Uppum Mulakum: ‘ഉപ്പും മുളകും’ എന്ന ജനപ്രിയ ടെലിവിഷൻ സീരിയലിന്റെ 848-ാം എപ്പിസോഡാണ് ഇന്ന് സംപ്രേക്ഷണം ചെയ്യുക. കഴിഞ്ഞ എപ്പിസോഡുകളെ പോലെ തന്നെ ഇന്നത്തെ എപ്പിസോഡും ബാലുവിന്റെയും നീലുവിന്റെയും സീമന്തപുത്രനും അടുത്തിടെ മാത്രം ജോലിക്കാരനുമായ വിഷ്ണുവിനെ കേന്ദ്രീകരിച്ചാണ് എന്ന സൂചനകളാണ് അണിയറക്കാർ പുറത്തുവിട്ട പ്രമോ വീഡിയോ നൽകുന്നത്.
മടിയനായിരുന്ന മുടിയൻ കഴിഞ്ഞ ദിവസങ്ങളിൽ ബിഎസ്‌സി പാസാവുകയും ഒരു സ്വകാര്യ പരസ്യ കമ്പനിയിൽ ജോലിക്ക് കയറുകയും ചെയ്തിരുന്നു. വീട്ടിലെ ‘ഏണിംഗ് മെമ്പർ’മാരിൽ ഒരാളായതോടെ ഉത്തരവാദിത്വത്തോടെ പെരുമാറുന്ന മുടിയനെയാണ് കുറച്ചു നാളുകളായി കാണുന്നത്.
അയൽക്കാരിയും അത്യാവശ്യം ഘട്ടങ്ങളിൽ സഹായഹസ്തം നീട്ടുകയും ചെയ്യുന്ന സുഷമ ആന്റിയ്ക്ക് കടം കൊടുത്ത പണം തിരിച്ചു കിട്ടിയിരുന്നോ എന്ന മുടിയന്റെ ചോദ്യമാണ് വീട്ടിലെ പുതിയ പ്രശ്നങ്ങൾക്ക് തിരി കൊളുത്തുന്നത്. പലപ്പോഴായി തന്ന സഹായങ്ങളുടെ കണക്കെടുപ്പിനിടയിൽ ഈ പണവും അങ്ങു പോവുമോ എന്ന ആശങ്കയോടെ, മുടിയൻ പണം തിരികെ ചോദിക്കുന്നതോടെ നീലുവിന്റെയും സഹോദരങ്ങളുടെയും വിമർശനങ്ങളും മുടിയനു നേരെ നീളുകയാണ്.
പലപ്പോഴായി സഹായിച്ച സുഷ്മാന്റിയോട് പണം തിരിച്ചു ചോദിച്ച മുടിയന്റെ പ്രവർത്തിയിലെ ധാർമ്മികതയെ കാന്താരി ശിവാനി ചോദ്യം ചെയ്യുമ്പോൾ, ചേട്ടന് ഗുരുത്വമുണ്ടോ എന്നാണ് കേശുവിന്റെ ചോദ്യം ചെയ്യൽ. എല്ലാവരും എതിർ ചേരിയിൽ നിൽക്കുമ്പോഴും തന്നെ പിന്തുണയ്ക്കുന്ന അപ്പൂപ്പൻ മാത്രമാണ് മുടിയന്റെ ആശ്വാസം. കൊടുത്ത പൈസ തിരിച്ചു ചോദിക്കുന്നത് അത്ര വലിയ തെറ്റാണോ എന്നാണ് മുടിയന്റെ കൺഫ്യൂഷൻ.
എന്തായാലും മുടിയന്റെ പണം തിരിച്ചു ചോദിക്കൽ ചെറിയൊരു ഭൂകമ്പത്തിനു തിരി കൊളുത്തുന്നുണ്ടെന്ന സൂചനകളാണ് പ്രമോ നൽകുന്നത്. അമ്മയ്ക്ക് പഴയതു പോലെ തന്നോട് സ്നേഹമില്ലേ എന്നു സംശയിക്കുകയും അമ്മ ലച്ചുവിനോട് കൂടുതൽ അടുപ്പം കണിക്കുന്നതായി സംശയിക്കുകയും ചെയ്യുന്ന മുടിയന് പുതിയ സംഭവവികാസങ്ങളും ക്ഷീണമാകുന്ന ലക്ഷണമാണ് കാണുന്നത്.
വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുകയാണ് ‘ഉപ്പും മുളകും’ എന്ന ഈ കുടുംബ കോമഡി സീരിയൽ. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാണ് കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.
നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്.
കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 840 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.
Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം
ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.