തൊണ്ണൂറുകളിലെ സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന നടി ഊർമിള മണ്ടോദ്‌കർ സിനിമയിലേക്ക് മടങ്ങിവരുന്നു. ഇർഫാൻ ഖാൻ നായകനാവുന്ന ‘റായ്ത’ ചിത്രത്തിലൂടെയാണ് നടിയുടെ മടങ്ങിവരവ്. ചിത്രത്തിലെ ഒരു ഗാനത്തിൽ ഊർമിള അഭിനയിക്കുമെന്ന് ട്രേഡ് അനലിസ്റ്റ് തരൺ ആദർശാണ് ട്വീറ്റ് ചെയ്തത്.

”ചിത്രത്തിലെ ഗാനത്തിന് നല്ലൊരു താരത്തെ ആവശ്യമായിരുന്നു. ഊർമിള അതിനു അനുയോജ്യയാണെന്ന് മനസ്സിലാക്കിയതിനാലാണ് താരത്തെ സമീപിച്ചത്. ചിത്രത്തിന്റെ ഭാഗമാകാൻ തയാറാണെന്ന് ഊർമിള പറഞ്ഞപ്പോൾ ശരിക്കും അദ്ഭുതം തോന്നി. ബാറിൽ വച്ചാണ് ഊർമിള അഭിനയിക്കുന്ന ഗാനരംഗം ചിത്രീകരിക്കുന്നതെന്ന്” ചിത്രത്തിന്റെ സംവിധായകൻ അഭിനയ് ഡിയോ മുംബൈ മിററിനോട് പറഞ്ഞു. ഈ ആഴ്ച അവസാനം ഗാനരംഗത്തിന്റെ ചിത്രീകരണം നടക്കും.

കഴിഞ്ഞ വർഷമാണ് 43 കാരിയായ ഊർമിള വിവാഹിതയായത്. തന്നെക്കാൾ 10 വയസ്സ് പ്രായം കുറവുളള കശ്മീരി മോഡലും ബിസിനസുകാരനുമായ അക്തർ മിർ ആയിരുന്നു വരൻ. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം. രംഗീല, സത്യ, പ്യാര്‍ തുനെ ക്യാ കിയാ, പിന്‍ജര്‍, ഭൂത് തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിന്റെ മനംകവര്‍ന്ന നടിയാണ് ഊർമിള. ‘തച്ചോളി വ‍ർഗീസ് ചേകവറി’ൽ മോഹൻലാലിന്റെ നായികയായി മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 2014ൽ പുറത്തിറങ്ങിയ ‘അജോബ’ എന്ന മറാത്തി ചിത്രത്തിലാണ് ഊർമിള അവസാനമായി അഭിനയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ