ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലുമായി ഏഴോളം കുട്ടികളുടെ അമ്മയാണ് ‘ഉപ്പും മുളകി’ലെ നീലുവമ്മയെ അനശ്വരമാക്കുന്ന അഭിനേത്രി നിഷ സാരംഗ്. നിഷയുടെ മൂത്ത മകൾ രേവതി വിവാഹിതയായി ഒരു വയസ്സുകാരന്റെ അമ്മയാണിന്ന്, രണ്ടാമത്തെ മകൾ രേവിത ഡിഗ്രി വിദ്യാർത്ഥിനി. രേവതി മുതൽ ‘ഉപ്പും മുളകി’ൽ നിഷയുടെ മകളായി അഭിനയിക്കുന്ന ഒരു വയസ്സുകാരി പാറുക്കുട്ടി വരെ സ്നേഹത്തോടെ അമ്മേ എന്ന് വിളിക്കുമ്പോൾ, പല പ്രായത്തിലുള്ള മക്കളുടെ കൂടെ സന്തോഷത്തോടെ സമയം ചെലവഴിക്കാനും അവരുടെ സ്നേഹവും വാത്സല്യവുമെല്ലാം ഏറ്റുവാങ്ങാനും കഴിയുന്നതിലുള്ള സന്തോഷത്തിലാണ് നിഷ.
മദേഴ്സ് ഡേയുമായി ബന്ധപ്പെട്ട് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് നിഷ സാരംഗ്. ഓൺ സ്ക്രീനിലെ മക്കളെ കുറിച്ച്, ജീവിതത്തിലെ കടന്നു വന്ന പ്രതിസന്ധിഘട്ടങ്ങളെ കുറിച്ച്, തന്നെ താനാക്കി മാറ്റിയ സ്വന്തം അമ്മയെക്കുറിച്ച്…
“പല പ്രായത്തിലുള്ള കുട്ടികളുമായി സൗഹൃദം പങ്കിടാൻ കഴിയുന്നത് വലിയൊരു സന്തോഷമാണ്. മൂത്ത മകൾ പിജി കഴിഞ്ഞയുടനെ വിവാഹിതയായി, അവൾക്കിപ്പോൾ ഒരു മകനുണ്ട്. ഇളയവൾ രേവിത ഡിഗ്രി കഴിഞ്ഞിരിക്കുന്നു. ‘ഉപ്പും മുളകി’ൽ ആണെങ്കിൽ മുടിയന് 24 വയസ്സായി. ലെച്ചുവിന് 20, കേശുവിന് 10, ശിവാനിയ്ക്ക് എട്ട്, പാറുക്കുട്ടിയ്ക്ക് ഒരു വയസ്സ്. ഒരു അമ്മയ്ക്ക് അവരുടെ മാതൃത്വം എല്ലാ പ്രായത്തിലുള്ള മക്കളുടെയും കൂടെ പങ്കുവയ്ക്കാനും ആസ്വദിക്കാനും കഴിയുന്നു എന്നതൊരു ഭാഗ്യമല്ലേ?” നിഷ ചോദിക്കുന്നു
” മുടിയൻ മുതൽ പാറുക്കുട്ടി വരെ ‘ഉപ്പും മുളകി’ലെ കുട്ടികളെല്ലാം എന്നെ അമ്മേ എന്നാണ് വിളിക്കുന്നത്. ഉപ്പും മുളക് വിട്ട് പോവുന്നത് എനിക്കിപ്പോൾ ആലോചിക്കാൻ കൂടി വയ്യ, എന്റെ കുഞ്ഞുങ്ങളെ പോലെ തന്നെ അത്രയും എനിക്കിഷ്ടമാണ് ആ കുട്ടികളെയും. പാറുക്കുട്ടിയെ കഴിഞ്ഞ ഷെഡ്യൂളിൽ 15 ദിവസത്തോളം കാണാതെ ഇരുന്നപ്പോൾ വല്ലാതെ മിസ്സ് ചെയ്തു. അമ്മ എന്ന രീതിയിൽ മുൻപ് ഞാനിത്ര ലാളിത്യമുള്ള അമ്മയായിരുന്നോ എന്നെനിക്ക് അറിയില്ല. എന്നാൽ ഇപ്പോൾ ഏതു പ്രായത്തിലുള്ള കുഞ്ഞുങ്ങളോടും സൗഹൃദത്തോടെ ഇടപെടാനും അവരെ സ്നേഹിക്കാനും എനിക്ക് കഴിയും,” നിഷയുടെ വാക്കുകളിൽ വാത്സല്യം നിറയുന്നു.
ഞാനെന്ന അമ്മ
“പത്താം ക്ലാസ്സ് കഴിഞ്ഞ ഉടനെ എന്റെ കല്യാണം കഴിഞ്ഞതാണ്. മക്കളുണ്ടാവുന്നത് വളരെ ചെറിയ പ്രായത്തിലാണ്. സുഹൃത്തുക്കളെ പോലെയാണ് ഞാൻ മക്കളുടെ അടുത്ത്. എന്ത് അമ്മയാണ് അമ്മാ, ഇത്തിരി പക്വത ആയിക്കൂടെ എന്നൊക്കെ അവരെ ചോദിക്കും. അവരുടെ അത്ര പോലും പക്വത എനിക്കില്ലെന്നാണ് മക്കൾ പറയാറുള്ളത്. ഒരു മിഠായി കിട്ടിയാൽ അത് അവര് എനിക്ക് തന്നില്ലെങ്കിൽ ഞാൻ പിണങ്ങും. അതുപോലെ അപൂർവ്വമായി അവരെന്നോട് പറയാതെ എങ്ങാനും പോയാൽ പോലും ഞാൻ വിഷമിക്കും. വേറെ അമ്മമാരായാൽ ഇതു മതി അടി കിട്ടാൻ. അമ്മ അറ്റ് ലീസ്റ്റ് ചൂടാവാൻ എങ്കിലും ഒന്നു പഠിച്ചിട്ട് വാ എന്നാണ് മക്കൾ പറയുക. പുറത്തൊക്കെ ബോൾഡ് ആണെങ്കിലും പിള്ളേരുടെ കാര്യം വരുമ്പോൾ ഞാൻ ബോൾഡേ അല്ല,” നിഷ പറയുന്നു.
മക്കളുടെ ഭാവി മാത്രമായിരുന്നു എന്നും ലക്ഷ്യം
“എന്റെ അച്ഛന് ഹോട്ടൽ ബിസിനസ്സായിരുന്നു. ഭർത്താവുമായി പിരിഞ്ഞതിൽ പിന്നെ അച്ഛൻ എന്നെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നു. അത്യാവശ്യം സാമ്പത്തികമൊക്കെയുള്ള വീടാണ്. അതുകൊണ്ടു തന്നെ ഞാൻ ജോലിയ്ക്ക് പോവണമെന്നൊന്നും അച്ഛനുണ്ടായിരുന്നില്ല. എന്നാലും എന്നെ കൊണ്ട് ആവുന്ന രീതിയിലൊക്കെ ഞാൻ അച്ഛനെ സഹായിക്കുമായിരുന്നു. ചില പ്രത്യേക കറികളൊക്കെ ഉണ്ടാക്കി കൊടുക്കും. എന്റെ ഗോൾഡ് പണയം വെച്ച് പണമെടുത്ത് പലിശയ്ക്ക് കൊടുക്കും. അങ്ങനെയൊക്കെയുള്ള സഹായങ്ങൾ. വളരെ വൈകി അപ്രതീക്ഷിതമായാണ് ഞാൻ അഭിനയത്തിലേക്ക് വന്നത്. ആദ്യകാലത്ത് കുറേ സ്ട്രഗിൾ ചെയ്തിട്ടുണ്ട്. ചെറിയ വേഷമാണെങ്കിലും ഞാൻ ചെയ്യുമായിരുന്നു, അത്രയെങ്കിലും കിട്ടിയാൽ അതായല്ലോ എന്നോർത്ത്.
Read more: Uppum Mulakum: അയര്ലൻഡിലെ ആ മകനെ തേടി നീലു
പെട്ടെന്നൊരു ദിവസം അച്ഛൻ അറ്റാക്ക് വന്ന് മരിച്ചപ്പോൾ ആകെ തളർന്നു പോയി. അച്ഛൻ മരിച്ച് ആറേഴു ദിവസം മുഴുവൻ കഴിഞ്ഞാണ് കൈരളി ചാനലിൽ നിന്നും നല്ലൊരു ഓഫർ വന്നത്. അച്ഛൻ മരിക്കും മുൻപ് ഇത്രയൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല ഞാൻ. ഈ ഫീൽഡ് ആയതോണ്ട് ജീവിതത്തിൽ കുറേ സ്ട്രഗിൾ ചെയ്തിട്ടുണ്ട്. ആളുകളുടെ വിഷമിക്കുന്ന രീതിയിലുള്ള വർത്തമാനവും കേട്ടിട്ടുണ്ട്, പലരും വേദനിപ്പിച്ചിട്ടുമുണ്ട്. പക്ഷേ ഒന്നിനും മറുപടി പറയാൻ നിൽക്കാതെ, കേട്ടിട്ടും കേൾക്കാത്ത പോലെ മുന്നോട്ടുപോവുകയായിരുന്നു. എന്റെ ലക്ഷ്യം മക്കളെ നന്നായി പഠിപ്പിക്കണം എന്നതു മാത്രമായിരുന്നു. അവർക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല കാര്യം വിദ്യഭ്യാസമാണ്. മൂത്തയാളെ പിജി വരെ പഠിപ്പിച്ചു, വിവാഹം കഴിപ്പിച്ചു വിട്ടു. ചെറിയയാളെയും ഇനി പഠിപ്പിച്ച് ഒരു നിലയിലാക്കി വിവാഹം ചെയ്തു വിടണം.

ലോകത്തിലേക്ക് വെച്ച് ഏറ്റവും നല്ല അമ്മ
എന്നെ സംബന്ധിച്ച് ഏറ്റവും നല്ല അമ്മ എന്റെ അമ്മ തന്നെയാണ്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്റെ അമ്മ. ഞാനിന്ന് ഒരു കലാകാരിയായി നിൽക്കുന്നുണ്ടെങ്കിൽ അതിനു കാരണം എന്റെ അമ്മ തന്നെയാണ്. ഹോട്ടൽ ബിസിനസ്സും മറ്റുമായി അച്ഛൻ തിരക്കിലായതോണ്ട് അമ്മയ്ക്ക് ഒരുപാട് ജോലികളുണ്ടായിരുന്നു. സഹായിക്കാൻ ആളുകളുണ്ടെങ്കിലും അമ്മ കഷ്ടപ്പെട്ട് ജോലി ചെയ്യുമായിരുന്നു. അതിനിടയിലും എന്നെ ഡാൻസ് പഠിപ്പിക്കാൻ ഒക്കെ സമയം കണ്ടെത്തി.

ഞാൻ ജനിച്ചപ്പോഴെ അമ്മ പറയുമായിരുന്നു, എന്റെ മോളെ ഞാനൊരു സിനിമാനടി ആക്കും എന്ന്. ആ ആഗ്രഹം അമ്മ പോലും അറിയാതെ എനിക്ക് സാക്ഷാത്കരിച്ചു കൊടുക്കാൻ കഴിഞ്ഞു. അങ്ങനെയൊരു അമ്മയെ കിട്ടിയതാണ് എന്റെ ഏറ്റവും വലിയ അനുഗ്രഹം. ആ അമ്മയുടെ മനസ്സിന്റെ നന്മയാണ് കഷ്ടപ്പാടുകളിൽ നിന്നും എന്നെ പിടിച്ചുയർത്തി ഇവിടെ വരെ എത്തിച്ചത്. അതുകൊണ്ട്, എനിക്ക് ലോകത്തിലേക്ക് വെച്ച് ഏറ്റവും നല്ല അമ്മ എന്റെ അമ്മ തന്നെയാണ്.
Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം