സീരിയൽ പ്രേമികളും സീരിയൽ വിരോധികളും- മലയാള ടെലിവിഷൻ പ്രേക്ഷകരെ ഇങ്ങനെ രണ്ടായി തരംതിരിച്ചാലും തെറ്റില്ല. എന്നാൽ കടുത്ത സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ  ഒന്നാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും’

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുകയാണ് ഈ കുടുംബ കോമഡി സീരിയൽ. ടെലിവിഷനിൽ മാത്രമല്ല, യൂട്യൂബിലും ‘ഉപ്പും മുളകി’നു നിരവധി ആരാധകരാണുള്ളത്. ഒരുപക്ഷേ, ചാനലിൽ ‘ഉപ്പും മുളകും’ കാണുന്നതിനേക്കാൾ കൂടുതൽ പ്രേക്ഷകർ യൂട്യൂബിലാവും ഈ സീരിയൽ കാണുന്നുണ്ടാവുക.

എന്തുകൊണ്ടായിരിക്കും കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ഈ സീരിയലിന്റെ ആരാധകരായി മാറുന്നത്? പൊതുവേ, കണ്ണീർ സീരിയലുകളോടും കുടുംബാന്തരീക്ഷത്തിലുള്ള പരമ്പരകളോടുമൊക്കെ വൈമുഖ്യം കാണിക്കുന്ന യുവാക്കൾ പോലും ‘ഉപ്പും മുളകും’ എന്ന സീരിയലിന്റെയും അതിലെ അഭിനേതാക്കളുടെയും ആരാധകരായി മാറുന്നത്?

കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ആകർഷിക്കുന്ന ‘ഉപ്പും മുളകി’ന്റെ ആ യുഎസ്‌പി, ചിലപ്പോൾ അധികം ഡ്രാമയില്ലാതെ പറഞ്ഞുപോകുന്ന സീരിയലിന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം. നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ., അതിന്റെ ഒർജിനാലിറ്റി നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകി’ൽ. കണ്ടു കണ്ട് ആ വീടും വീട്ടിലെ അംഗങ്ങളും എവിടെയോ ജീവിച്ചിരിപ്പുണ്ടാവാം എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ കഴിയുന്നു എന്നതും ഈ ജനപ്രീതിയ്ക്ക് പിറകിലുണ്ട്.

അതുകൊണ്ടു തന്നെയാണ്, കേരളത്തിലെ കുടുംബാന്തരീക്ഷം അണുകുടുംബങ്ങളായി മാറുമ്പോഴും കുളത്തറ ശൂലംകുടി വീട്ടിൽ ബാലചന്ദ്രൻ തമ്പി എന്ന ബാലുവിന്റെ വലിയ കുടുംബത്തെ മലയാളികൾ ഏറെ ഇഷ്ടത്തോടെ ഹൃദയത്തോട് ചേർക്കുന്നത്.

Uppum Mulakum serial history: ഉപ്പും മുളകും ഇപ്പോൾ 840 എപ്പിസോഡുകൾ പിന്നിട്ടിരിക്കുന്നു

2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 840 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

ഗൃഹനാഥനായ ബാലുവും ഭാര്യ പടവലം വീട്ടിൽ നീലിമയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഉത്തരവാദിത്വബോധത്തിലും കാര്യങ്ങൾ നോക്കി നടത്താനുള്ള കഴിവിലും ബാലുവിനേക്കാൾ ഒരുപടി മുന്നിലാണ് നീലു. അതേസമയം, വീട്ടിലെ പ്രശ്നങ്ങളിലും മറ്റും കുട്ടികളുടെ നിഷ്കളങ്കതയോടെയാണ് ബാലുവിന്റെ ഇടപെടലുകൾ.

ഇലക്ട്രീഷനായി ജോലി ചെയ്യുകയാണ് ബാലു. സ്വയം ഒരു ഇലക്ട്രോണിക് വിദഗ്ധനാണെന്നും തോമസ് ആൽവാ എഡിസണിന്റെ പിന്മുറക്കാരനാണെന്നുമൊക്കെ സ്വയം കരുതുന്ന, അത്യാവശ്യം മടിയൊക്കെയുള്ള ഒരു കുടുംബനാഥനാണ് അയാൾ. ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റായ ഭാര്യ നീലുവാണ് വീടിനെ ഉത്തരവാദിത്വത്തോടെ മുന്നോട്ടു കൊണ്ടുപോവുന്നത്.

കുടുംബാസൂത്രണ പദ്ധതികളിലൊന്നും താൽപ്പര്യമില്ലാത്ത, കുട്ടികളെ പ്രാണനായി കരുതുന്ന ബാലുവിന് വിഷ്ണു, ലക്ഷ്മി, കേശവ്, ശിവാനി, പാർവ്വതി എന്നിങ്ങനെ അഞ്ചു മക്കളാണ് ഉള്ളത്. യൗവനകാലത്തിൽ നിൽക്കുന്ന വിഷ്ണുവും ലക്ഷ്മിയും മുതൽ പിച്ചവെച്ചു നടന്നു തുടങ്ങിയ ഒന്നര വയസ്സുകാരി പാറുക്കുട്ടി വരെ നീളുന്ന മക്കൾപടയാണ് ബാലുവിന്റെയും നീലുവിന്റെയും ജീവിതസമ്പാദ്യം. എപ്പോൾ വേണമെങ്കിലും ഒരു വഴക്കോ അടിപിടിയോ കരച്ചിലോ സൗന്ദര്യപ്പിണക്കമോ ഒക്കെ സംഭവിക്കാവുന്ന ഒരു പ്രശ്നബാധിത മേഖല കൂടിയാണ് ബാലുവിന്റെും നീലുവിന്റെയും വീട്.

Read more about Uppum Mulakum: Uppum Mulakum: പാറമട വീട്ടിലെ പതിവു അങ്കവുമായി നീലുവും മക്കളും; ‘ഉപ്പും മുളകി’ൽ ഈ ആഴ്ച

കടുത്ത ഡാൻസ് പ്രണയമാണ് വീട്ടുകാർ മൈക്കിൾ ജാക്സൺ എന്നും മുടിയൻ എന്നുമൊക്കെ കളിയാക്കി വിളിക്കുന്ന വിഷ്ണുവിന്റെ പ്രത്യേകത. അമ്മയുടെ വാലായി നടക്കുന്ന, ജോലിക്കു പോകാൻ വലിയ താൽപ്പര്യമൊന്നുമില്ലാത്ത, പോക്കറ്റ് മണിയ്ക്ക് വേണ്ടി വീട്ടിലെ തേങ്ങവരെ അടിച്ചു മാറ്റുന്ന ഒരു കഥാപാത്രം. എന്നാൽ അനിയത്തി പാറുക്കുട്ടിയോടുള്ള വിഷ്ണുവിന്റെ സ്നേഹവും പരിലാളനവുമൊക്കെ കാഴ്ചക്കാരെ അസൂയപ്പെടുത്തുകയും ചെയ്യും. ഒരു പണിക്കും പോവാത്തവൻ എന്ന അച്ഛനമ്മമാരുടെയും സഹോദരങ്ങളുടെയുമെല്ലാം കളിയാക്കലുകൾ കേട്ട് മടുത്ത വിഷ്ണു ജോലിയ്ക്കു പോയി തുടങ്ങിയ കാഴ്ചകളാണ് അടുത്തിടെയുള്ള എപ്പിസോഡുകൾ കാണിച്ചു തരുന്നത്.

അതേ സമയം, സൗന്ദര്യസംരക്ഷണത്തിലും ഫാഷനിലുമൊക്കെ ഏറെ താൽപ്പര്യമുള്ളവളാണ് മൂത്ത മകൾ ലക്ഷ്മി എന്ന ലെച്ചു. എപ്പോഴും അണിഞ്ഞൊരുങ്ങി നടക്കാനാണ് ലെച്ചുവിന് ഇഷ്ടം. സ്വയം കവിയെന്നു വിശേഷിപ്പിക്കുന്ന ലെച്ചുവിന്റെ പൊട്ടകവിതകൾക്ക് തലവെച്ചു കൊടുക്കാൻ കൂടി വിധിക്കപ്പെട്ടവരാണ് മറ്റു സഹോദരങ്ങൾ.

മൂന്നാമൻ കേശവൻ എന്ന കേശു, ഭക്ഷണപ്രിയനാണ്. ശാപ്പാട് കേശുവെന്ന് സഹോദരങ്ങൾ കളിയാക്കുന്നവൻ. അതേസമയം തികഞ്ഞ വായാടിയാണ് നാലമത്തെവൾ ശിവാനിയെന്ന കാന്താരി ശിവ. കൂട്ടത്തിൽ ഏറ്റവും നല്ല സൗഹൃദവും സാഹോദര്യവും ഉള്ള രണ്ടുപേരാണ് കേശുവും ശിവയും.

Read more about Uppum Mulakum: Uppum Mulakum: കൊടുത്ത പൈസ തിരിച്ചു ചോദിക്കുന്നത് അത്ര വലിയ തെറ്റാണോ?

മക്കളും അവരുടെ കളിയും ചിരിയും പിണക്കങ്ങളും ഇണക്കങ്ങളും അടിപിടികളുമെല്ലാമായി സദാ ബഹളമയമാകുന്ന വീട്ടിലേക്ക് ഇടയ്ക്ക് ബാലുവിന്റെയും നീലുവിന്റെയും വീട്ടുകാരും വിരുന്നെത്തുന്നതോടെ ആ വീട് ചിരിയുടെ ഒരു ഹോൾസെയിൽ കടയായി മാറും. ഉത്സവപറമ്പിൽ അണിനിരക്കുന്ന രണ്ടു കരക്കാരെ പോലെ, പടംവലം വീട്ടുകാരും ശൂലംകുടി വീട്ടുകാരും രണ്ടു ചേരിയിൽ അണിനിരക്കുമ്പോൾ പിന്നെ സംഭവിക്കുന്നതൊക്കെ വലിയൊരു ചിരിയിലേക്കാണ് പലപ്പോഴും പ്രേക്ഷകരെ കൊണ്ടുപോവുന്നത്. ബാലുവിനും നീലുവിനും പുറമെ ചിരിക്കോളൊരുക്കി കുടുംബക്കാരും അയൽക്കാരും ഓട്ടോ ഡ്രെവറും ന്യൂസ് പേപ്പർ ബോയും അതിഥി താരങ്ങളുമൊക്കെയായി മുപ്പതോളം കഥാപാത്രങ്ങളാണ് ‘ഉപ്പും മുളകി’ൽ വന്നു പോവുന്നത്.

‘ഉപ്പും മുളക്’ കുടുംബം (Uppum mulakum location picture)

ചിരിയും കളിയും തമാശയും വഴക്കും സ്നേഹവും കരുതലും സാഹോദര്യവും കണ്ണീരും എന്നു വേണ്ട ഒരു കുടുംബജീവിതത്തിലെ എല്ലാ വിധ വികാരങ്ങളെയും ആവിഷ്കരിക്കുകയാണ് ഈ കുടുംബസീരിയലിൽ. ഒരു മിഡിൽ ക്ലാസ്സ് കുടുംബത്തിലെ നിത്യജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളും കുടുംബാംഗങ്ങളുടെ ഇണക്കവും പിണക്കവും സ്നേഹവുമെല്ലാമാണ് ‘ഉപ്പും മുളകി’ൽ അവതരിപ്പിക്കുന്നത്. ലളിതമായ സംഭാഷണങ്ങളും സ്വാഭാവികമായ ജീവിത മുഹൂർത്തങ്ങളും നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നു. സ്വാഭാവികത നിറഞ്ഞ അഭിനേതാക്കളുടെ അഭിനയമാണ് കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കുകയാണ്. കണ്ടു കണ്ട് ആ വീടും വീട്ടിലെ അംഗങ്ങളും എവിടെയോ ജീവിച്ചിരിപ്പുണ്ടാവാം എന്ന തോന്നൽ പ്രേക്ഷകരിലും ഉണ്ടാക്കിയെടുക്കാൻ ‘ഉപ്പും മുളകും’ താരങ്ങൾക്ക് സാധിക്കുന്നുണ്ട്.

ഒന്നരവയസ്സുകാരി പാറുക്കുട്ടി വരെ ജീവിക്കുന്ന കാഴ്ചയാണ് ‘ഉപ്പും മുളകി’ൽ കാണാൻ സാധിക്കുക. ഒരു കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങൾ വരെ മനോഹരമായി പോർട്രൈ ചെയ്തൊരു കാഴ്ചാനുഭവം എന്നു കൂടി വേണം ‘ഉപ്പും മുളകി’നെ വിശേഷിക്കാൻ. പാറുക്കുട്ടി എന്ന കഥാപാത്രം അച്ഛാ, അമ്മാ എന്നു വിളിച്ചതും പിച്ചവെച്ചു നടന്നു തുടങ്ങിയതുമെല്ലാം പ്രേക്ഷകരുടെ കൺമുന്നിലാണ്. അതുകൊണ്ടു തന്നെ, സ്വന്തം വീട്ടിലെ കുട്ടി എന്ന പരിഗണനയോടെയാണ് മലയാളികൾ ആ കുട്ടിത്താരത്തെ നോക്കി കാണുന്നത്. പാറുക്കുട്ടി മാത്രമല്ല, ‘ഉപ്പും മുളകി’ലെ ഓരോ താരങ്ങളും സീരിയൽ പ്രേക്ഷകർക്ക് വീട്ടുകാരെ പോലെ ചിരപരിചിതരായ മുഖങ്ങളാണ് ഇന്ന് എന്നു പറഞ്ഞാലും അതിശയോക്തിയില്ല.

Read more about Uppum Mulakum: Uppum Mulakum: വീട്ടിൽ കാറ്റ് ലെച്ചുവിന് അനുകൂലമായി വീശുന്നു: മുടിയനോട് അമ്മയ്ക്ക് സ്നേഹം കുറഞ്ഞോ?

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook