നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ നിന്നും പുറത്താക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്‌ത സംഭവത്തില്‍ പ്രതിഷേധം പുകയുകയാണ്. ജൂണ്‍ 24ന് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ നടി ഊർമ്മിള ഉണ്ണിയാണ് ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം ഉന്നയിച്ചത് എന്നായിരുന്നു പുറത്തുവന്നിരുന്ന വാര്‍ത്തകള്‍. ഇപ്പോള്‍ ഈ വിഷയത്തില്‍ ഊർമ്മിള ഉണ്ണി പ്രതികരിക്കുകയാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണോ പ്രതിയാക്കപ്പെട്ട ദിലീപിനൊപ്പമാണോ നില്‍ക്കുന്നതെന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതു പറയാന്‍ പറ്റില്ലെന്നായിരുന്നു ഊർമ്മിള ഉണ്ണിയുടെ മറുപടി.

കോഴിക്കോട്ടു വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അക്ഷര പരുസ്‌കാര ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്, കുറ്റം ചെയ്‌തുവെന്ന് ഇതുവരെ കോടതിയില്‍ തെളിയിച്ചിട്ടില്ല, ഈ സംഭവത്തില്‍ ആരു പറയുന്നതാണ് ശരിയെന്ന് തനിക്കിതുവരെ മനസിലായിട്ടില്ലെന്നും ഊർമ്മിള ഉണ്ണി പറഞ്ഞു. യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കുന്ന ആവശ്യം ഉന്നയിക്കാനുള്ള ധൈര്യം തനിക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഊർമ്മിള ഉണ്ണി പറഞ്ഞു.

മാധ്യമങ്ങള്‍ വാര്‍ത്തകളെ വളച്ചൊടിക്കുകയാണെനനും നെഗറ്റീവ് വാര്‍ത്തകളോടാണ് മാധ്യമങ്ങള്‍ക്ക് താത്പര്യമെന്നും ഊർമ്മിള ഉണ്ണി പറഞ്ഞു. മാധ്യമങ്ങള്‍ എത്ര ചോദിച്ചാലും താന്‍ പറയില്ലെന്നു വിചാരിച്ച കാര്യം പറയില്ല, താനൊരു ഭീരുവാണെന്നു വിചാരിച്ചോളൂ എന്നും അവര്‍ പറഞ്ഞു.
‘ഞാനൊരു ‘മന്ദബുദ്ധി’യാണെന്നു കരുതൂ. അല്ലെങ്കില്‍ ഞാനൊരു ഭീരുവാണ്,’ ഊർമ്മിള ഉണ്ണി പറഞ്ഞു.

ഊർമ്മിള ഉണ്ണിയുമായി വേദി പങ്കിടാന്‍ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞ് ദീപാ നിശാന്ത്, ഷാഹിന ബഷീര്‍, പുരസ്‌കാര ജേതാക്കളായ കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഈ ചടങ്ങില്‍ നിന്നും വിട്ടു നിന്നിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ