Uppum Mulakum: ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയതാരം ഋഷി എസ് കുമാറിന്റെ പിറന്നാളായിരുന്നു ഇന്നലെ. താരത്തിന് സുഹൃത്തുകൾ ചേർന്ന് ഒരു സർപ്രൈസ് പിറന്നാൾ പാർട്ടി തന്നെയാണ് ഒരുക്കിയത്. ബലൂണുകൾ നിറച്ച മുറിയിൽ കൂട്ടുകാരുടെ പിറന്നാൾ സർപ്രൈസ് കണ്ട് കൗതുകവും സന്തോഷവും അടക്കാനാവാതിരിക്കുകയാണ് ഋഷി. ഋഷി തന്നെയാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കു വച്ചിരിക്കുന്നത്.

ഋഷി എസ്‌ കുമാർ എന്ന പേരിനേക്കാൾ മുടിയൻ എന്ന പേരാണ് ഋഷിയെ പോപ്പുലറാക്കിയത്. ഉപ്പും മുളകും സീരിയലിലെ മുടിയനായ ഫ്രീക്കൻ പയ്യന് ഏറെ ആരാധകരുണ്ട് സോഷ്യൽ മീഡിയയിൽ. ഡാൻസിനോട് ഏറെ താൽപ്പര്യമുള്ള ഋഷിയുടെ മിനിസ്ക്രീനിലേക്കുള്ള അരങ്ങേറ്റം ഡി4 ഡാൻസ് എന്ന പ്രോഗ്രാമിലൂടെയായിരുന്നു. ഉപ്പും മുളകും സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ഋഷി, ‘പൈപ്പിൻ ചുവട്ടിലെ പ്രണയം’ എന്ന സിനിമയിലും അഭിനയിച്ചിരുന്നു.

‘ബോധം പോയി’ എന്നൊരു ആല്‍ബവും അടുത്തിടെ ഋഷിയുടേതായി പുറത്തിറങ്ങിയിരുന്നു. അഭിനയത്തിനൊപ്പം പാട്ടിന് വരികളെഴുതിയും ആലപിച്ചതുമൊക്കെ ഋഷി തന്നെയാണ്. രഞ്ജിത്ത് മേലേപ്പാട്ടാണ് ആല്‍ബത്തിന് സംഗീതം നല്‍കിയത്. മുടിയനൊപ്പം ഐശ്വര്യ ഉണ്ണിയും ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ട്. അര്‍ജുന്‍ ഉണ്ണികൃഷ്ണനാണ് ഈ സംഗീത ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്.

നേരത്തെ ബോധം പോയി ആല്‍ബം റിലീസിങ്ങിനോട് അനുബന്ധിച്ച പുറത്തിറങ്ങിയ വീഡിയോയും തരംഗമായി മാറിയിരുന്നു. വീഡിയോയിൽ അനു സിതാര, ഭാമ, നൂഫിൻ ഷെരിഷ്, മെറീന മൈക്കിൾ, ഉപ്പും മുളകിൽ മുടിയന്റെ സഹോദരങ്ങളായി അഭിനയിക്കുന്ന ലെച്ചുവും കേശുവും ശിവയും വരെ എന്താണ് ഈ ബോധം പോയി സംഭവം എന്നു തിരക്കിയിരുന്നു.

 

View this post on Instagram

 

What is #Bodam Poyi…… Njaan parayaam …I’ll tell @mithunmithran @aneesh_smartpix

A post shared by Rishi S Kumar (@rishi_skumar) on

എന്തോ സംഭവം വരാനിരിക്കുന്നതിന്റെ ട്രെയിലർ എന്ന അനുമാനത്തിൽ പ്രേക്ഷകരും എത്തിയെങ്കിലും ബോധം പോയോ എന്നത് കൊണ്ട് മുടിയൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആർക്കും ഒരെത്തും പിടിയും കിട്ടിയിരുന്നില്ല. പിന്നീട്, മുടിയൻ തന്നെ മറുപടിയുമായി എത്തി. പക്ഷേ ഒരു നാൾ കൂടി കാത്തിരിക്കാനായിരുന്നു മുടിയന്റെ അപേക്ഷ.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

Read More: Uppum Mulakum: വീണ്ടും സർപ്രൈസുമായി മുടിയൻ

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്.

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook