scorecardresearch
Latest News

Uppum Mulakum: ലെച്ചുവിന്റെ ദുരന്തം തിയറി, മുടിയന്റെ അംബാനി ജീവിതം; ഉപ്പും മുളകും ഈ ആഴ്ച

ബാലുവും കുട്ടന്‍പിള്ളയും തിരികെ എത്തുന്നുവെന്നതാണ് ഈ ആഴ്ചയിലെ സവിശേഷത. മുടിയന്‍ വിഷ്ണുവിന്റെ ജോലിയും ആർഭാട ജീവിതവും സൃഷ്ടിക്കുന്ന ആശങ്കളും പോയ വാരം കണ്ടു.

Uppum Mulakum: ലെച്ചുവിന്റെ ദുരന്തം തിയറി, മുടിയന്റെ അംബാനി ജീവിതം; ഉപ്പും മുളകും ഈ ആഴ്ച

Uppum Mulakum: ബാലുവും കുട്ടന്‍പിള്ളയും തിരികെ എത്തുന്നുവെന്നതാണ് ഈ ആഴ്ചയിലെ സവിശേഷത. മുടിയന്‍ വിഷ്ണുവിന്റെ ജോലിയും ആർഭാട ജീവിതവും സൃഷ്ടിക്കുന്ന ആശങ്കളും പോയ വാരം കണ്ടു. പതിവു പോലെ തന്റെ തല പുകച്ച് ലെച്ചു കണ്ടെത്തിയ തിയറി പൊളിയുന്നതിനും പോയ വാരം സാക്ഷ്യം വഹിക്കുകയുണ്ടായി.

മുടിയന്റെ സംവിധാന മോഹത്തിന് അള്ള് വച്ച് ബാലു

മുടിയന്‍ വിഷ്ണുവിന്റെ സംവിധാന മോഹത്തിന് അച്ഛന്‍ ബാലു അള്ളുവെക്കുന്നതാണ് ഈ ആഴ്ചയിലെ ആദ്യ എപ്പിസോഡില്‍ കണ്ടത്. മുടിയനൊപ്പം ചേര്‍ന്ന് പരസ്യത്തിന് ക്യാപ്ഷനെഴുതുക എന്ന ലക്ഷ്യവുമായി കൂടെ കൂടിയ ബാലു അവസാനം മുടിയന് മുട്ടന്‍ പാരയായി മാറുന്നു. പുതിയ പരസ്യത്തിന്റെ ഷൂട്ടിനായി മുടിയന്‍ ഊട്ടിയിലേക്ക് പോകുന്നതായി മുടിയന്‍ പ്രഖ്യാപിക്കുന്നതോടെയാണ് എപ്പിസോഡ് തുടങ്ങുന്നത്. പരസ്യത്തിന് വാചകമെഴുതാനാണെന്നും പറഞ്ഞ് ബാലുവും കൂടെ കൂടുന്നു.

Read More: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

അച്ഛനേയും മകനേയും സ്‌നേഹത്തോടെ വീട്ടുകാര്‍ യാത്രയാക്കുന്നു. മകനും ഭര്‍ത്താവിനും ഊട്ടിയില്‍ കഴിക്കാനായി നീലുവിന്റെ മാങ്ങാ അച്ചാറൊക്കെ റെഡിയാണ്. ചേട്ടനോട് തിരികെ വരുമ്പോള്‍ വാങ്ങി വരാനുള്ള സാധനങ്ങളുടെ ലിസ്റ്റ് നല്‍കിയാണ് ലച്ചു യാത്രയാക്കിയത്. അങ്ങനെ രണ്ട് പേരും വീടുവിട്ടിറങ്ങി. ചേട്ടനും അച്ഛനും തിരികെ വരുന്നതും കാത്തിരിക്കുന്ന ലെച്ചുവും കേശുവും ശിവാനിയും അമ്മ നീലുവും കാണുന്നത് അച്ഛനില്ലാതെ ഒറ്റയ്ക്ക് വീട്ടിലേക്ക് തിരികെ വരുന്ന വിഷ്ണുവിനെയാണ്. ബാലു എവിടെയെന്ന ചോദ്യത്തിന് വിഷ്ണു പൊട്ടിത്തെറിക്കുന്നു. എന്ത് സംഭവിച്ചെന്നറിയാതെ എല്ലാവരും അമ്പരന്നു ന്ില്‍ക്കുമ്പോള്‍ ഊട്ടിയിലുണ്ടായ സംഭവം വിഷ്ണു വെളിപ്പെടുത്തുന്നു.

വിഷ്ണുവിനെ തട്ടി മാറ്റി ബാലു സ്വയം സംവിധായകനും ക്യാമറാമാനുമായി മാറിയെന്നും ഇതോടെ ഷൂട്ടിങ് ആകെ തകര്‍ന്നെന്നും വിഷ്ണു അറിയിച്ചു. ഊട്ടിയില്‍ നീലക്കുറിഞ്ഞി പൂത്തത് ഷൂട്ട് ചെയ്യാനെന്നും പറഞ്ഞ് ക്യാമറയുമായി പോയതോടെ ഒരു ദിവസം മൊത്തം ക്രൂ കാത്തു നിന്നു. പോരാത്തതിന് അഭിനേതാക്കളെയും ഒഴുവാക്കി ബാലു തന്നെ പരസ്യത്തില്‍ അഭിനയിച്ചു. പിന്നാലെ ബാലുവും എത്തുന്നു. മുടിയന്റെ പക്കല്‍ നിന്നും തട്ടിയെടുത്ത ക്യാമറയും കോട്ടുമൊക്കെയിട്ടാണ് ബാലു വരുന്നത് തന്നെ. മുടിയനിലെ സംവിധായകനെ പുച്ഛിച്ച് തള്ളുന്ന ബാലു തന്റെ തന്റെ പതിവ് സ്വഭാവം വെളിപ്പെടുത്തുന്നതോടെ രസകരമായ അന്ത്യത്തിലേക്ക് എപ്പിസോഡ് കടക്കുന്നു.

കുടുംബത്തിനായി സ്വയം മറക്കുന്ന നീലു

ചിലപ്പോഴൊക്കെ ഭൂമിയില്‍ ആരും കൊതിക്കുന്ന ഒരിടമായി മാറാറുണ്ട് ബാലുവിന്റെയും നീലുവിന്റെയും പാറമട എന്ന സ്‌നേഹ വീട്. അമ്മയെ ജീവനായി സ്‌നേഹിക്കുന്ന മക്കളും അമ്മയോടുള്ള കരുതലുമൊക്കെയാണ് ഇന്ന് ‘ഉപ്പും മുളകി’നു വിഷയമാകുന്നത്. നടുവേദന കാരണം നടുവിലൊരു തുണിയും കെട്ടി, പരിഭവങ്ങളില്ലാതെ, തന്റെ ഉത്തരവാദിത്വങ്ങള്‍ക്കൊന്നും മുടക്കം വരുത്താതെ വീട്ടുപണികള്‍ ചെയ്യുകയാണ് നീലു. നീലുവിന്റെ അവസ്ഥ കണ്ട് ബാലുവിന്റെ അനിയന്‍ സുരേന്ദ്രന്‍ ലെച്ചുവിനെ ശാസിക്കുന്നുമുണ്ട്, നിനക്ക് അമ്മയെ സഹായിച്ചാല്‍ എന്താണെന്ന് ചോദിച്ച്.

നടുവില്‍ തുണി കെട്ടി അലക്കുന്ന അമ്മയെ കണ്ടപ്പോള്‍ ലെച്ചുവിനും വിഷമം. ചേട്ടനായ മുടിയനുമായി അമ്മയുടെ ആരോഗ്യത്തെ കുറിച്ച് സംസാരിക്കുകയാണ് ലെച്ചു. ‘അമ്മയ്ക്ക് എന്തേലും വയ്യായ്മ വന്നു കഴിഞ്ഞാല്‍ അതാരോടും പറയുകയുമില്ല, പുറത്തു കാണിക്കുകയുമില്ല. നമ്മള്‍ കണ്ടറിഞ്ഞ് ചെയ്യണം,’ എന്നാണ് മുടിയന്‍ സഹോദരിയോട് പറയുന്നത്. പിന്നെയങ്ങോട്ട് നീലുവിനെ സ്‌നേഹം കൊണ്ടു മൂടുകയാണ് നാല്‍വര്‍സംഘം. കെട്ടിപ്പിടിച്ച് ഉമ്മ നല്‍കിയും നീലുവിന്റെ കാല്‍ തിരുമ്മി കൊടുത്തുമൊക്കെ അമ്മയെ കരുതലോടെ ചേര്‍ത്തുപിടിക്കുന്ന ശിവയും കേശുവും ഊഷ്മളമായ മുഹൂര്‍ത്തങ്ങളാണ് സമ്മാനിക്കുന്നത്.

ഈ എപ്പിസോഡിലെ ഏറ്റവും രസകരമായ നിമിഷം തുടക്കത്തിലെ രംഗമായിരുന്നു. കഞ്ഞിയും കറിയും വച്ചു കളിക്കുന്ന ശിവയിലും കേശുവിലുമാണ് എപ്പോസോഡ് തുടങ്ങുന്നത്. നീലുവിന്റെ സാരിയൊക്കെ അണിഞ്ഞ് വീട്ടമ്മയായി ശിവ മാറിയപ്പോള്‍ മാര്‍ക്കറ്റില്‍ നിന്നും മീനും വാങ്ങി വരുന്ന ഭര്‍ത്താവായി കേശുവും മാറി. രസകരമായ കളിയിലേക്ക് അയല്‍വീട്ടുകാരായ നീലുവും ലച്ചുവും കടന്നു വരുന്നതോടെ ഈ രംഗം കൂടുതല്‍ തമാശ നിറഞ്ഞതാകുന്നു.

നീലുവിന്റെ ഉഴപ്പ് മാറ്റാന്‍ തുനിഞ്ഞിറങ്ങി ബാലുവും പിള്ളേരും

അക്കൗണ്ടന്റ് നീലുവില്‍ നിന്നും സിഎക്കാരിയാവുന്ന നീലു. അതാണ് ബാലുവിന്റെ ഇപ്പോഴത്തെ സ്വപ്നം. നീലുവിന്റെ സി എ കോച്ചിംഗാണ് ഇന്നത്തെ എപ്പിസോഡിന്റെ വിഷയം. ഈയിടെയായി പഠനത്തില്‍ നീലു ഉഴപ്പാണെന്നാണ് മക്കളുടെ കണ്ടെത്തല്‍. എന്നാല്‍ ഓഫീസ് തിരക്കുകളും വീട്ടു ജോലികളും പിള്ളേരുമായുള്ള അങ്കവും കഴിഞ്ഞ് പഠിക്കാന്‍ സമയം കിട്ടുന്നില്ലെന്നാണ് നീലുവിന്റെ പരാതി.

അമ്മ പഠിക്കാന്‍ പോകുന്നുണ്ടെങ്കിലും വീട്ടില്‍ വന്നതിനു ശേഷം ഒന്നും പഠിക്കുന്നതു കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രശ്‌നം ഫ്‌ളാഗ് ഓഫ് ചെയ്തത് മുടിയനാണ്. സിഎക്കാരിയുടെ മക്കളാ എന്നു പറഞ്ഞു ഞെളിഞ്ഞു നടക്കണമെന്ന കേശുവിന്റെ സ്വപ്നം നടക്കാന്‍ പോവുന്നില്ലെന്ന് ലെച്ചു മുന്നറിയിപ്പു കൊടുക്കുന്നു. പഠനത്തില്‍ ശ്രദ്ധിക്കണമെന്ന് നാല്‍വര്‍ സംഘം ഒറ്റക്കെട്ടായി നിന്ന് നീലുവിനെ ഉപദേശിച്ചിട്ടും ഒന്നും നടക്കുന്ന ലക്ഷണം കാണാത്തതിനാല്‍ മുടിയന്റെ നേതൃത്വത്തില്‍ പ്രശ്‌നം ബാലുവിന്റെ കോടതിയിലെത്തുകയാണ്. മക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് പ്രശ്‌നം ശൂലംകുടി വീട്ടില്‍ ബാലചന്ദ്രന്‍ തമ്പി എന്ന ബാലു ഏറ്റെടുക്കുകയാണ്.
uppum mulakum, uppum mulakum series, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, മുടിയൻ, uppum mulakum video, uppum mulakum latest episode, uppum mulagum new episodeപിന്നാലെ ബാലുവും സംഘവും നീലുവിന് അരികിലെത്തുന്നു. തന്നെ ഉപദേശിക്കാന്‍ വന്നവരോട് വീട്ടിലെ ജോലിയേയും ഓഫീസിലെ ജോലിയേയും കുറിച്ച് പറഞ്ഞ് നീലു വിരട്ടി ഓടിക്കുന്നു. ഇതോടെ പിള്ളേരും ബാലും അവിടെ നിന്നും ഓടി രക്ഷപ്പെടുകയാണ്. തങ്ങളുടെ ഭാഗത്തും തെറ്റുണ്ടെന്നും നീലുവിനെ സഹായിച്ചില്ലെന്നും ലെച്ചു പറയുന്നു. മറ്റുള്ളവരും അത് അംഗീകരിക്കുന്നു. മക്കള്‍ വീണ്ടും നീലുവിന് അടുത്ത് പഠനത്തെ കുറിച്ച് പറായാന്‍ ശ്രമിച്ചെങ്കിലും നീലു നിലപാട് മാറ്റുന്നില്ല.

Also Read: Uppum Mulakum: വീട്ടിൽ നിൽക്കുന്നതിനേക്കാൾ കൂടുതൽ ഞാൻ ‘ഉപ്പും മുളകും’ ലൊക്കേഷനിലാണ്

ഇതിനിടെയാണ് മുടിയന്റെ സുഹൃത്തായ മീനു അവിടെ എത്തുന്നത്. തന്റെ അച്ഛന്റെ ബിസിനസില്‍ ചെറിയ നഷ്ടം വന്നതോടെ അദ്ദേഹത്തെ സഹായിക്കാനായി പെറ്റ് ഷോപ്പ് തുടങ്ങിയതിനെ കുറിച്ച് മീനു പറയുന്നു. യഥാര്‍ത്ഥത്തില്‍ മീനു അവിടെ എത്തിയത് തന്റെ ചിട്ടിയില്‍ നീലുവിനെ ചേര്‍ക്കാനായിരുന്നു. ജോലികളോടൊപ്പം തന്നെ പഠനവും ഒന്നിച്ചു കൊണ്ടു പോകുന്ന മീനുവിനെ കണ്ടു പഠിക്കാന്‍ ബാലു നീലുവിനെ ഉപദേശിക്കുന്നു. എന്നാല്‍ തനിക്ക് മീനുവിനെ പോലെ ആകാനാകില്ലെന്നും വീട്ടിലെ ജോലികള്‍ ചെയ്യാന്‍ സമയം തികയുന്നില്ലെന്നും നീലു പറയുന്നു. ഇതോടെ ഇനി മുതല്‍ വീട്ടു ജോലി തങ്ങള്‍ ചെയ്‌തോളാം എന്ന് മറ്റുളളവര്‍ ശപഥം ചെയ്യുന്നു.

കുട്ടന്‍പിള്ളയുടെ ഏകാന്തതയും ലെച്ചുവിന്റെ തിയറിയും

നീലുവിന്റെ മാതാപിതാക്കളാണ് കുട്ടന്‍ പിള്ളയും ഭവാനിയമ്മയും. സീരിയലിന്റെ ഈ എപ്പിസോഡ് ഇവരെ ചുറ്റിപ്പറ്റിയാണ്. ബാലുവിന്റെ വീട്ടിലെത്തുന്ന കുട്ടന്‍പിള്ളയുടേയും മറ്റുള്ളവരുടേയും സംസാരത്തില്‍ നിന്നും മനസിലാകുന്നത് പടവലത്ത് ഇപ്പോള്‍ ഭവാനിയമ്മ ഇല്ല എന്നാണ്. അപ്പൂപ്പന്‍ ഒറ്റയ്ക്കാണെന്നും അതോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നുവെന്നും ലെച്ചു പറയുന്നു. അമ്മയ്ക്ക് പടവലത്ത് പോയി നില്‍ക്കാമെന്ന് മുടിയനും പറയുന്നുണ്ട്. അപ്പൂപ്പന് കൃഷിയും കാര്യങ്ങളുമൊക്കെ അച്ഛനെ ഏല്‍പ്പിച്ചുകൂടെ എന്ന് കേശു ചോദിക്കുമ്പോള്‍ കൃഷി നശിപ്പിക്കാനാണോ എന്ന് നീലു ചോദിക്കുന്നുണ്ട്. കൃഷി നശിപ്പിക്കാന്‍ അച്ഛനെന്താ പെരുച്ചാഴിയാണോ എന്ന് കേശുവിന്റെ കിടിലം കൌണ്ടറും അപ്പോള്‍ തന്നെ വന്നു.

പഠനം നിര്‍ത്തി വല്ല ജോലിക്കും പോയാലോ എന്ന ലെച്ചുവിന്റെ ആശയത്തെ തന്റെ ജീവിതാനുഭവത്തിലൂടെ തിരുത്തുന്ന വിഷ്ണുവിലൂടേയാണ് ഈ എപ്പിസോഡ് ആരംഭിക്കുന്നത്. ഇതിനിടെയാണ് കുട്ടന്‍പിള്ള അങ്ങോട്ട് കടന്നുവരുന്നത്. കുട്ടന്‍പിള്ളയുടെ സുഹൃത്തിന്റെ കടയുടെ പരസ്യം ചെയ്ത തങ്ങളുടെ കമ്പനിയാണെന്ന് മുടിയന്‍ പറയുന്നു. പരസ്യത്തെ കുറിച്ച് തന്റെ സുഹൃത്തിന് നല്ല അഭിപ്രായമാണെന്ന് കുട്ടന്‍പിള്ള അറിയിക്കുന്നു. അപ്പൂപ്പനോട് സംസാരിച്ചിരിക്കെ ലെച്ചുവിനെ കേശു കളിയാക്കുന്നുണ്ട്. ഇതോടെ ലെച്ചു അവിടെ നിന്നും ദേഷ്യപ്പെട്ട് നീലുവിന് അരികിലെത്തുന്നു. കേശുവിനെ നീലു നല്ല മറുപടി കൊടുത്ത് ഓടിച്ചു വിടുന്നു.

ഇതിനിടെ ഒറ്റയ്ക്കിരുന്ന് ചിന്തിക്കുന്ന കുട്ടന്‍പിള്ളയെ കാണുന്നതോടെ മറ്റുള്ളവര്‍ക്ക് വിഷമമാകുന്നു. ഭവാനിയമ്മ ഇല്ലാത്തതിന്റെ വിഷമമാണെന്ന് പറഞ്ഞ് ലെച്ചു എല്ലാവരേയും വിഷമിപ്പിക്കുന്നു. ഒടുവില്‍ എല്ലാവരും ചേര്‍ന്ന് അപ്പൂപ്പന് അരികിലെത്തുന്നു. ഇതോടെ തന്റെ വിഷമത്തിന്റെ കാരണം അപ്പൂപ്പന്‍ വ്യക്തമാക്കുന്ന. തന്റെ ലോണ്‍ അപേക്ഷ തള്ളിയതിന്റെ വിഷമമാണെന്ന് കുട്ടന്‍പിള്ള പറയുന്നു. തനിക്ക് ഒറ്റപ്പെടലിന്റെ വേദനയില്ലെന്നും നിങ്ങളൊക്കെ ഉള്ളത് കൊണ്ട് താന്‍ ഒറ്റയക്കല്ലെന്നും കുട്ടന്‍ പിള്ള പറയുന്നു. ലെച്ചുവിന്റെ തിയറി പൊളിഞ്ഞെന്ന് വ്യക്തം. ഒടുവില്‍ നിലൂവിന്റെ നിര്‍ദ്ദേശ പ്രകാരം എല്ലാവരും ചേര്‍ന്ന് ലെച്ചുവിനെ പഞ്ഞിക്കിടുന്നു.

മുടിയന്റെ അംബാനി ജീവിതം

ജോലിയും ശബളവുമൊക്കെ കിട്ടിയതോടെ മുടിയന്‍ ഉത്തരവാദിത്വബോധമുള്ള മകനാവുമെന്ന ബാലുവിന്റെയും നീലുവിന്റെയും പ്രതീക്ഷകള്‍ക്ക് വിപരീതമായ കാര്യങ്ങളാണ് പാറമട വീട്ടില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കിട്ടുന്ന കാശ് മുഴുവന്‍ ലാവിഷ് ആയി ചെലവാക്കുന്ന മുടിയനാണ് ഈ എപ്പിസോഡിന്റെ ചര്‍ച്ചാ വിഷയം.

അണ്ടര്‍ ഗാര്‍മെന്റ്‌സ് മുതല്‍ ഉപയോഗിക്കുന്ന ചെരിപ്പുവരെ ബ്രാന്‍ഡഡ് വേണമെന്നാണ് മുടിയന്റെ ഇപ്പോഴത്തെ അവസ്ഥ. നാലായിരം രൂപയുടെ ഷൂ വാങ്ങി വരുന്ന മുടിയനെ കണ്ട് ബാലുവിന്റെ കണ്ണു തള്ളുന്നു. താനായിരുന്നെങ്കില്‍ 40 ചെരുപ്പു വാങ്ങുന്ന തുകയാണ് അതെന്ന് അമ്പരപ്പോടെ ബാലു പറയുകയാണ്. ചേട്ടന്റെ ചെലവുകള്‍ക്കു വേണ്ടി വരുന്ന പണം ഉണ്ടെങ്കില്‍ ഈ വീട്ടിലേക്ക് വേണ്ട ഒരുമാസത്തെ സാധനങ്ങള്‍ വാങ്ങാനും പലചരക്കുകടയിലെ പറ്റു തീര്‍ക്കാനും ആവുമെന്നാണ് സഹോദരങ്ങളുടെ കണ്ടെത്തല്‍.

മകന്‍ തിന്നുകയും കുടിക്കുകയും ചെയ്തതിന്റെ കണക്കുകള്‍ കണ്ട് നീലുവും ഞെട്ടിയിരിക്കുകയാണ്. ഇതിനിടെ ഷെയര്‍ മാര്‍ക്കറ്റില്‍ പണം ഇറക്കുന്നതിനെ കുറിച്ച് വരെ മുടിയന്‍ ആലോചിക്കുന്നുണ്ട്. കുട്ടന്‍പിള്ള കേറി ഉടക്കുന്നതോടെ അത് നില്‍ക്കുന്നു. ഇതിനിടെയാണ് മുടിയന്റെ പോക്കറ്റില്‍ നിന്നും നീലു ബാറിന്റെ ബില്ല് കണ്ടു പിടിക്കുന്നത്. താന്‍ മദ്യപിച്ചിട്ടില്ലെന്നും സുഹൃത്തുക്കള്‍ക്ക് ചെലവ് ചെയ്തതാണെന്നും മുടിയന്‍ വിശദീകരിക്കുന്നു. മുടിയന്റെ അംബാനി ജീവിതം അവസാനിപ്പിക്കാന്‍ എന്താണ് ഒരു വഴി എന്ന ആലോചനയിലാണ് മറ്റുള്ളവര്‍. ഒടുവില്‍ എല്ലാവരും ചേര്‍ന്ന് മുടിയനെ ചോദ്യം ചെയ്യുന്നു.തന്റെ ആവശ്യങ്ങളെ കുറിച്ച് മുടിയന്‍ വ്യക്തമാക്കുന്നു. താന്‍ കാശ് വെറുതെ ചെലവാക്കുന്നില്ലെന്നും സേവ് ചെയ്യുന്നുണ്ടെന്ന് മുടിയന്‍ അറിയിക്കുന്നു. താന്‍ ലെച്ചുവിന്റേ പേരിലും അച്ഛന്റേയും അമ്മയുടേയും പേരില്‍ പണം സ്വരൂപിക്കുന്നുണ്ടെന്നും മുടിയന്‍ അറിയിക്കുന്നു. ഇതോടെ എല്ലാവരും മുടിയനെ അഭിനന്ദിക്കുകയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Uppum mulakum this week