scorecardresearch

600ൽ പരം സാരികൾ, അതിൽ കമൽ തന്നതും അമ്മ തന്നതും; സാരി കളക്ഷൻ പരിചയപ്പെടുത്തി ഉഷാ ഉതുപ്പ്

അമിതാഭ് ബച്ചൻ സാരി, കമൽ സാരി, പത്മശ്രീ സാരി എന്നിങ്ങനെ നിരവധി കഥകൾ പറയാനുണ്ട് ഉഷ ഉതുപ്പിന്റെ സാരിശേഖരത്തിന്

അമിതാഭ് ബച്ചൻ സാരി, കമൽ സാരി, പത്മശ്രീ സാരി എന്നിങ്ങനെ നിരവധി കഥകൾ പറയാനുണ്ട് ഉഷ ഉതുപ്പിന്റെ സാരിശേഖരത്തിന്

author-image
Entertainment Desk
New Update
Usha Uthup| Usha Uthup latest news| Usha Uthup Saree Obsessions| ഉഷ ഉതുപ്പ്

ഉഷ ഉതുപ്പ്

ഇന്ത്യൻ സംഗീതലോകത്ത് ഒരേ ഒരു ഉഷ ഉതുപ്പേ ഉള്ളൂ. പോപ് സംഗീതസ്വരമായി വേദികൾ കീഴടക്കിയ, രാജ്യം പത്മശ്രീ നൽകി ആദരിച്ച, ചെന്നൈയിൽ ജനിച്ച് കേരളത്തിന്റെ മരുമകളായി മാറിയ ഉഷ ഉതുപ്പ്. പട്ടുസാരിയും വലിയ വട്ടപ്പൊട്ടും കൈനിറയെ വളകളും മുടിയിൽ പൂവും ചൂടി അപാരമായ എനർജിയോടെ വേദികളെ ഇളക്കിമറിക്കുന്ന ആ മുഖമാണ് ഉഷ ഉതുപ്പെന്ന പേരു കേൾക്കുമ്പോൾ ഏവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുക. ശബ്ദത്തിൽ മാത്രമല്ല, ഫാഷനിലും തന്റേതായ ഒരു കയ്യൊപ്പ് ചാർത്താൻ ഉഷ ഉതുപ്പിനു സാധിച്ചിട്ടുണ്ട്.

Advertisment

അപൂർവ്വമായ തന്റെ സാരി ശേഖരത്തെ കുറിച്ചും സാരിയുമായി ബന്ധപ്പെട്ട ഓർമകളെ കുറിച്ചും മനസ്സു തുറക്കുന്ന ഉഷ ഉതുപ്പിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "പൊട്ടുകൾ, വളകൾ, ഷൂസ്, പൂക്കൾ ഇതെല്ലാം എന്റെ ഒബ്സെഷനാണ്. എന്നാൽ അതിലെല്ലാം വച്ച് ഏറ്റവും വലിയ ഒപ്സെഷൻ എനിക്കെന്റെ സാരികളാണ്," ഉഷ ഉതുപ്പ് പറയുന്നു. 600ൽ ഏറെ പ്രിയപ്പെട്ട സാരികൾ ഉഷ ഉതുപ്പിന്റെ സ്വകാര്യശേഖരത്തിലുണ്ട്.

"1969ൽ ആദ്യമായി എനിക്ക് പ്രതിഫലമായി കിട്ടിയത് ഒരു സാരിയായിരുന്നു. അന്നു മുതൽ തുടങ്ങിയതാണ് എന്റെ സാരിയോടുള്ള പ്രണയം.ഓരോ സാരിയ്ക്കും ഓരോ കഥ പറയാനുണ്ട്," തന്റെ സാരി ശേഖരം പരിചയപ്പെടുത്തി ഉഷ ഉതുപ്പ് പറയുന്നു.

Advertisment

അമ്മ സമ്മാനമായി തന്ന സാരി മുതൽ മകൾ അഞ്ജലി സമ്മാനിച്ച പൂജ ബോർഡറും ഗോൾഡൻ ഹംസ മോട്ടീഫുമുള്ള കാഞ്ചിവരം സാരി വരെ തന്റെ സ്വകാര്യ ശേഖരത്തിൽ നിധി പോലെ ഉഷ ഉതുപ്പ് സൂക്ഷിച്ചുവച്ചിട്ടുണ്ട്. "സാരി ഡിസൈനിൽ ചെക്ക്, ഡോട്ട്, സ്ട്രെപ്പ്സ് എന്നിവ ഒരിക്കലും ഔട്ട് ഓഫ് ഫാഷൻ ആവില്ല," എന്നാണ് ഉഷ ഉതുപ്പിന്റെ നിരീക്ഷണം.

അമിതാഭ് ബച്ചൻ സാരി, കമൽ സാരി, പത്മശ്രീ സാരി എന്നിങ്ങനെ മിക്ക സാരികൾക്കും പ്രത്യേകം പേരുകളുമുണ്ട്. കോൻ ബനേഗാ കോർപതിയിൽ പങ്കെടുത്തപ്പോൾ ധരിച്ച സാരിയ്ക്കാണ് ഉഷ അമിതാഭ് ബച്ചൻ സാരിയെന്നു പേരു നൽകിയിരിക്കുന്നത്. കളർ കോമ്പിനേഷൻ കൊണ്ട് അത്ഭുതപ്പെടുത്തുന്ന ആ സാരി അമിതാഭ് ബച്ചനെ പോലെ സ്പെഷലാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.

"ഇതാണ് കമൽഹാസൻ സാരി. കമലിന്റെ പിറന്നാൾ നവംബർ ഏഴിനാണ്, എന്റേത് നവംബർ എട്ടിനും. കമലിൽ നിന്നും എനിക്കു കിട്ടിയ ഗിഫ്റ്റാണിത്," കമൽ സാരിയെ പരിചയപ്പെടുത്തി ഉഷ ഉതുപ്പ് പറയുന്നു.

രാജ്യം പത്മശ്രീ നൽകി തന്നെ ആദരിച്ചപ്പോൾ ആ വേദിയിൽ ധരിച്ച സാരിയ്ക്ക് വാർഡ്രോബിൽ പ്രത്യേകയിടം തന്നെ നൽകിയിട്ടുണ്ട് ഉഷ ഉതുപ്പ്. തനിക്കേറെ ഇഷ്ടമുള്ള നിറമാണ് കറുപ്പെന്നും എന്നാൽ താൻ ബ്ലാക്ക് സിൽക്ക് സാരികൾ ധരിക്കുന്നത് തന്റെ ഭർത്താവിന്റെ അമ്മയ്ക്ക് അത്ര ഇഷ്ടമില്ലെന്നും അവർ പറയുന്നു.

സാരിയ്ക്ക് ഒപ്പം സ്നിക്കേഴ്സും ഷൂസുമൊക്കെ ധരിക്കുന്ന ഉഷ ഉതുപ്പിന്റെ ഫാഷൻ സ്റ്റൈലും ഏറെ ശ്രദ്ധ നേടിയിട്ടുള്ളതാണ്. കാലിനു പ്രശ്നം വന്നു തുടങ്ങിയപ്പോൾ മകളാണ് എങ്കിൽ സ്നിക്കഴ്സ് ഉപയോഗിക്കൂ എന്നു നിർദ്ദേശിച്ചതെന്നും അവർ പറയുന്നു. പിന്നീട് സാരികൾക്കൊപ്പം മാച്ചിംഗ് സ്നിക്കേഴ്സ് ഉപയോഗിച്ച് അതിലും ഒരു സിഗ്നേച്ചർ സ്റ്റൈൽ കൊണ്ടുവരികയായിരുന്നു ഉഷ ഉതുപ്പ്.

ബോംബെയിൽ പോലീസ് കമ്മീഷണർ ആയിരുന്ന ചെന്നൈ സ്വദേശി വൈദ്യനാഥ സോമേശ്വര സ്വാമിയുടെ മകളായാണ് ഉഷ ജനിച്ചത്. ഒൻപതാം വയസ്സുമുതൽ പൊതുവേദികളിൽ പാടി തുടങ്ങിയ ഉഷ പിന്നീട് മൗണ്ട് റോഡിലെ നയൺ ജെംസ് എന്ന നിശാക്ലബ്ബിലെ പാട്ടുകാരിയായി. തുടർന്ന് കൊൽക്കത്തയിലെ ‘ട്രിങ്കാസ്’ നിശാക്ലബ്ബിലും പാടിതുടങ്ങി. അവിടെ വെച്ചാണ് മലയാളിയായ ജനി ചാക്കോ ഉതുപ്പിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഉതുപ്പിനെ വിവാഹം ചെയ്ത ഉഷ കേരളത്തിന്റെ മരുമകളായി മാറി.

ദേവാനന്ദ് സംവിധാനം ചെയ്ത ഹരേ രാമ ഹരേ കൃഷ്ണ (1971) എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള ഉഷ ഉതുപ്പിന്റെ കടന്നുവരവ്. 1972ൽ 'ബോംബെ ടു ഗോവ' എന്ന ഹിന്ദി ചിത്രത്തിൽ അമിതാബ് ബച്ചൻ/ ശത്രുഘ്നൻ സിൻ‌ഹ എന്നിവരോടൊപ്പം അഭിനയിക്കുകയും ചെയ്തു. സംഗീതസംവിധായകരായ ആ.ഡി. ബർമൻ/ബപ്പി ലഹരി എന്നിവർക്ക് വേണ്ടി ധാരാളം ഗാനങ്ങൾ ആലപിച്ചു. ബംഗാളി, ഹിന്ദി, പഞ്ചാബി, അസ്സമീസ്, ഒറിയ, ഗുജറാത്തി, മറാത്തി, കൊങ്ങണി, മലയാളം, കന്നട, തമിഴ്തു, തുളു, തെലുങ്ക് തുടങ്ങി 16 ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷ്, ഡച്ച്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, സിംഹളീസ്, സ്വഹിലി, റഷ്യൻ, നേപ്പാളീസ്, അറബിക്, ക്രേയോൾ, സ്പാനീഷ് തുടങ്ങിയ വിദേശ ഭാഷകളിലും ധാരാളം പാട്ടുകൾ പാടി. 'എന്റെ കേരളം എത്ര സുന്ദരം…’ എന്ന ഉഷ ഉതുപ്പിന്റെ ഗാനവും മലയാളികൾക്കു മറക്കാനാവില്ല.

2006 ൽ ഇറങ്ങിയ പോത്തൻ വാവ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അമ്മയായും അഭിനയിച്ചിരുന്നു. വക്കീലമ്മ എന്ന ആ കഥാപാത്രം ഏറെ ശ്രദ്ധ നേടി.

Fashion Singer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: