Uppum Mulakum: ജോലിയും ശബളവുമൊക്കെ കിട്ടിയതോടെ മുടിയൻ ഉത്തരവാദിത്വബോധമുള്ള മകനാവുമെന്ന ബാലുവിന്റെയും നീലുവിന്റെയും പ്രതീക്ഷകൾക്ക് വിപരീതമായ കാര്യങ്ങളാണ് പാറമട വീട്ടിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കിട്ടുന്ന കാശ് മുഴുവൻ ലാവിഷ് ആയി ചെലവാക്കുന്ന മുടിയനാണ് ഇന്നത്തെ എപ്പിസോഡിന്റെ ചർച്ചാ വിഷയം.

അണ്ടർ ഗാർമെന്റ്സ് മുതൽ ഉപയോഗിക്കുന്ന ചെരിപ്പുവരെ ബ്രാൻഡഡ് വേണമെന്നാണ് മുടിയന്റെ ഇപ്പോഴത്തെ അവസ്ഥ. നാലായിരം രൂപയുടെ ഷൂ വാങ്ങി വരുന്ന മുടിയനെ കണ്ട് ബാലുവിന്റെ കണ്ണു തള്ളുന്നു. താനായിരുന്നെങ്കിൽ 40 ചെരുപ്പു വാങ്ങുന്ന തുകയാണ് അതെന്ന് അമ്പരപ്പോടെ ബാലു പറയുകയാണ്. ചേട്ടന്റെ ചെലവുകൾക്കു വേണ്ടി വരുന്ന പണം ഉണ്ടെങ്കിൽ ഈ വീട്ടിലേക്ക് വേണ്ട ഒരുമാസത്തെ സാധനങ്ങൾ വാങ്ങാനും പലചരക്കുകടയിലെ പറ്റു തീർക്കാനും ആവുമെന്നാണ് സഹോദരങ്ങളുടെ കണ്ടെത്തൽ.

മകൻ തിന്നുകയും കുടിക്കുകയും ചെയ്തതിന്റെ കണക്കുകൾ കണ്ട് നീലുവും ഞെട്ടിയിരിക്കുകയാണ്. മുടിയന്റെ അംബാനി ജീവിതം അവസാനിപ്പിക്കാൻ എന്താണ് ഒരു വഴി എന്ന ആലോചനയ്ക്ക് ഒരു പരിഹാരം നിർദ്ദേശിക്കുന്നത് കേശുവാണ്. ചേട്ടനെ പിടിച്ച് പെണ്ണു കെട്ടിക്കാം എന്നാണ് കേശുവിന്റെ പരിഹാര നിർദേശം. മുടിയന്റെ അധികച്ചെലവിനെ ബാലു എങ്ങനെ വരുതിയ്ക്ക് കൊണ്ടുവരും? കേശു നിർദ്ദേശിച്ച പോലെ, പെണ്ണു കെട്ടിച്ച് ഉത്തരവാദിത്വമുള്ളവനാക്കി മാറ്റൽ മാത്രമാണോ പോംവഴി? ആ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാവും ഈ എപ്പിസോഡ് നൽകുക

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്.

Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

Read more: Uppum Mulakum, Mother’s Day 2019: മകൾ രേവതി മുതൽ ‘ഉപ്പും മുളകി’ലെ പാറുക്കുട്ടി വരെ; നിഷ സാരംഗ് സംസാരിക്കുന്നു

നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook