വേഷപ്പകർച്ച കൊണ്ട് മുൻപും അതിശയിപ്പിച്ചിട്ടുള്ള നടനാണ് സൂര്യ. കഥാപാത്രമായി മാറാനുള്ള സൂര്യയുടെ അർപ്പണബോധവും കഠിനമായ തയാറെടുപ്പുകളും മേക്ക് ഓവറുകളുമെല്ലാം മുൻപും ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. ബജറ്റ് ഏവിയേഷൻ അഥവാ ബജറ്റ് എയർ ലൈനുകൾകൾക്ക് ഇന്ത്യയിൽ തുടക്കം കുറിച്ച ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതകഥ പറയുന്ന ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് സൂര്യ കാഴ്ച വച്ചിരിക്കുന്നത്. സൂര്യയുടെ ഇതുവരെയുളള കരിയറിലെ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്നായാണ് സിനിമാലോകവും പ്രേക്ഷകരും ചിത്രത്തിലെ ‘നെടുമാരൻ’ എന്ന കഥാപാത്രത്തെ നോക്കി കാണുന്നത്.

സൂര്യയുടെ ആത്മാർപ്പണവും കഠിനാധ്വാനവും തന്നെയും അത്ഭുതപ്പെടുത്തി എന്നു പറയുകയാണ് ചിത്രത്തിൽ സൂര്യയ്ക്ക് ഒപ്പം തന്നെ കിടപിടിയ്ക്കുന്ന അഭിനയം കാഴ്ചവച്ച ഉർവശി. ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിനിടെ ആയിരുന്നു ഉർവശി മനസ് തുറന്നത്.

“സൂര്യ, സൂര്യയുടെ അച്ഛൻ, അമ്മ, ജ്യോതിക എല്ലാവരുമായും എനിക്ക് മുൻപേ നല്ല അടുപ്പമുണ്ട്. അവരുടെ പ്രൊഡക്ഷനിൽ മുൻപും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. വളരെ ‘ഡൌൺ ടു എർത്ത് ‘ ആണ് സൂര്യ. എല്ലാവരോടും സ്നേഹത്തോടെയും ആദരവോടെയും മാത്രമേ സംസാരിക്കൂ. വിനയവും പെരുമാറ്റത്തിലെ മാന്യതയുമെല്ലാം എടുത്തു പറയണം. കഥാപാത്രമായി മാറാനുള്ള അർപ്പണം പറയാതെ വയ്യ, ഈ സിനിമയുടെ സമയത്ത് തന്നെ വളരെ കുറച്ച് ഭക്ഷണം മാത്രം കഴിച്ചാണ് ആൾ ജീവിച്ചത്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമൊന്നും കഴിക്കില്ല, പച്ചക്കറികളും പഴങ്ങളും സലാഡും മാത്രം. കഠിനമായി വ്യായാമം ചെയ്യും. ലൊക്കേഷനിൽ ഒരിത്തിരി സമയം ഒഴിവു കിട്ടിയാൽ പോലും വെറുതെ ഇരിക്കില്ല. നടത്തവും വ്യായാമവുമൊക്കെ തന്നെ.”

“ഇതു വരെയുള്ള സൂര്യയുടെ പെർഫോമൻസിൽ എനിക്കേറ്റവും ഇഷ്ടം ‘സൂരറൈ പോട്ര്’ തന്നെയാണ്. ഏതു കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമാണെന്ന് ഒരിക്കൽ കൂടി സൂര്യ തെളിയിച്ചു,” അവർ കൂട്ടിച്ചേർത്തു.

Read more: മായമില്ല, മന്ത്രമില്ല… അഭിനയവഴികള്‍ പറഞ്ഞ് ഉര്‍വ്വശി

“‘സൂരറൈ പോട്ര്’ വളരെ ഇമോഷണലായ പടമാണ്. ഒരുപാട് പ്രീ പ്രൊഡക്ഷൻ ജോലികൾ, വർക്ക് ഷോപ്പ് ഒക്കെ കഴിഞ്ഞാണ് ആ സിനിമയിലെത്തുന്നത്. ആ സ്ക്രിപ്റ്റ് കുറേകാലമായി എന്റെ കയ്യിൽ ഉണ്ടായിരുന്നു, സൂക്ഷ്മമായി വായിച്ചും കഥാപാത്രത്തെ കുറിച്ച് നല്ല ധാരണയോടെയുമാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സിനിമയിലെ ഇമോഷണൽ സീനുകൾ കൊണ്ടു തന്നെയാണ് ബയോപിക് ആയിട്ടും ഒരു ഡോക്യുമെന്ററി സ്വഭാവം വരാതെ നമുക്കത് ആസ്വദിക്കാൻ കഴിയുന്നത്.

എന്തുകൊണ്ട് ഒരു എയർക്രാഫ്റ്റ്? എന്ന ചോദ്യത്തിന് മനസിനെ സ്പർശിക്കുന്ന ഒരു ബാക്ക്ഗ്രൗണ്ട് കഥ വേണമല്ലോ. സൂര്യയുടെ കഥാപാത്രം പ്രസിഡന്റിനോട് കഥ പറയുമ്പോൾ പറയുന്നുണ്ട്, ഒരമ്മയുടെ ശാപം കൊണ്ടാണ് ഞാൻ നടക്കുന്നത് എന്ന്. അച്ഛൻ മരിച്ചു കഴിഞ്ഞ് അമ്മയും മകനും തമ്മിലുള്ള ആ ഇമോഷണൽ സീനിന് കഥയിൽ ഏറെ പ്രസക്തിയുണ്ട്,” ചിത്രത്തിന്റെ വിശേഷങ്ങളും ഉർവശി പങ്കുവച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook