Uppum Mulakum Parukutty: ഭക്ഷണത്തോടുള്ള കേശുവിന്റെ ഇഷ്ടം പാറമട വീട്ടൽ നിത്യം ചിരികോളൊരുക്കുന്ന കാര്യങ്ങളിലൊന്നാണ്. എത്ര പിണങ്ങിയിരുന്നാലും ഭക്ഷണം എന്നു കേട്ടാൽ പിണക്കം മറന്ന് കേശു ഓടിയെത്തും. ചേട്ടൻ കേശുവിനെ പോലെയാണ് ഭക്ഷണകാര്യത്തിൽ പാറുക്കുട്ടിയും. പല എപ്പിസോഡുകളിലും പാറുക്കുട്ടിയുടെ ഭക്ഷണതാൽപ്പര്യം വിഷയമായിട്ടുണ്ട്. കേശുവിനെ പോലെ തന്നെ അടുക്കളയിൽ ചുറ്റിതിരിയുന്ന പാറുക്കുട്ടിയേയും പല എപ്പിസോഡുകളിലും കാണാം.
ഇപ്പോഴിതാ, ഫുഡ് എന്നു കേൾക്കുമ്പോൾ ഓടി വരുന്ന പാറുക്കുട്ടിയുടെ ഒരു വീഡിയോ ആണ് പാറുക്കുട്ടി ഫാൻസ് ഗ്രൂപ്പുകളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ‘ഇങ്ങോട്ട് വരൂ’ എന്ന് നീലുവും കേശുവും മാറിമാറി വിളിച്ചിട്ടും കേട്ടഭാവമില്ലാതെ ഇരിക്കുന്ന പാറുവിനെ ഭക്ഷണകാര്യം പറഞ്ഞ് കൊതിപ്പിക്കുകയാണ് അമ്മയും ചേട്ടനും കൂടെ. കേശുവിന് ഭക്ഷണം വാരികൊടുക്കുന്നതുപോലെയുള്ള നീലുവിന്റെ ആംഗ്യം കണ്ട് ഓടിയടുക്കുന്ന പാറുക്കുട്ടിയുടെ വീഡിയോ ചിരിയുണർത്തും.
ഉപ്പും മുളക് എപ്പിസോഡുകളിൽ പാറുക്കുട്ടി പ്രത്യക്ഷപ്പെടുന്ന ഓരോ സീനുകളും കൃസൃതികളും പ്രേക്ഷകരെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടതാണ്. കാരണം സീരിയൽ പ്രേക്ഷകർക്കിടയിൽ അത്രയേറെ ആരാധകരുണ്ട് മിനിസ്ക്രീനിലെ ഈ കുഞ്ഞുമാലാഖയ്ക്ക്. കുട്ടിത്തത്തിന്റെ നിഷ്കളങ്കതയോടെയുള്ള പാറുക്കുട്ടിയുടെ ചിരികളികളും ഭാവങ്ങളും കുസൃതികളുമൊക്കെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
എല്ലാവരും അഭിനയിക്കുമ്പോൾ ക്യാമറയ്ക്കു മുന്നിൽ ജീവിക്കുകയാണ് ഒന്നരവയസ്സുകാരിയായ ബേബി അമേയ. തനിക്കു തോന്നുന്നതൊക്കെ ഡയലോഗായി പറഞ്ഞും ചിരിച്ചും പാട്ടുപാടിയും ആടിയുമൊക്കെ തന്റെ തന്നെ സ്ക്രിപ്റ്റിലാണ് അമേയയുടെ അഭിനയം. സീരിയലിൽ പാറുക്കുട്ടിയ്ക്ക് മാത്രമാണ് സ്ക്രിപ്റ്റോ എൻട്രിയോ എക്സിറ്റോ ഒന്നുമില്ലാത്തതെന്ന് ഉപ്പും മുളകിൽ പാറുക്കുട്ടിയുടെ അച്ഛനായി അഭിനയിക്കുന്ന ബിജു സോപാനം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. “വരുന്നു, ഇഷ്ടമുള്ളതൊക്കെ പെർഫോം ചെയ്തു പോവുന്നു, പാറുക്കുട്ടി എന്തു ചെയ്യുന്നു,അതാണ് സ്ക്രിപ്റ്റ്’ എന്നാണ് ബിജു സോപാനം പറഞ്ഞത്. അത് ഏറെക്കുറെ ശരിയാണ് താനും.
വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.
നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.
നാലു വർഷങ്ങൾ കൊണ്ട് അഭിനേതാക്കൾക്കിടയിൽ ഉണ്ടായ ആത്മബന്ധവും ‘ഉപ്പും മുളകി’നെ ഹൃദ്യമായ അനുഭവമാക്കി മാറ്റുന്നു. “നാലു വർഷം കൊണ്ട് ഇവർക്ക് വന്ന വളർച്ച നോക്കി കാണുക എന്നു പറയുന്നത് രസകരമായ അനുഭവമാണ്. കേശു വന്നപ്പോൾ ‘കീയോ കീയോ’ ശബ്ദമായിരുന്നു. ഇപ്പോ സൗണ്ടൊക്കെ ഏകദേശം മാറി തുടങ്ങി. ചെറിയ പൊടിമീശ വന്നു തുടങ്ങി. ശിവാനിയും മുടിയനും ലെച്ചുവും ഒക്കെയതേ. പക്വത വന്നു, അഭിനയത്തെ സീരിയസ്സായി കാണാൻ തുടങ്ങി. ഇപ്പോൾ എന്തിനാണ് അഭിനയിക്കുന്നുത്, എങ്ങനെ ചെയ്യണം, അഭിനയിക്കുന്ന രീതി- അതൊക്കെ വളരെ സീരിയസായി എടുക്കാൻ തുടങ്ങി. ജീവിതത്തെയും വളരെ സീരിയസ്സായി സമീപിച്ചു തുടങ്ങിയിട്ടുണ്ട് നാലു പേരും,” ‘ഉപ്പും മുളകി’ൽ തന്റെ മക്കളായി അഭിനയിക്കുന്ന കുട്ടികളെ കുറിച്ച് ബിജു സോപാനം പറയുന്നു.
Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം
കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.
ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.
നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook