Uppum Mulakum: ‘ബോധം പോയി’ എന്ന സംഗീത ആൽബത്തിനു ശേഷം ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയതാരം ഋഷി എസ് കുമാർ വീണ്ടുമെത്തുന്നു. സഹോദരൻ റിഷേകിന് ഒപ്പമാണ് ഋഷിയുടെ ഇത്തവണത്തെ വരവ്. ഒരു ഇംഗ്ലീഷ് അക്വസ്റ്റിക് കവർ സോങ്ങുമായി വരുന്ന കാര്യം ഋഷി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.
ടൊവിനോ തോമസായിരുന്നു മുടിയന്റെ ‘ബോധം പോയി’ എന്ന ആല്‍ബം ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നത്. അഭിനയത്തിനൊപ്പം പാട്ടിന് വരികളെഴുതിയും ആലപിച്ചതുമൊക്കെ ഋഷി തന്നെയാണ്. രഞ്ജിത്ത് മേലേപ്പാട്ടാണ് ആല്‍ബത്തിന് സംഗീത നല്‍കിയിരിക്കുന്നത്. മുടിയനൊപ്പം ഐശ്വര്യ ഉണ്ണിയും ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ട്. അര്ജുന് ഉണ്ണികൃഷ്ണനാണ് ഈ സംഗീത ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്.
നേരത്തെ ബോധം പോയി ആല്‍ബം റിലീസിങ്ങിനോട് അനുബന്ധിച്ച പുറത്തിറങ്ങിയ വീഡിയോയും തരംഗമായി മാറിയിരുന്നു. വീഡിയോയിൽ അനു സിതാര, ഭാമ, നൂഫിൻ ഷെരിഷ്, മെറീന മൈക്കിൾ, ഉപ്പും മുളകിൽ മുടിയന്റെ സഹോദരങ്ങളായി അഭിനയിക്കുന്ന ലെച്ചുവും കേശുവും ശിവയും വരെ എന്താണ് ഈ ബോധം പോയി സംഭവം എന്നു തിരക്കിയിരുന്നു.
എന്തോ സംഭവം വരാനിരിക്കുന്നതിന്റെ ട്രെയിലർ എന്ന അനുമാനത്തിൽ പ്രേക്ഷകരും എത്തിയെങ്കിലും ബോധം പോയോ എന്നത് കൊണ്ട് മുടിയൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആർക്കും ഒരെത്തും പിടിയും കിട്ടിയിരുന്നില്ല. പിന്നീട്, മുടിയൻ തന്നെ മറുപടിയുമായി എത്തി. പക്ഷേ ഒരു നാൾ കൂടി കാത്തിരിക്കാനായിരുന്നു മുടിയന്റെ അപേക്ഷ.
വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.
Read More: Uppum Mulakum: വീണ്ടും സർപ്രൈസുമായി മുടിയൻ
നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്.
കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.