നീണ്ട 10 വർഷങ്ങൾക്കുശേഷം ഊർമിള മണ്ടോദ്കർ ബോളിവുഡിലേക്ക് മടങ്ങിയെത്തി. ഇർഫാൻ ഖാൻ നായകനായ ബ്ലാക്മെയിൽ എന്ന സിനിമയിലൂടെയാണ് ഊർമിളയുടെ മടങ്ങി വരവ്. സിനിമയിൽ ഊർമിള അഭിനയിച്ച ബേവഫ ബ്യൂട്ടി എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.

പക്ഷേ ഊർമിളയുടെ രണ്ടാം വരവ് ആരാധകർക്ക് നിരാശയാണ് നൽകിയത്. ഗാനത്തിൽ ഊർമിളയുടെ അഭിനയം അത്ര നന്നായിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. ബാറിന്റെ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ ഈയൊരു ഗാനരംഗത്തിൽ മാത്രമാണ് ഊർമിള അഭിനയിച്ചിട്ടുളളത്.

അമിതാഭ് ഭട്ടാചാര്യ എഴുതിയ വരികൾക്ക് അമിത് ത്രിവേദിയാണ് സംഗീതം പകർന്നിരിക്കുന്നത്. ഗാനം പാടിയിരിക്കുന്നത് പവനി പാണ്ഡ്യ ആണ്. ഇർഫാൻ ഖാനു പുറമേ ദിവ്യ ദത്ത, കിർതി കുൽഹരി, അരുണോദ്യ സിങ് എന്നിവരും ചിത്രത്തിലുണ്ട്. ഏപ്രിൽ 6 നാണ് സിനിമ റിലീസ് ചെയ്യുന്നത്.

”ചിത്രത്തിലെ ഗാനത്തിന് നല്ലൊരു താരത്തെ ആവശ്യമായിരുന്നു. ഊർമിള അതിനു അനുയോജ്യയാണെന്ന് മനസിലാക്കിയതിനാലാണ് താരത്തെ സമീപിച്ചത്. ചിത്രത്തിന്റെ ഭാഗമാകാൻ തയാറാണെന്ന് ഊർമിള പറഞ്ഞപ്പോൾ ശരിക്കും അദ്ഭുതം തോന്നി” ചിത്രത്തിന്റെ സംവിധായകൻ അഭിനയ് ഡിയോ നേരത്തെ പറഞ്ഞിരുന്നു.

2016 ലാണ് 43 കാരിയായ ഊർമിള വിവാഹിതയായത്. തന്നെക്കാൾ 10 വയസ് പ്രായം കുറവുളള കശ്മീരി മോഡലും ബിസിനസുകാരനുമായ അക്തർ മിർ ആയിരുന്നു വരൻ. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം.

രംഗീല, സത്യ, പ്യാര്‍ തുനെ ക്യാ കിയാ, പിന്‍ജര്‍, ഭൂത് തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിന്റെ മനംകവര്‍ന്ന നടിയാണ് ഊർമിള. ‘തച്ചോളി വ‍ർഗീസ് ചേകവറി’ൽ മോഹൻലാലിന്റെ നായികയായി മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 2014ൽ പുറത്തിറങ്ങിയ ‘അജോബ’ എന്ന മറാത്തി ചിത്രത്തിലാണ് ഊർമിള അവസാനമായി അഭിനയിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ