Uppum Mulakum: ബാലുവിന്റെ സാന്നിധ്യമില്ലാത്ത എപ്പിസോഡുകളാണ് ഈ ആഴ്ച കടന്നു പോയത്. പാറമട വീട്ടിൽ നീലുവും കുട്ടിപ്പടയും തമ്മിലുള്ള പതിവു അങ്കങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയാണ് ‘ഉപ്പും മുളകും’ എപ്പിസോഡുകളിൽ പറഞ്ഞു പോയത്.
കേശുവിന്റെ തള്ളും നൊസ്റ്റാൾജിയയും
രാവിലെയെണീറ്റപ്പോൾ മുതൽ പഴയ കാല ഓർമ്മകൾ അയവിറക്കുകയാണ് കേശു. ശിവയേയും ലെച്ചുവിനെയുമെല്ലാം പഴയ കഥകൾ പറഞ്ഞു ബോറടിപ്പിക്കുന്ന ബഡായി കേശുവാണ് ഈ എപ്പിസോഡിന്റെ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്.
തന്റെ നൊസ്റ്റാൾജിയ കഥകളോട് സഹോദരങ്ങളും അമ്മയും വലിയ താൽപ്പര്യം കാണിക്കാത്തതോടെ കേശു പതിയെ കലിപ്പ് ടോണിലെത്തുന്നു. ശിവയോടും ലെച്ചുവിനോടും മുടിയനോടുമൊക്കെ തട്ടികയറുന്ന കേശു ഒടുവിൽ പുതിയ പുതപ്പ് എന്ന ആവശ്യത്തിലാണ് പ്രശ്നം കൊണ്ടവസാനിപ്പിക്കുന്നത്.
അച്ഛനും അമ്മയ്ക്കും മാത്രം പോരാ ഞങ്ങൾക്കും വേണം പുതിയ പുതപ്പെന്ന ആവശ്യവുമായി മറ്റു മൂന്നുപേരും കൂടെ കേശുവിനൊപ്പം നിലയുറപ്പിക്കുന്നതോടെ നീലു സംഘർഷത്തിലാവുന്നു.
മക്കളുടെ ശീതസമരം അവസാനിക്കാൻ പുതപ്പു വാങ്ങി നീലു എത്തുമ്പോൾ, പുതപ്പിന് ക്വാളിറ്റി പോരെന്ന പുതിയ പരാതിയുമായി കുട്ടിപ്പട വീണ്ടും പ്രശ്നമുണ്ടാക്കുകയാണ്.
Read more about Uppum Mulakum: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം
ഒടുവിൽ ക്വാളിറ്റിയില്ലാത്ത ആ പുതപ്പുകൾ എന്തിനു വാങ്ങിയെന്ന പിള്ളേരുടെ ചോദ്യത്തിന്, പുതപ്പിനു പിറകിലെ സഹതാപത്തിന്റെ കഥ നീലു പറയുന്നതോടെ പ്രശ്നങ്ങൾ അവസാനിക്കുകയാണ്.
കുട്ടികളുമായുള്ള നീലുവിന്റെ പതിവു അങ്കവും ആഗ്രി ബേർഡ് ആവുന്ന കേശുവിന്റെ കലിപ്പ് ടോണും അമ്മയുടെ മനസ്സിന്റെ നന്മ തിരിച്ചറിയുന്ന കുട്ടിപ്പടയുടെ സ്നേഹവുമൊക്കെയാണ് ഈ എപ്പിസോഡിന്റെ ഹൈലൈറ്റ്.
ഡാൻസില്ലാതെ മുടിയനൊരു ജീവിതമുണ്ടോ?
മുടിയന്റെ ഡാൻസാണ് 845-ാം എപ്പിസോഡിന്റെ ഹൈലൈറ്റ്. പാത്രം കഴുകുന്ന ശിവയെ പതിവു പോലെ ചൊറിയുന്ന കേശുവിൽ നിന്ന് ആരംഭിക്കുന്ന എപ്പിസോഡ് പാറമട വീട്ടിലെ പതിവു അടുക്കള അങ്കത്തിലേക്ക് കടക്കുകയാണ്. ഇടയിൽ മുടിയൻ ഡാൻസ് പ്രാക്റ്റീസ് മുടക്കിയത് വാർത്തയാവുന്നു. ജോലിയ്ക്ക് പോവാൻ തുടങ്ങിയതോടെ ചേട്ടൻ ഡാൻസ് മറന്നോ? എന്ന ചോദ്യത്തോടെ സഹോദരങ്ങൾ മുടിയനെ ചോദ്യം ചെയ്യുകയാണ്.
ജോലി തിരക്കിൽ ഡാൻസ് വിട്ടാലോ എന്ന് ആലോചിക്കുന്ന മുടിയനോട് കടുത്ത വിയോജിപ്പാണ് കേശുവിനും ശിവയ്ക്കും ലെച്ചുവിനുമെല്ലാമുള്ളത്. ഡാൻസും മുടിയും ഇല്ലെങ്കിൽ ചേട്ടനെ ഒന്നിനും കൊള്ളില്ല, എന്നാണ് കേശുവിന്റെ അഭിപ്രായം. സഹോദരങ്ങളും നീലുവും രണ്ടുവശത്തും നിന്നും മോട്ടിവേഷൻ കൊടുത്തിട്ടും ഡാൻസ് തൽക്കാലം ഒഴിവാക്കാം എന്നു തീരുമാനിക്കുന്ന മുടിയന്റെ തീരുമാനം എല്ലാവരെയും വിഷമിപ്പിക്കുന്നു.
എന്നാൽ, ഡാൻസ് ഇല്ലാതെ തനിക്ക് പറ്റില്ലെന്ന് തിരിച്ചറിഞ്ഞ് പാറുക്കുട്ടിയ്ക്ക് മുന്നിൽ നൃത്തം ചെയ്യുന്ന മുടിയനെയാണ് നീലുവും കേശുവും ശിവയും ലെച്ചുവും പിന്നെ കാണുന്നത്. സന്തോഷമുള്ള നിമിഷങ്ങളാണ് പാറമട വീട്ടിലേക്ക് മുടിയന്റെ നൃത്തം കൊണ്ടുവരുന്നത്.
ഒരു സിനിമ കാണൽ പ്ലാനും അപ്രതീക്ഷിത അതിഥിയും
നീലുവും ബാലുവും വീട്ടിൽ ഇല്ലാത്ത ദിവസം. ജോലി കിട്ടിയതിന്റെ ട്രീറ്റ് മുടിയനോട് വാങ്ങിച്ചെടുക്കാൻ പ്ലാനിടുകയാണ് കേശുവും ലെച്ചുവും ശിവയും. ആദ്യം ഒഴിഞ്ഞു മാറുന്ന മുടിയൻ, പക്ഷേ അപ്രതീക്ഷിതമായി ലെച്ചുവിന്റെ സുഹൃത്ത് ഗായത്രി എത്തുന്നതോടെ ചെലവു ചെയ്യാം എന്നു വാക്കുകൊടുക്കുന്നു. എല്ലാവരും സിനിമയ്ക്ക് പോവാൻ റെഡിയായി കൊണ്ടിരിക്കുന്നതിനിടയിലാണ് ബാലുവിന്റെ അകന്ന ബന്ധു ജയന്ദൻ അങ്കിളിന്റെ വരവ്.
സിനിമാ പ്ലാൻ പൊളിയാതിരിക്കാൻ ഒടുവിൽ ജയന്തനെയും കൊണ്ടും സിനിമയ്ക്ക് പോകാൻ കുട്ടിപ്പട്ടാളം പ്ലാൻ ചെയ്യുന്നു. എന്നാൽ ആ പ്ലാൻ മുടക്കി കൊണ്ട് ജയന്തനൊപ്പം ഹോസ്പിറ്റലിൽ കൂട്ടിരിക്കേണ്ടി വരികയാണ് മുടിയന്. ചേട്ടന്റെ ടിക്കറ്റ് ഓട്ടോ ചേട്ടനു നൽകാം എന്നുറച്ച് കേശുവും ശിവയും ലെച്ചുവും ഗായത്രിയും സിനിമാ പ്ലാനുമായി മുന്നോട്ട് പോകുന്നു.
ലെച്ചുവിനോടുള്ള നീലുവിന്റെ സ്നേഹത്തിനു പിറകിൽ
അമ്മയ്ക്ക് തന്നോട് സ്നേഹക്കുറവുണ്ടോ എന്ന ആശങ്കയിലാണ് മുടിയൻ. അമ്മയുടെ വാലായി നടന്ന തന്നെ കൊണ്ട് പണികൾ ചെയ്യിക്കുന്നതും ലെച്ചുവിനോട് കാണിക്കുന്ന സ്നേഹക്കൂടുതലുമൊക്കെ മുടിയനെ അസ്വസ്ഥനാക്കുകയാണ്. ലെച്ചുവിനോട് അമ്മയ്ക്കുള്ള സ്നേഹക്കൂടുതൽ കേശുവും ശിവയും ശ്രദ്ധിക്കുന്നുമുണ്ട്. എന്നാൽ തനിക്ക് ലെച്ചുവിനോടുള്ള സ്നേഹക്കൂടുതൽ എന്തുകൊണ്ടാണെന്ന് നീലു വെളിപ്പെടുത്തുന്നതോടെ മുടിയനും ശിവയും കേശുവുമെല്ലാം അടങ്ങുന്നു.
വീടു മൊത്തം വൃത്തിയാക്കുകയും എല്ലാവരുടെയും തുണികൾ അലക്കുകയും നീലുവിനെ സഹായിക്കുകയും ഒക്കെ ചെയ്യുന്നതിലപ്പുറം നാലോ അഞ്ചോ വർഷങ്ങൾ കൊണ്ട് കല്യാണം കഴിച്ച് ലെച്ചു പോവുമെന്നോർക്കുമ്പോഴുള്ള വിഷമമാണ് തനിക്കെന്ന് നീലു തുറന്നു പറയുന്നു. എപ്പോഴും വലിയ പരാതികളില്ലാതെ എല്ലാ ജോലികളെയും ചെയ്യുന്ന ലെച്ചുവിനെ നമ്മളും ഇടയ്ക്ക് ഒക്കെ സഹായിക്കേണ്ടെ എന്ന നീലുവിന്റെ ചോദ്യത്തിന് മുന്നിൽ മുടിയന്റെ പരിഭവവും അലിഞ്ഞു പോവുകയാണ്.
കടം കൊടുത്ത പണവും മുടിയന്റെ മാപ്പപേക്ഷയും
അയൽക്കാരിയും അത്യാവശ്യം ഘട്ടങ്ങളിൽ സഹായഹസ്തം നീട്ടുകയും ചെയ്യുന്ന സുഷമ ആന്റിയ്ക്ക് കടം കൊടുത്ത പണം തിരിച്ചു കിട്ടിയിരുന്നോ എന്ന മുടിയന്റെ ചോദ്യമാണ് പുതിയ എപ്പിസോഡിലെ പ്രശ്നങ്ങൾക്ക് തിരി കൊളുത്തുന്നത്. പലപ്പോഴായി തന്ന സഹായങ്ങളുടെ കണക്കെടുപ്പിനിടയിൽ ഈ പണവും അങ്ങു പോവുമോ എന്ന ആശങ്കയോടെ, മുടിയൻ പണം തിരികെ ചോദിക്കുന്നതോടെ നീലുവിന്റെയും സഹോദരങ്ങളുടെയും വിമർശനങ്ങളും മുടിയനു നേരെ നീളുകയാണ്.
പലപ്പോഴായി സഹായിച്ച സുഷ്മാന്റിയോട് പണം തിരിച്ചു ചോദിച്ച മുടിയന്റെ പ്രവർത്തിയിലെ ധാർമ്മികതയെ കാന്താരി ശിവാനി ചോദ്യം ചെയ്യുമ്പോൾ, ചേട്ടന് ഗുരുത്വമുണ്ടോ എന്നാണ് കേശുവിന്റെ ചോദ്യം ചെയ്യൽ. എല്ലാവരും എതിർ ചേരിയിൽ നിൽക്കുമ്പോഴും തന്നെ പിന്തുണയ്ക്കുന്ന അപ്പൂപ്പൻ മാത്രമാണ് മുടിയന്റെ ആശ്വാസം. കൊടുത്ത പൈസ തിരിച്ചു ചോദിക്കുന്നത് അത്ര വലിയ തെറ്റാണോ എന്നാണ് മുടിയന്റെ കൺഫ്യൂഷൻ. എന്തായാലും ഒടുവിൽ മുടിയന് പണം കിട്ടുകയും നീലുവിനോട് സോറി പറയേണ്ടി വരികയും ചെയ്യുകയാണ്.
Read more about Uppum Mulakum: Uppum Mulakum: കൊടുത്ത പൈസ തിരിച്ചു ചോദിക്കുന്നത് അത്ര വലിയ തെറ്റാണോ?