Uppum Mulakum: പാറമട വീട്ടിലെ ഇണക്കങ്ങളും പിണക്കങ്ങളുമാണ് ഈ ആഴ്ചയിലെ ഉപ്പും മുളകും എപ്പിസോഡുകളിൽ വിഷയമായത്. മുടിയന്റെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന അപ്പൂപ്പനും അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പ്രശ്നം പരിഹരിക്കുന്ന മുടിയനും സംഘവും കേശു-ശിവ ദ്വന്ദ്വയുദ്ധവുമൊക്കെയായി സംഭവബഹുലമാണ് ഈ ആഴ്ച.
സ്കൂൾ മാറാൻ ഉറച്ച് കേശു; പിറകിലെ കാരണം കണ്ടെത്തി നീലു
തന്റെ ഭാവിയെ കുറിച്ച് വലിയ ആശങ്കകളാണ് കേശുവിന് ഇപ്പോൾ. തന്റെ ഭാവി സുരക്ഷിതമാക്കാൻ സ്കൂൾ മാറണമെന്ന ആവശ്യം ഉന്നയിക്കുകയാണ് കേശു. തന്റെ ഭാവി വച്ചു കളിക്കാൻ പറ്റില്ല എന്ന ഉഗ്രൻ നിലപാട് എടുത്ത കേശുവിനു മുന്നിൽ വീട്ടുകാർ കുഴയുകയാണ്. മുടിയനാണ് കേശുവിനെ പിടിവാശക്കാരനാക്കുന്നതും കേശുവിന്റെ ഇപ്പോഴത്തെ മാറ്റത്തിനു പിന്നിലെ കാരണക്കാരനെന്നുമാണ് അമ്മൂമ്മയുടെ കണ്ടെത്തൽ. യഥാർത്ഥ സത്യം ഒളിഞ്ഞിരിക്കുകയാണ്, അത് കണ്ടെത്തേണ്ടതാണെന്നാണ് സിഐഡി ശിവയുടെ നിഗമനം. രണ്ടു തല്ലു കൊടുക്കേണ്ട കേസാണെന്ന് സഹിക്കെട്ട് നീലുവും പ്രതികരിക്കുന്നു.’ചക്ക എന്നു പറയുമ്പോൾ മാങ്ങ’ എന്നു കേൾക്കുന്ന കേശുവിന് എന്തോ പ്രശ്നമുണ്ടെന്ന് ലെച്ചുവും വിധിയെഴുതുന്നു.
എന്താണ് കേശുവിന്റെ പെട്ടെന്നുള്ള ബോധോദയത്തിനു പിന്നിൽ? ശിവയുടെ നിഗമനം ശരിയാണെങ്കിൽ, സ്കൂൾ മാറണം എന്ന കേശുവിന്റെ പെട്ടെന്നുള്ള ആഗ്രഹത്തിനു പിന്നിലെ കാരണങ്ങൾ കണ്ടെത്തുകയാണ് നീലു. അതിനു പരിഹാരവും നീലു തന്നെ കണ്ടെത്തുന്നു.
മുടിയന്റെ പ്രശ്നങ്ങളും അപ്പൂപ്പന്റെ പ്ലാൻ ബിയും
ജോലിക്കാരനായതിൽ പിന്നെ മുടിയന് പഴയതുപോലെ വീട്ടുകാരോട് സംസാരിക്കാനും വീട്ടിൽ ചെലവഴിക്കാനും സമയമില്ലെന്നു മാത്രമല്ല, ക്ലൈന്റിന്റെ ഫോൺ വന്നാൽ എപ്പോൾ വേണമെങ്കിലും പോവേണ്ട സ്ഥിതിയുമാണ്. ക്ലൈന്റിന്റെ ഭാഗത്തു നിന്നുള്ള പ്രഷറും ഓഫീസിലെ പ്രഷറുമൊക്കെയായി മുടിയൻ ശരിക്കും വലയുന്നുണ്ട്. ജോലിയുടെ സ്ട്രെസ്സ് തന്നെയാണ് മുടിയന്റെ ഇപ്പോഴത്തെ തലവേദന. പലപ്പോഴും വീട്ടിലും സ്വസ്ഥത തരാത്ത രീതിയിൽ ജോലിയുടെ ടെൻഷൻ മുടിയനെ പിന്തുടരുകയാണ്.
എന്താണ് മുടിയന്റെ പ്രശ്നമെന്നറിയാനും പരിഹാരം നിർദ്ദേശിക്കാനും അപ്പൂപ്പനും അമ്മൂമ്മയും തയ്യാറാകുന്നുണ്ടെങ്കിലും അവരോട് കാര്യങ്ങൾ തുറന്നുപറയാൻ മുടിയൻ മടിക്കുകയാണ്. ലെച്ചുവും ശിവയും കഴിയുന്നതും മുടിയനെ പ്രോത്സാഹിപ്പിച്ചിട്ടും മുടിയന്റെ സങ്കോചം മാറുന്നില്ല, അപ്പൂപ്പന് പരിഹരിക്കാവുന്ന കാര്യമല്ലെന്ന മുൻവിധിയോടെയാണ് മുടിയന്റെ സമീപനം. ഒടുവിൽ അപ്പൂപ്പൻ തന്നെയാണ് മുടിയന്റെ രക്ഷയ്ക്കെത്തുന്നത്. പ്രശ്നങ്ങൾക്കിടയിൽ പെട്ട് നട്ടം തിരിയുന്ന മുടിയന് പ്ലാൻ ബി നിർദ്ദേശിക്കുകയാണ് ശൂലംകുടി വീട്ടിൽ തമ്പി.
അപ്പൂപ്പന്റെയും അമ്മൂമ്മയുടെ വഴക്ക് പരിഹരിച്ച് മുടിയനും സംഘവും
കേശുവിന്റെയും ശിവയുടെയും വഴക്ക് ഒന്ന് ഒതുങ്ങിയപ്പോഴേക്കും പാറമട വീട്ടിൽ അടുത്ത സംഘർഷം തുടങ്ങി. ഇത്തവണ വഴക്ക് മുതിർന്നവർ തമ്മിലാണ്. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വഴക്ക് പരിഹരിക്കാൻ മുടിയനും ലെച്ചുവും കേശുവും ശിവയും പാടുപെടുകയാണ്. എന്നാൽ അമ്പിനും വില്ലിനും അടുക്കുന്നില്ല അപ്പൂപ്പൻ ശൂലംകുടി വീട്ടിൽ തമ്പി. എന്നോട് മിണ്ടാത്തവരോട് മിണ്ടാൻ എനിക്കും താൽപ്പര്യമില്ലെന്ന് അമ്മൂമ്മയും പ്രഖ്യാപിക്കുന്നതോടെ ബാലചന്ദ്രൻ തമ്പി സൺസിനു മുന്നിൽ വഴിമുട്ടുകയാണ്.
പൊതുവേ ഐഡിയ ബാങ്കായ ലെച്ചുവിന്റെ ഐഡിയയും ചീറ്റിപ്പോകുന്നു. വാശിക്ക് ഞങ്ങൾ ശൂലംകുടി വീട്ടുകാർ ഒട്ടും പിറകിലല്ല എന്നാണ് തമ്പിയുടെ പ്രഖ്യാപനം. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വഴക്ക് ഒടുവിൽ മുടിയനും സംഘവും പരിഹരിക്കുകയാണ്.
കേശുവിന്റെയും ശിവയുടെയും പിണക്കവും ഇണക്കവും
പാറമടവീട്ടിലെ ‘രാമലക്ഷ്മണൻമാരെ’ പോലെയാണ് കേശുവും ശിവയും. കേശുവിനെ ആരെങ്കിലും കളിയാക്കിയാൽ കളിയാക്കുന്നവരെ പ്രതിരോധിക്കാൻ ശിവ മുന്നിൽ കാണും. തിരിച്ച് ശിവയെ കളിയാക്കിയാൽ കേശുവും. സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും കരുതൽ കൊണ്ടും പലപ്പോഴും പാറമട വീട്ടിലുള്ളവരുടെ പോലും കണ്ണു നനയ്ക്കുന്ന ചേട്ടനും അനിയത്തിയും.
എന്നാൽ, കേശുവും ശിവയും തമ്മിലുള്ള പോരാണ് ഇന്നത്തെ വിഷയം. കേശു എന്തു പറഞ്ഞാലും തട്ടികയറുന്ന ശിവ. ശിവയുടെയും വീട്ടിലെ പെണ്ണുങ്ങളുടെയും നടുക്കു നിന്നാൽ എനിക്കു ഭ്രാന്തു പിടിക്കുമെന്നാണ് കേശുവിന്റെ വിലാപം. ഞാൻ അറിഞ്ഞൊന്നു അലറിയാൽ മതി നീ കണ്ടം വഴി ഓടും എന്നാണ് ശിവയുടെ ഭീഷണി. രണ്ടുപേരും തമ്മിൽ എത്ര വഴക്കിട്ടാലും വീണ്ടും അടയും ചക്കരയും പോലെ ഇണങ്ങുമെന്ന് മുടിയൻ ആശ്വസിക്കുമ്പോഴും ഇത് അങ്ങനെയാവുമെന്ന് തോന്നുന്നില്ലെന്നാണ് ലെച്ചുവിന്റെ വിലയിരുത്തൽ.
എന്തായാലും കേശുവും ശിവയും പരസ്പരം വിട്ടുകൊടുക്കാതെ പരസ്പരം പോരടിക്കുകയാണ്. ഇതെൊക്കെ മാനേജ് ചെയ്തു കൊണ്ടുപോകുന്ന നീലുവിന് അവാർഡ് കൊടുക്കുന്ന കാര്യം പോലും കുട്ടൻപ്പിള്ളയും ബാലുവിന്റെ സഹോദരനും ആലോചിക്കുന്നുണ്ട്. പാറമട വീട്ടിലെ കേശു- ശിവ ദ്വന്ദ്വയുദ്ധത്തിന്റ രസകരമായ കാഴ്ചകളും ഇണക്കവുമാണ് ഈ എപ്പിസോഡിന്റെ വിഷയം.
വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.
Read more: Uppum Mulakum: കാലം കേശുവിനെ ഏൽപ്പിച്ച നിയോഗം
നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.
Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം
കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.
ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.
നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.