Uppum Mulakum: സ്വന്തമായി പരസ്യ കമ്പനി തുടങ്ങാനൊരുങ്ങുകയാണ് ബാലു എന്ന് സൂചന നൽകികൊണ്ട് ഉപ്പും മുളകിന്റെയും ഏറ്റവും പുതിയ എപ്പിസോഡിന്റെ പ്രമോ റിലീസ് ചെയ്തു. ബിഎസ്‌സി പാസായ ശേഷം ബാലുവിന്റെ മൂത്ത മകൻ വിഷ്ണു ഒരു പരസ്യ കമ്പനിയിൽ ജോലിക്ക് കയറിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തമായി പരസ്യകമ്പനി തുടങ്ങാൻ ബാലു പദ്ധതിയിടുന്നത്.

കോണസപ്റ്റ് ആലോചിച്ച് തലങ്ങും വിലങ്ങും നടക്കുന്ന വിഷ്ണുവിനെ സഹായിക്കാനെത്തുന്ന ബാലുവിനെയാണ് തുടക്കത്തിൽ കാണുന്നത്. അച്ഛന് പരസ്യത്തിന്റെ ക്യാപ്ഷനൊക്കെ എഴുതാനറിയാം എന്ന് നീലുവും സമ്മതിക്കുന്നുണ്ട്. പതിവ് പോലെ പരിപൂർണ്ണ പിന്തുണ നൽകുകയാണ് ഇളയമകൻ കേശുവും. എന്നാൽ ലെച്ചു “ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം” എന്ന് പറയുന്നടുത്താണ് പ്രമോ അവസാനിക്കുന്നത്. ബാലുവിന്റെ മറ്റൊരു പദ്ധതി കൂടി പാളി പോകുമോ അതോ കേബിൾ ടിവിക്ക് ഒപ്പം പുതിയ ബിസിനസ് കൂടി തുടങ്ങുമോ എന്ന് കണ്ടറിയാം.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുകയാണ് ‘ഉപ്പും മുളകും’ എന്ന ഈ കുടുംബ കോമഡി സീരിയൽ. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാണ് കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്.

Also Read: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 840 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook