരിൽ സ്റ്റുഡിയോ നടത്തുന്ന ഇരുവരും പത്തുവർഷത്തിലേറെയായി ഈ രംഗത്ത് വർക്ക് ചെയ്യുന്നവരാണ്. അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നും ബിരുദാനന്തരബിരുദം നേടിയവരാണ് സുബിയും രാജീവും.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റും നവാഗതനുമായ മനു അശോകനാണ് ‘ഉയരെ’യുടെ സംവിധായകന്‍. ബോബി-സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ടൊവിനോ തോമസും ആസിഫ് അലിയും നായകന്മാരായപ്പോൾ പാര്‍വതിയുടെ അച്ഛന്റെ വേഷത്തില്‍ എത്തിയത് സിദ്ദിഖ് ആണ്. പ്രതാപ് പോത്തന്‍, പ്രേം പ്രകാശ്, അനാർക്കലി മരക്കാർ എന്നിവരാണ് മറ്റു താരങ്ങള്‍. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കി ‘ഉയരെ’ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നിര്‍മ്മിക്കുന്ന ചിത്രം കൂടിയായിരുന്നു. പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്‌ന, ഷേര്‍ഗ എന്നിവരാണ് ഗൃഹലക്ഷ്മിയുടെ ബാനറിൽ ചിത്രം നിർമ്മിച്ചത്.

” അതിജീവനം മാത്രമല്ല, ബന്ധങ്ങള്‍ കൂടിയാണ് ‘ഉയരെ’. പരസ്പരം ഉയരാനുള്ള അവസരങ്ങള്‍ ഒരുക്കുന്ന, ഉപാധികളില്ലാത്ത ബന്ധങ്ങളെ നമുക്ക് ‘ഉയരെ’യില്‍ കാണാം. കാമുകി എന്ത് കഴിക്കണമെന്നും എന്ത് ധരിക്കണമെന്നും തീരുമാനിക്കുന്ന കാമുകനും ‘ഉയരേ’യില്‍ ഉണ്ട്. സ്‌നേഹത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും, കുറച്ചുകൂടി വ്യക്തതയുള്ള ഒരു ചിത്രം ‘ഉയരെ’ നല്‍കുന്നുണ്ട്. അല്ലെങ്കില്‍, ഇതുവരെ കണ്ട ഡെഫിനിഷന്‍ ‘ഉയരെ’ മാറ്റി എഴുതുകയാണ്. ടോക്‌സിക് ബന്ധങ്ങളെ കുറിച്ചു കൂടിയാണ് ‘ഉയരെ’ സംസാരിക്കുന്നത്,” ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തിന്റെ റിവ്യൂവിൽ ‘ഉയരെ’യെ കുറിച്ച് സന്ധ്യ കെ പി പറയുന്നു.

Read more: Uyare Movie Review: അതിജീവനത്തിന്റെയും ആത്മബന്ധങ്ങളുടെയും ‘ഉയരെ’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook