സമീപ കാലത്തെ മലയാള സിനിമയിൽ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു പാർവ്വതി, ടൊവിനോ, ആസിഫ് അലി എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തിയ ‘ഉയരെ’ എന്ന ചിത്രം. ചിത്രം നൂറ് ദിവസം പിന്നിടുമ്പോൾ സന്തോഷവും നന്ദിയും അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി പാർവ്വതി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പാർവ്വതി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ചിത്രം റിലീസ് ചെയ്തതു മുതൽ സോഷ്യൽ മീഡിയയിലൂടെ ഒരുപാട് പല്ലവിമാരുടേയും ഗോവിന്ദുമാരുടേയും സാരിയമാരുടേയും തുറന്നു പറച്ചിലുകൾ കണ്ടെന്നും ചിത്രം കണ്ട പലരും തനിക്ക് കത്തുകൾ എഴുതിയെന്നും പറഞ്ഞ പാർവ്വതി അതെല്ലാം താൻ ഹൃദയത്തോട് ചേർത്തു നിർത്തുന്നുവെന്നും പറഞ്ഞു. ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച ഉയരെ ടീമിന് പ്രേക്ഷകർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു എന്നും പാർവ്വതി പറഞ്ഞു.

ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രമായാണ് പാര്‍വ്വതി ചിത്രത്തില്‍ വേഷമിട്ടത്. ഏറെ കൈയ്യടികള്‍ നേടിയ വേഷമായിരുന്നു പല്ലവി. തന്റെ അഭിനയ ശൈലികൊണ്ടും കഥാപാത്രത്തിന്റെ കരുത്തുകൊണ്ടും പാര്‍വ്വതി പല്ലവിയെ മികവുറ്റതാക്കി.

Read More: നന്ദി പാർവ്വതി, നീ ഞങ്ങളുടെ അഭിമാനമാണ്; ‘ഉയരെ’ കണ്ട് സാമന്ത

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റും നവാഗതനുമായ മനു അശോകനാണ് ‘ഉയരെ’യുടെ സംവിധായകന്‍. ബോബി-സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ടൊവിനോ തോമസും ആസിഫ് അലിയും നായകന്മാരായപ്പോള്‍ പാര്‍വതിയുടെ അച്ഛന്റെ വേഷത്തില്‍ എത്തിയത് സിദ്ദിഖ് ആണ്. പ്രതാപ് പോത്തന്‍, പ്രേം പ്രകാശ്, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കി ‘ഉയരെ’ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നിര്‍മ്മിക്കുന്ന ചിത്രം കൂടിയായിരുന്നു. പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്ന, ഷേര്‍ഗ എന്നിവരാണ് ഗൃഹലക്ഷ്മിയുടെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചത്.

അതിജീവനത്തെ കുറിച്ച് രണ്ടു തവണ ചിന്തിക്കാത്ത ഒരാളാണ് പല്ലവി എന്നാണ് ‘ഉയരെ’യിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പാര്‍വ്വതി നേരത്തെ പ്രതികരിച്ചത്.

‘വേദനയെ കുറിച്ചും സഹനത്തെ കുറിച്ചുമെല്ലാം നമുക്ക് ചില കാഴ്ചപ്പാടുകളുണ്ട്. ഉള്‍വലിഞ്ഞ് ജീവിക്കുന്നവരും, അധികം സംസാരിക്കാതെ, ചുറ്റുപാടില്‍ നിന്നും ഒരു അകലം പാലിച്ചും ജീവിക്കാത്തവരൊന്നും വേദനിക്കുന്നവരല്ലെന്നൊരു ധാരണയുണ്ട്. എന്റെ കാര്യം തന്നെ ഉദാഹരണമായി എടുക്കാം. ഞാന്‍ ഒരുപാട് സംസാരിക്കും, ഉച്ചത്തില്‍ ചിരിക്കും, മുടി കളര്‍ ചെയ്യും, ഞാന്‍ ഒരുപാട് യാത്ര ചെയ്യും. പക്ഷെ എന്റെ ജീവിത്തില്‍ സംഭവിച്ച കാര്യങ്ങളെ അതിജീവിക്കാന്‍ എനിക്ക് സാധിക്കുന്നു എന്നതാണ്. ട്രോമ എന്നത് എന്റെ നിയന്ത്രണത്തില്‍ അല്ല. പക്ഷെ ഞാന്‍ എനിക്ക് ഇഷ്ടമുള്ളതുപോലെ എനിക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്ത് ജീവിക്കുന്നു,” തന്റെ പല കാഴ്ച്ചപ്പാടുകളും തിരുത്താന്‍ പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രം സഹായിച്ചുവെന്നും പാര്‍വ്വതി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook