ഉസ്താദ് വിലായത് ഖാന്‍റെ മരുമകനും സിതാര്‍ വാദകനുമായ ഉസ്താദ് റയീസ് ഖാന്‍ കറാച്ചിയില്‍ അന്തരിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് ദീര്‍ഘകാലം രോഗ ബാധിതനായിരുന്ന അദ്ദേഹം മരണമടഞ്ഞത്. 77 വയസ്സായിരുന്നു. പത്നി പ്രശസ്ത ഗായിക ബില്‍ക്കീസ്‌ ഖാനും, നാല് മക്കള്‍.

പ്രതിഭാശാലിയായ ഈ കലാകാരന്‍റെ മരണം ഇന്ത്യയിലും പാക്കിസ്ഥാനിലും അധികമാരും ശ്രദ്ധിക്കാതെ പോയി. ഗായിക ലതാ മങ്കേഷ്കര്‍ ട്വിറ്ററിലൂടെ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചപ്പോഴാണ് ഇന്ത്യ ഈ വാര്‍ത്തയറിയുന്നത്.

‘സിതാറിന്‍റെ മാന്ത്രികന്‍ ഉസ്താദ് റയീസ് ഖാന്‍ ഇനി നമ്മുടെയിടയിലില്ല എന്ന വാര്‍ത്ത കേട്ട് അതീവ ദുഃഖിതയാണ് ഞാന്‍. അദ്ദേഹത്തിനെന്‍റെ ഭാവപൂര്‍ണമായ ശ്രദ്ധാഞ്ജലി.’ എന്നാണ് ഇന്ത്യയുടെ വാനമ്പാടി ട്വിറ്ററിൽ കുറിച്ചത്.

ലതാ മങ്കേഷ്കര്‍ – മദന്‍ മോഹന്‍ കൂട്ട് കെട്ടിലെ വിഖ്യാതമായ ഗാനങ്ങള്‍ക്കെല്ലാം തന്നെ സിതാര്‍ വായിച്ചിരുന്നത് റയീസ് ഖാനായിരുന്നു. നൈനോ മേ ബദരാ (മേരാ സായാ) ബൈയ്യാ നാ ധരോ (ദസ്തക്), ആജ് സോച്ചാ തോ ആസു ഭര്‍ ആയേ (ഹന്‍സ്തേ സഖം) തുടങ്ങിയ ഗാനങ്ങളിലെല്ലാം ആ സ്വര പ്രതിഭ തിളങ്ങി.

ഹിന്ദി സിനിമയിലെ ഗസല്‍ സംഗീതത്തിന്‍റെ ശില്പി മദന്‍ മോഹന്‍, സംഗീത സംവിധാന സമയത്ത് ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് അടുത്ത സഹപ്രവര്‍ത്തകയും വിദുഷിയുമായ ലതാ മങ്കേഷ്കറെയല്ല, ഉസ്താദ് റയീസ് ഖാനെയായിരുന്നു എന്നതും ശ്രദ്ധേയമാണ്; റയീസ് ഖാനില്ലാതെ ഗസല്‍ മട്ടിലുള്ള ഒരു ഗാനവും അദ്ദേഹം കമ്പോസ് ചെയ്യുകയോ റെക്കോര്‍ഡ്‌ ചെയ്യുകയോ ഉണ്ടായിട്ടില്ല എന്നതും.

പാക്കീസാ എന്ന ചിത്രത്തിലെ മുഴുവന്‍ പശ്ചാത്തല സംഗീതവും റയീസ് ഖാന്‍റെ വിരല്‍തുമ്പുകളില്‍ നിന്നുതിര്‍ന്നതാണ്. ചിത്രത്തില്‍ ഗുലാം മുഹമ്മദ്‌ ആലപിച്ച ഗാനങ്ങളെപ്പോലെ തന്നെ മനസ്സില്‍ നിന്നും മായാത്തവയാണ് ആ സിതാറൊലികള്‍.

rais khan

കടപ്പാട്: ഫെയ്സ്ബുക്ക്

ഹിന്ദുസ്ഥാനി ക്ലാസ്സിക്കല്‍ ചിട്ടവട്ടങ്ങള്‍ പാലിക്കുന്ന കലാകാരനായിരിക്കെത്തന്നെ, സംഗീതത്തിലെ പുരോഗമന വാദി കൂടിയായിരുന്നു അദ്ദേഹം. അതാവാം അദ്ദേഹത്തെ സിനിമയിലെ ‘സെറ്റ് പീസസ്’ വായിക്കുന്നതില്‍ നിന്നും വിമുഖനാക്കാതിരുന്നത്.

അതിനെക്കുറിച്ച് റയീസ് ഖാന്‍ ഒരിക്കല്‍ പറഞ്ഞതിങ്ങനെ, ‘എന്‍റെ വഴിയിലൂടെ തന്നെ പോകാന്‍, എന്തും സൃഷ്ടിക്കാന്‍ എനിക്ക് സ്വാതന്ത്ര്യം തന്നിരുന്ന ആളാണ്‌ മദന്‍’.

ആ സ്വാത്രന്ത്ര്യത്തിലും സൗഹൃദത്തിലും വിരിഞ്ഞ സൃഷ്ടികള്‍ തന്നെയാണ് ഇന്ത്യ ഇന്നും നെഞ്ചോട് ചേര്‍ത്ത് മൂളുന്നത്. സ്വസ്തി, ഉസ്താദ്!

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook