Uppum Mulakum: പതിവ് പോലെ രസകരമായ എപ്പിസോഡുകളാണ് ഈ ആഴ്ചയിലും ഉപ്പും മുളകിലും കടന്നു പോയത്. പതിവ് വിപരീതമായി കുട്ടന്‍പിള്ളയോട് അമിത സ്‌നേഹം കാണിക്കുന്ന ബാലുവും സ്വയം കുഴിച്ച കുഴിയില്‍ വീണ കേശവും ഈ കാഴ്ച പണി മേടിച്ചു. ലെച്ചു തന്റെ കവിത എഴുത്ത് വീണ്ടും തുടങ്ങിയതോടെ വീട്ടിലതൊരു വലിയ പ്രതിസന്ധി തന്നെ സൃഷ്ടിക്കുന്നതിനും പോയ വാരം സാക്ഷിയായി.

Uppum Mulakum: കുട്ടന്‍പിള്ളയോടുള്ള ബാലുവിന്റെ സ്‌നേഹത്തിന് പിന്നിലെന്ത്?

നാഴികയ്ക്ക് നാല്‍പ്പതുവട്ടം നീലുവിന്റെ അച്ഛന്‍ പടംവലം വീട്ടില്‍ കുട്ടന്‍പ്പിള്ളയെ കുറ്റം പറയുന്ന ആളായിരുന്നു ബാലു. തരം കിട്ടുമ്പോള്‍ മരുമകനെ ചെറുതായെങ്കിലും ട്രോളാന്‍ കുട്ടന്‍പ്പിള്ളയും മടിക്കാറില്ല. ബാലുവിന് കുട്ടന്‍പ്പിള്ളയോടുള്ള സമീപനത്തില്‍ പെട്ടെന്നുണ്ടായ മാറ്റമാണ് ഈ എപ്പിസോഡിലെ ചര്‍ച്ച.

Read More: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

പയറുമണിപോലെ നടക്കുകയും വ്യായാമം ചെയ്യുകയും പ്രായത്തില്‍ കവിഞ്ഞ ശാരീരിക ക്ഷമത പുലര്‍ത്തുകയും ചെയ്യുന്ന കുട്ടന്‍പ്പിള്ളയെ ഫുള്‍ ബോഡി ചെക്കപ്പിന് കൊണ്ടുപോവാന്‍ നിര്‍ബന്ധം പിടിക്കുകയാണ് ബാലു. എന്നാലും പെട്ടെന്ന് ബാലുവിന് ഇതെന്തു പറ്റിയെന്ന് നീലുവും ഇതിനു പിറകില്‍ മറ്റെന്തോ ചുറ്റികളിയുണ്ടെന്ന് മുടിയനും സംശയിക്കുന്നു. എന്നാല്‍, ഇതെല്ലാം അച്ഛനോട് അപ്പൂപ്പനോടുള്ള നിഷ്‌കളങ്കമായ സ്‌നേഹമാണ്, വെറുതെ തെറ്റിദ്ധരിക്കേണ്ട എന്നാണ് ബാലുവിനോട് അല്‍പ്പം പക്ഷപാതമുള്ള കേശുവിന്റെ വിലയിരുത്തല്‍. അച്ഛനേക്കാളും ഫിറ്റായ അപ്പൂപ്പനെ ഫുള്‍ ബോഡി ചെക്കപ്പിന് കൊണ്ടുപോവാന്‍ ശ്രമിക്കുന്ന അച്ഛന്റെ പ്രവര്‍ത്തിയില്‍ ശിവയ്ക്കുമുണ്ട് സംശയം.

ബാലുവിന്റെ ബോഡി ചെക്കപ്പ് പ്ലാനിഷ്ടപ്പെടാതെ ഞാന്‍ പടവലത്തേക്ക് തിരിച്ചുപോവുകയാണെന്ന് പ്രഖ്യാപിക്കുന്ന കുട്ടന്‍പ്പിള്ളയെ പോകാനും ബാലു അനുവദിക്കുന്നില്‌സ. ഒടുവില്‍ കുട്ടന്‍പ്പിള്ള തന്റെ പൊന്മുട്ടയിടുന്ന താറാവ് ആണെന്ന് നീലുവിനോട് ബാലു തുറന്നു സമ്മതിക്കുകയാണ്. പെട്ടൊന്നൊരു നാള്‍ കുട്ടന്‍പ്പിള്ള എങ്ങനെയാണ് ബാലുവിന്റെ പൊന്മുട്ടയിടുന്ന താറാവായി മാറിയത്? ആ ആകാംക്ഷ തന്നെയാണ് ഈ എപ്പിസോഡ് ഉപ്പും മുളകും പ്രേക്ഷകരില്‍ ഉണര്‍ത്തുന്നത്.

Uppum Mulakum: സര്‍ക്കാര്‍ സ്‌കൂളോ പ്രൈവറ്റ് സ്‌കൂളോ?

വിദ്യഭ്യാസം ഒരു കച്ചവടമായി മാറുന്ന കാലത്ത് കുട്ടികളുടെ പഠനച്ചെലവാണ് മിക്ക രക്ഷിതാക്കളും നേരിടുന്ന പ്രധാന വെല്ലുവിളി. പടംവലം വീട്ടിലെ ബിഗ് ഫാമിലിയുടെ കുടുംബനാഥനായ ബാലുവിനെയും നീലുവിനെയും ടെന്‍ഷനടിപ്പിക്കുന്ന പ്രശ്‌നവും അതു തന്നെ. സ്‌കൂള്‍ തുറക്കാന്‍ ആയതോടെ കുട്ടികളുടെ പഠനച്ചെലവോര്‍ത്തുള്ള ആധിയിലാണ് നീലു. ലെച്ചുവിന്റെ പഠനത്തിനൊപ്പം കേശുവിന്റെയും ശിവയുടെയും സ്‌കൂള്‍ ഫീസും കൂടിയാകുമ്പോള്‍ എത്രമാത്രം പണം വേണം, സാമ്പത്തികമായി ബുദ്ധിമുട്ടാവുമല്ലോ തുടങ്ങിയ ആശങ്കകളാണ് നീലുവിനെ അലട്ടുന്നത്.

പാറമട വീട്ടിലെ വട്ടമേശ സമ്മേളനത്തിനിടെ നീലു തന്റെ ആശങ്ക പങ്കുവയ്ക്കുന്നു. കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളിലാക്കാം എന്നതാണ് നീലുവിന്റെ ആശങ്കയ്ക്ക് ബാലു നല്‍കുന്ന പ്രതിവിധി. എന്നാല്‍ മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ വിടില്ലെന്ന നിലപാടിലാണ് നീലു. അച്ഛനും അമ്മയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ചെന്നു കരുതി പിള്ളേരെ അതു പോലെ വിടാന്‍ പറ്റുമോ എന്നാണ് മുടിയന്റെ ചോദ്യം. അമ്മയുടെ വാലായ മുടിയന്‍ ഇക്കാര്യത്തിലും നീലുവിനൊപ്പം തന്നെയാണ്.

Also Read: മകൾ രേവതി മുതൽ ‘ഉപ്പും മുളകി’ലെ പാറുക്കുട്ടി വരെ; നിഷ സാരംഗ് സംസാരിക്കുന്നു

എന്നാല്‍ ബാലുവിന്റെ ആശയത്തെ പോസിറ്റീവായി എടുക്കുകയാണ് ശിവാനിയും കേശുവും. പ്രൈവറ്റ് സ്‌കൂളിനേക്കാള്‍ നല്ലത് സര്‍ക്കാര്‍ സ്‌കൂള്‍ തന്നെയാണെന്നാണ് ശിവാനിയുടെ അഭിപ്രായം. കേശുവാകട്ടെ, അവിടെയും ഇംഗ്ലീഷ് മീഡിയമുണ്ടല്ലോ, ഞങ്ങള്‍ അവിടെ പഠിച്ചോളാം എന്നാണ് പറയുന്നത്. ഒരു വര്‍ഷമെങ്കില്‍ ഒരു വര്‍ഷം ഉപ്പുമാവും പാലും മുട്ടയും കഴിക്കാം എന്നൊരു ഗൂഢ ഉദ്ദേശവും കേശുവിനുണ്ട്. ഇതേതുടര്‍ന്ന് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഈ എപ്പിസോഡില്‍.

Uppum Mulakum: ഭാസി പണിതരുമോ? മുടിയന്‍ ആശങ്കയിലാണ്

ഉടായിപ്പുകളുടെ ഉസ്താദായ ഭാസിയാണ് പാറമട വീട്ടിലേക്ക് പുതിയ പ്രശ്‌നങ്ങളുമായി എത്തുന്നത്. വിഷ്ണുവിന്റെ വിസിറ്റിംഗ് കാര്‍ഡ് വാങ്ങി എന്തോ ഒരു തരികിട പ്ലാന്‍ ചെയ്തിരിക്കുകയാണ് ഭാസി. നിഷ്‌കളങ്കരില്‍ നിഷ്‌കളങ്കനെന്നു ചിലപ്പോഴൊക്കെ ആരും തെറ്റിദ്ധരിച്ചുപോവുന്ന മുടിയനാണെങ്കില്‍ ചോദിച്ചപ്പാടെ സംശയമേതുമില്ലാതെ വിസിറ്റിംഗ് കാര്‍ഡ് എടുത്ത് കൊടുക്കുകയും ചെയ്തു.

സംഭവം അറിഞ്ഞപ്പോള്‍ മുതല്‍ പാറമട വീട്ടിലെ അംഗങ്ങള്‍ ഓരോരുത്തരായി മുടിയന് മുന്നറിയിപ്പു നല്‍കുകയാണ്. ”ഭാസി അങ്കിള്‍ ചേട്ടന്റെ വിസിറ്റിംഗ് കാര്‍ഡ് ചോദിച്ചു വാങ്ങിയിട്ടുണ്ടെങ്കില്‍ നോക്കിക്കോ, എട്ടിന്റെ പണി ചേട്ടന് പിറകില്‍ വരുന്നുണ്ടെന്നാണ്,” ലെച്ചുവിന്റെ മുന്നറിയിപ്പ്. ഒരാളുടെ നാശം കാണാന്‍ മാത്രം നടക്കുന്ന ഒരാളുണ്ടെങ്കില്‍ അത് ഭാസിയാണെന്നാണ് നീലുവിന്റെ താക്കീത്. അവനൊറ്റ ഒരുത്തന്‍ കാരണമാണ് നിന്റെ പണി പോകാന്‍ പോവുന്നതെന്ന് സുരേന്ദ്രന്‍ ചിറ്റപ്പനും മുടിയനെ ഭയപ്പെടുത്തുന്നുണ്ട്.

എന്തായാലും ചെയ്തത് അബദ്ധമായിപ്പോയോ എന്ന ആശങ്കയിലാണ് മുടിയന്‍. എല്ലാവരും പറയുന്നതു പോലെ ഭാസി മുടിയനെ ചതിക്കുമോ? ആ വിസിറ്റിംഗ് കാര്‍ഡിനു പിറകെ വരുന്ന എട്ടിന്റെ പണി എന്താവും? ഇതിനുള്ള ഉത്തരമാവും ഈ എപ്പിസോഡ് തരുന്നത്.

Uppum Mulakum: ‘താളം തെറ്റിയ മനസ്സുകള്‍’

ലെച്ചുവിന്റെ കവിതാഭ്രാന്ത് ഇടയ്ക്കിടെ പാറമട വീട്ടില്‍ സംസാരവിഷയമാകാറുള്ള സംഗതിയാണ്. എന്നാല്‍ ഇത്തവണ അല്‍പ്പം കടുപ്പത്തിലാണ് ലെച്ചു. കവിതയെഴുത്തില്‍ മുഴുകിയ ലെച്ചു പലപ്പോഴും സ്ഥലകാലബോധം മറന്ന് പെരുമാറുന്നു. ചെറിയ കാര്യങ്ങള്‍ക്കു പോലും സഹോദരങ്ങളോട് ക്ഷോഭിക്കുന്നു. രണ്ടു മൂന്നു ദിവസമായി ചേച്ചി ചെയ്യുന്നതും പറയുന്നതുമെന്താണെന്ന് ചേച്ചിയ്ക്ക് തന്നെ അറിയില്ലെന്നാണ് ശിവ പറയുന്നത്.

‘താളം തെറ്റിയ മനസ്സുകള്‍’ എന്നതാണ് ലെച്ചുവിന്റെ പുതിയ കവിതയുടെ വിഷയം. പൊട്ടിത്തെറിക്കാന്‍ നില്‍ക്കുന്ന അഗ്‌നിപര്‍വ്വതം പോലെ ഭാവനയുടെ ലോകത്ത് സ്വതന്ത്രമായി വിഹരിക്കുന്ന ലെച്ചുവിന്റെ പ്രവൃത്തികള്‍ എല്ലാം അഭിനയമാണോ എന്നു നീലു സംശയിക്കുമ്പോള്‍, മുന്‍പ് എപ്പോഴെങ്കിലും ലെച്ചുവിന് ഇങ്ങനെ ഉണ്ടായിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് മുടിയന്‍ എന്ന വാത്സല്യമുള്ള എട്ടന്‍. നിങ്ങള്‍ കൊച്ചിന്റെ ഭാവി വെച്ചാണ് കളിക്കുന്നതെന്നാണ് ഭാസിയുടെ രോദനം. ലെച്ചുവിനോടുള്ള സ്‌നേഹം കാരണം ഡോക്ടറെ കാണിക്കാന്‍ മുന്‍കൈ എടുക്കുന്ന ഭാസിയ്ക്കും കണക്കിന് കൊടുക്കാന്‍ ലെച്ചു മറക്കുന്നില്ല.

എന്തായാലും, എഴുത്തിന്റെ നോവിലൂടെയും ആരോഹണ അവരോഹണങ്ങളിലൂടെയും കടന്നുപോവുകയാണ് ലെച്ചു. അഭിനയമാണോ അതോ സാഹിത്യം തലയ്ക്കു പിടിച്ച് ലെച്ചു കൈ വിട്ടുപോയതാണോ? കണ്ടു തന്നെ അറിയണം.

Uppum Mulakum: സ്വന്തം കുഴിയില്‍ വീണ കേശു

സ്വയം കുഴിച്ച കുഴിയില്‍ വീണ കേശുവാണ് ഈ എപ്പിസോഡിന്റെ താരം. ഒരു സുപ്രഭാതത്തില്‍ കേശു ഒരു പ്രഖ്യാപനം നടത്തുകയാണ്, ഇന്നു മുതല്‍ മുടിയന്‍ ചേട്ടന്‍ ഈ വീട്ടില്‍ ചെയ്തിരുന്ന എല്ലാ ജോലികളും ഞാന്‍ ചെയ്യുന്നതായിരിക്കും. അതോടെ കേശുവിന്റെ ശനിദശ തുടങ്ങുകയായി. കടയില്‍ പോവുന്നതും ഗ്യാസ് ബുക്കിംഗും അടക്കം വീട്ടിലെ അല്ലറ ചില്ലറ ജോലികള്‍ക്കൊക്കെ കുടുംബാംഗങ്ങളെല്ലാം നീട്ടി വിളിക്കുന്നത് കേശുവിനെയാണ്.

കാലം കേശുവിനെ ഏല്‍പ്പിച്ച നിയോഗമെന്നാണ് ലെച്ചുവിന്റെ കളിയാക്കല്‍. കേശുവിനും ഒരു ജീവിതമായെന്ന് ശിവയും കിട്ടിയ അവസരത്തില്‍ കളിയാക്കുന്നുണ്ട്. എന്റെ സ്ഥാനത്താണ് ഞാന്‍ നിന്നെ കാണുന്നതെന്ന് പറഞ്ഞ് മുടിയനും കേശുവിന്റെ തീരുമാനത്തെ പ്രോത്സാഹിപ്പിക്കുകയാണ്.

പണിയെടുത്തും ഓടിനടന്നും ക്ഷീണിച്ച കേശു അല്‍പ്പം ദുഖിതനാണ്. നീലുവിന്റെ ഓരോ വിളിയുടെ പിറകിലും എന്തോ പണി പിറകെ വരുന്നുണ്ടെന്ന് ഊഹിക്കുന്ന കേശുവിന് പക്ഷേ അമ്മ തന്നെ വിളിക്കുന്നത് വളര്‍ത്താനാണോ കൊല്ലാനോണോ എന്ന് പലപ്പോഴും പിടികിട്ടുന്നില്ല. എന്തായാലും മുടിയന്‍ ചില്ലറക്കാരനല്ലെന്നും പാറമടവീട്ടില്‍ അത്യാവശ്യം അധ്വാനം മുടിയനുണ്ടായിരുന്നെന്നും കുഞ്ഞനിയന്‍ കേശുവിന് മനസ്സിലാക്കാന്‍ ഈ സംഭവവികാസങ്ങള്‍ വഴിയൊരുക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook