Uppum Mulakum: ജനപ്രിയ ടെലിവിഷൻ സീരിയലായ ഉപ്പും മുളകും 847-ാം എപ്പിസോഡിലേക്ക് കടക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാലുവിന്റെയും നീലുവിന്റെയും മൂത്ത പുത്രനായ വിഷ്ണുവിനെ കേന്ദ്രീകരിച്ചാണ് കഥ മുമ്പോട്ട് പോകുന്നത്. ഇനി വരുന്ന എപ്പിസോഡിലും അങ്ങനെയായിരിക്കും എന്ന സൂചന നൽകികൊണ്ടാണ് അണിയറ പ്രവർത്തകർ പ്രമോ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
അമ്മയുടെ പ്രിയപ്പെട്ടവനായ മുടിയനോടുള്ള നീലുവിന്റെ സ്നേഹം കുറഞ്ഞ് വരുന്നതായി വിഷ്ണുവിന് സംശയം. വിഷ്ണുവിനെ അവഗണിച്ച് ലച്ചുവിനോട് അമ്മ കൂടുതൽ അടുപ്പം കണിക്കുന്നതായി വിഷ്ണു ഇളയ സഹോദരങ്ങളായ കേശുവിനോടും ശിവാനിയോടും പരാതി പറയുന്നതും കാണാം. അവർ അത് അംഗീകരിക്കുന്നുമുണ്ട്.
Also Read: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം
വിഷ്ണുവിനെ കൊണ്ട് വീട്ടിലെ പണികൾ ചെയ്യിപ്പിക്കുന്നതും, കിടന്നുറങ്ങുന്ന ലെച്ചുവിനെ ശല്യപ്പെടുത്തിയ മുടിയനെ അമ്മ വഴക്ക് പറയുന്നതും ഇതിന്റെ സൂചനകൾ വിഷ്ണു കാണുന്നു. മടിയാനായിരുന്ന മുടിയൻ കഴിഞ്ഞ ദിവസങ്ങളിൽ ബിഎസ്‌സി പാസാവുകയും ഒരു സ്വകാര്യ പരസ്യ കമ്പനിയിൽ ജോലിക്ക് കയറുകയും ചെയ്തിരുന്നു.
വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുകയാണ് ഈ കുടുംബ കോമഡി സീരിയൽ.
കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ആകർഷിക്കുന്ന ‘ഉപ്പും മുളകി’ന്റെ ആ യുഎസ്‌പി, ചിലപ്പോൾ അധികം ഡ്രാമയില്ലാതെ പറഞ്ഞുപോകുന്ന സീരിയലിന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം. നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ., അതിന്റെ ഒർജിനാലിറ്റി നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകി’ൽ. കണ്ടു കണ്ട് ആ വീടും വീട്ടിലെ അംഗങ്ങളും എവിടെയോ ജീവിച്ചിരിപ്പുണ്ടാവാം എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ കഴിയുന്നു എന്നതും ഈ ജനപ്രീതിയ്ക്ക് പിറകിലുണ്ട്.