Uppum Mulakum: മലയാളം ടെലിവിഷൻ സീരിയൽ കാഴ്ചക്കാരുടെ ആസ്വാദന ശൈലിയെ മാറ്റി മറിച്ച് മുന്നേറുകയാണ് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സീരിയൽ. വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ബാലുവും കുടുംബവും ഇന്ന് മലയാളികളുടെ സ്വീകരണ മുറികളിലെ സ്ഥിരസാന്നിധ്യമാണ്.

Also Read: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

ടെലിവിഷനിൽ മാത്രമല്ല, യൂട്യൂബിലും ‘ഉപ്പും മുളകി’നു നിരവധി ആരാധകരാണുള്ളത്. ഒരുപക്ഷേ, ചാനലിൽ ‘ഉപ്പും മുളകും’ കാണുന്നതിനേക്കാൾ കൂടുതൽ പ്രേക്ഷകർ യൂട്യൂബിലാവും ഈ സീരിയൽ കാണുന്നുണ്ടാവുക. മിക്കപ്പോഴും യൂട്യൂബ് ട്രെൻഡിങ്ങിലും ഉപ്പും മുളകും ആദ്യ സ്ഥാനങ്ങളിൽ ഇടംപിടിക്കാറുണ്ട് പലപ്പോഴും ഒന്നാം സ്ഥാനത്ത് തന്നെയാകാറുമുണ്ട്. വീണ്ടും ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുകയാണ് ഉപ്പും മുളകും പുതിയ എപ്പിസോഡ്.

ഏറ്റവും പുതിയ എപ്പിസോഡിൽ വിഷ്ണുവിന്റെ പഴയ വീരസാഹസ കഥകൾ വിവരിക്കുകയാണ് ബാലു. ആരാണ് വീട്ടിൽ ഇളയത്തുങ്ങളെ ഏറ്റവും കൂടുതൽ നോക്കിയിരിക്കുന്നത് എന്ന ശിവാനിയുടെ ചോദ്യത്തിൽ നിന്നുമാണ് എപ്പിസോഡ് ആരംഭിക്കുന്നത്. ലെച്ചുവാണ് കുട്ടികളെ നോക്കിയിരിക്കുന്നതെന്നും വിഷ്ണു വാശിക്കാരനാണെന്നും അമ്മ പറഞ്ഞതോടെ കൂടുതൽ കാര്യങ്ങൾ അറിയാൻ ശിവാനിയും കേശുവും അച്ഛന്റടുത്ത് എത്തുന്നു.

ഇതോടെ അച്ഛൻ വിഷ്ണു ചെയ്ത വീരകൃത്യങ്ങൾ ഒന്നൊന്നായി വിവരിച്ചു. കുഞ്ഞായിരിക്കെ കരഞ്ഞ കേശുവിന്റെ വായിൽ ബണ്ണ് കുത്തികയറ്റിയതും, ശിവാനിക്ക് വച്ചിരുന്ന ഹോർലിക്സും പാലും കട്ടു കുടിച്ചതും പിന്നെ ക്രീം ബിസ്ക്കറ്റിലെ ക്രീം മാത്രം നക്കി തിന്നതുമായി നിരവധി കഥകൾ. ഇത് കേട്ടതും കലിപ്പിലായ കേശുവും ശിവയും വിഷ്ണുവിനെ വിടാതെ പിന്തുടർന്ന് പകരം വീട്ടുന്നതുമാണ് കഥ. ഏതായാലും ഈ എപ്പിസോഡും ആരാധകർ ഏറ്റെടുത്തതോടെ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് 918-ാം എപ്പിസോഡ്.

2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 900 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്. വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook