Uppum Mulakum: സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ഉപ്പും മുളക് ടീമിന്റെ ഓണാഘോഷം. കളിയും ചിരിയും തമാശകളുമായി പ്രേക്ഷകരുടെ കയ്യടി വാങ്ങുകയാണ് ബാലുവും കുടുംബവും. സുന്ദരിക്കൊരു പൊട്ടുകുത്തല്‍ മത്സരത്തിന് നീലുവിന്റെ ചിത്രം കൊണ്ടുവച്ചത് ബാലുവിനെ ചൊടിപ്പിച്ചെങ്കിലും പിന്നീടെല്ലാം ഫണ്‍ ട്രാക്കിലേക്ക് മാറി.

മഞ്ജു വാര്യര്‍, നയന്‍താര, സായ് പല്ലവി എന്നിവര്‍ക്കൊപ്പം നീലുവിന്റെ പടം കൊണ്ടുവച്ചതോടെയാണ് ബാലു ദ്വേഷ്യപ്പെട്ടത്. എന്തിനാണ് നിലുവിന്റെ ചിത്രം ഇവര്‍ക്കൊപ്പം വച്ചതെന്നായി ബാലു. പടം കണ്ട് ഏതെങ്കിലും സംവിധായകര്‍ നീലുവിനെ സിനിമയിലേക്ക് കൊണ്ടുപോയാല്‍ നീലു തന്നെ ഇട്ടിട്ട് പോകില്ലേ എന്നായി ബാലു. നീലു സുന്ദരിയാണെന്നും ബാലു സമ്മതിക്കുന്നുണ്ട്. പിന്നീട് നീലുവിനൊപ്പം സുന്ദരി നീയും സുന്ദരന്‍ ഞാനും എന്ന പാട്ടിന് ബാലു താളം ചവിട്ടുകയും ചെയ്തു.

കളിയും ചിരിയുമായാണ് ഉപ്പും മുളക് ടീം ഇത്തവണ ഓണം ആഘോഷിച്ചത്. സുന്ദരിക്കൊരു പൊട്ടുകുത്തലും ഉറിയടിയുമൊക്കെയായി വലിയ ആഘോഷമായിരുന്നു ഓണം പരിപാടികള്‍. കളികള്‍ക്ക് ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. ഓണസദ്യയിലും ഓണ പരിപാടികളിലും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം പാറുക്കുട്ടി തന്നെയായിരുന്നു. പാറുക്കുട്ടി ഓണസദ്യ കഴിക്കുന്ന രംഗങ്ങളെല്ലാം അത്ര മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

Read Here: Uppum Mulakum: ഓണത്തനിമയിൽ നീലുവും പെൺപിള്ളേരും; ഉപ്പും മുളകും താരങ്ങളുടെ ഓണച്ചിത്രങ്ങൾ

ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ നീലുവമ്മയുടെയും പെൺമക്കളായ ലെച്ചുവിന്റെയും ശിവയുടെയും പാറുവിന്റെയുമെല്ലാം ഓണക്കാല ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുണ്ടും വേഷ്ടിയുമണിഞ്ഞ് കേരളീയ പെൺകൊടികളായി നീലവുവും ലെച്ചുവും പ്രത്യക്ഷപ്പെടുമ്പോൾ പട്ടുപാവാടയിലാണ് പാറുക്കുട്ടി. ശിവയാകട്ടെ മലയാളി മങ്ക വേഷത്തിൽ ഒരു ഗംഭീരൻ ഷൂട്ട് തന്നെ നടത്തി കളഞ്ഞു.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.

നാലു വർഷങ്ങൾ കൊണ്ട് അഭിനേതാക്കൾക്കിടയിൽ ഉണ്ടായ ആത്മബന്ധവും ‘ഉപ്പും മുളകി’നെ ഹൃദ്യമായ അനുഭവമാക്കി മാറ്റുന്നു. “നാലു വർഷം കൊണ്ട് ഇവർക്ക് വന്ന വളർച്ച നോക്കി കാണുക എന്നു പറയുന്നത് രസകരമായ അനുഭവമാണ്. കേശു വന്നപ്പോൾ ‘കീയോ കീയോ’ ശബ്ദമായിരുന്നു. ഇപ്പോ സൗണ്ടൊക്കെ ഏകദേശം മാറി തുടങ്ങി. ചെറിയ പൊടിമീശ വന്നു തുടങ്ങി. ശിവാനിയും മുടിയനും ലെച്ചുവും ഒക്കെയതേ. പക്വത വന്നു, അഭിനയത്തെ സീരിയസ്സായി കാണാൻ തുടങ്ങി. ഇപ്പോൾ എന്തിനാണ് അഭിനയിക്കുന്നുത്, എങ്ങനെ ചെയ്യണം, അഭിനയിക്കുന്ന രീതി- അതൊക്കെ വളരെ സീരിയസായി എടുക്കാൻ തുടങ്ങി. ജീവിതത്തെയും വളരെ സീരിയസ്സായി സമീപിച്ചു തുടങ്ങിയിട്ടുണ്ട് നാലു പേരും,” ‘ഉപ്പും മുളകി’ൽ തന്റെ മക്കളായി അഭിനയിക്കുന്ന കുട്ടികളെ കുറിച്ച് ബിജു സോപാനം പറയുന്നു.

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook