മാധവന്‍ നായകനായ ‘ഇരുതി സുട്ര്’ എന്ന ചിത്രം തമിഴ് നാട്ടില്‍ മാത്രമല്ല, മലയാളികള്‍ക്കിടയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ സംവിധായികയായ സുധ കൊങ്കായുടെ അടുത്ത ചിത്രം സൂരറൈ പൊട്രിൽ ഉർവ്വശിയും അഭിനയിക്കുന്നു. തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയും മലയാളികളുടെ പ്രിയ നടി അപര്‍ണ ബാലമുരളിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനും, വ്യവസായിയുമായ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതം പറയുന്ന സിനിമയിലാണ് സൂര്യ നായകനാകുന്നത്. എയര്‍ ഡെക്കാണിന്റെ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥ്, ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റന്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. സിനിമയുടെ ചിത്രീകരണം ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ആരംഭിച്ചത്.

മോഹൻ ബാബു, കരുണാസ്, ജാക്കി ഷ്രോഫ്, പരേഷ് റാവൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജിവി പ്രകാശ് കുമറാണ് സംഗീതം നിർവ്വഹിക്കുന്നത്. ഛായാഗ്രഹണം നികേത് ബൊമ്മി റെഡ്ഡിയും.

സൂര്യയുടെ 38ആം ചിത്രമാണിത്. ‘ഇരുതിസുട്രിന്’ പുറമെ,’ ദ്രോഹി’, ‘ഗുരു’ എന്നീ ചിത്രങ്ങളും സുധ സംവിധാനം ചെയ്തിട്ടുണ്ട്. ഫഹദ് ഫാസില്‍ നായകനായെത്തിയ ‘അകം’ എന്ന മലയാള ചിത്രത്തിന്റെ സംവിധായിക ശാലിനി ഉഷ നായരും സുധ കൊങ്കരയും ചേര്‍ന്നാണ് സൂര്യ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read More: സൂര്യയുടെ അടുത്ത ചിത്രം ‘ഇരുതിസുട്ര്’ സംവിധായികയ്‌ക്കൊപ്പം, നായിക അപര്‍ണ ബാലമുരളിയും

സൂര്യയുടെ നിര്‍മാണ കമ്പനിയായി 2ഡി എന്റര്‍ടെയിന്‍മെന്റും രാജശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ഡ്യനും ഗുണീത് മോംഗയുടെ സിഖ്യ എന്റെര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എഡിറ്റിങ് സതീഷ് സൂര്യ, വസ്ത്രാലങ്കാരം പൂര്‍ണിമ രാമസാമി, പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കി എന്നിവര്‍ നിര്‍വഹിക്കുന്നു.

ആക്ഷൻ സ്പോർട്സ് ഡ്രാമ ചിത്രമായിരുന്നു ‘ഇരുദി സുട്രു’. ഒരു ബോക്സിങ് കോച്ചിന്റെ വേഷത്തിലാണ് മാധവൻ എത്തിയത്. ഒരു ഇടവേളക്ക് ശേഷം മാധവൻ തമിഴ് സിനിമയിൽ ഒരു ശ്രദ്ധേയമായ വേഷത്തിൽ എത്തിയത് ‘ഇരുദി സുട്രു’വിലൂടെയാണ്. ‘സാലാ ഖാദൂസ്’ എന്ന പേരിൽ ഹിന്ദിയിൽ മൊഴി മാറ്റം ചെയ്തിട്ടുണ്ട് ഈ ചിത്രം. നായിക റിതിക സിങ്ങിന് ദേശീയ പുരസ്‌കാരം (പ്രത്യേക പരാമർശം) നേടിക്കൊടുത്ത ‘ഇരുദി സുട്രു’ മറ്റനേകം പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook