Uppum Mulakum: അക്കൗണ്ടന്റ് നീലുവിൽ നിന്നും സിഎക്കാരിയാവുന്ന നീലു. അതാണ് ബാലുവിന്റെ ഇപ്പോഴത്തെ സ്വപ്നം. നീലുവിന്റെ സി എ കോച്ചിംഗാണ് ഇന്നത്തെ എപ്പിസോഡിന്റെ വിഷയം. ഈയിടെയായി പഠനത്തിൽ നീലു ഉഴപ്പാണെന്നാണ് മക്കളുടെ കണ്ടെത്തൽ. എന്നാൽ ഓഫീസ് തിരക്കുകളും വീട്ടു ജോലികളും പിള്ളേരുമായുള്ള അങ്കവും കഴിഞ്ഞ് പഠിക്കാൻ സമയം കിട്ടുന്നില്ലെന്നാണ് നീലുവിന്റെ പരാതി.

അമ്മ പഠിക്കാൻ പോകുന്നുണ്ടെങ്കിലും വീട്ടിൽ വന്നതിനു ശേഷം ഒന്നും പഠിക്കുന്നതു കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രശ്നം ഫ്ളാഗ് ഓഫ് ചെയ്തത് മുടിയനാണ്. സിഎക്കാരിയുടെ മക്കളാ എന്നു പറഞ്ഞു ഞെളിഞ്ഞു നടക്കണമെന്ന കേശുവിന്റെ സ്വപ്നം നടക്കാൻ പോവുന്നില്ലെന്ന് ലെച്ചു മുന്നറിയിപ്പു കൊടുക്കുന്നു.

പഠനത്തിൽ ശ്രദ്ധിക്കണമെന്ന് നാൽവർ സംഘം ഒറ്റക്കെട്ടായി നിന്ന് നീലുവിനെ ഉപദേശിച്ചിട്ടും ഒന്നും നടക്കുന്ന ലക്ഷണം കാണാത്തതിനാൽ മുടിയന്റെ നേതൃത്വത്തിൽ പ്രശ്നം ബാലുവിന്റെ കോടതിയിലെത്തുകയാണ്. മക്കളുടെ നിർബന്ധത്തെ തുടർന്ന് പ്രശ്നം ശൂലംകുടി വീട്ടിൽ ബാലചന്ദ്രൻ തമ്പി എന്ന ബാലു ഏറ്റെടുക്കുകയാണ്.

ഇല്ലാത്ത പൈസ മുടക്കിയാണ് കോച്ചിംഗ് ക്ലാസ്സിൽ വിട്ടതെന്നൊക്കെ ബാലു നീലുവിനോട് കയർത്തി നോക്കുന്നെങ്കിലും നീലു അമ്പിനും വില്ലിനും അടുക്കുന്നില്ല. ഭാര്യയായതുകൊണ്ട് തല്ലി പഠിപ്പിക്കാനും പറ്റില്ലെന്നാണ് ബാലുവിന്റെ വിഷമം. നീലുവിന്റെ നിസ്സഹകരണമൊന്നും കണക്കിലെടുക്കാതെ എന്തുവന്നാലും നീലുവിനെ സി എക്കാരിയാക്കുകയും ചെയ്യും അവളുടെ ചെലവിൽ അന്തസ്സായി കഴിയുകയും ചെയ്യും എന്ന് ബാലു ഉഗ്രശപഥം എടുക്കുകയാണ്.

നീലുവിനെ വീഴ്ത്താൻ ബാലുവും പിള്ളേരും മെനയുന്ന സൂത്രങ്ങൾ എന്താവും എന്ന് കാത്തിരുന്ന് കാണണം. ചീറ്റിപ്പോയ ആയിരമായിരം പ്ലാനുകളെ പോലെ ബാലുവിന്റെ ഈ പ്ലാനും പൊളിയുമോ?

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്.

Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

Read more: Uppum Mulakum, Mother’s Day 2019: മകൾ രേവതി മുതൽ ‘ഉപ്പും മുളകി’ലെ പാറുക്കുട്ടി വരെ; നിഷ സാരംഗ് സംസാരിക്കുന്നു

നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook