വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ താരമാണ് ഉർഫി ജാവേദ്. വളരെ വൈകാരികമായ കുറിപ്പ് തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചിരിക്കുകയാണ് ഉർഫി. തന്റെ വസ്ത്രധാരണം മൂലം ബുദ്ധിമുട്ട് അനുഭവിച്ചവരോട് ക്ഷമയും അതോടൊപ്പം തന്നിൽ കുറച്ച് മാറ്റങ്ങൾ വരുത്താൻ പോകുകയാണെന്നും ഉർഫി കുറിപ്പിൽ പറയുന്നു.
“ഞാൻ ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിൽ ബുദ്ധിമുട്ട് അനുഭവിച്ചവരോട് ക്ഷമ ചോദിക്കുന്നു. ഇനി മുതൽ നിങ്ങൾ കാണാൻ പോകുന്നത് മറ്റൊരു ഉർഫിയെയായിരിക്കും. വസ്ത്രത്തിൽ മാറ്റങ്ങളുണ്ടാകാൻ പോകുന്നു” ഉർഫി കുറിച്ചു.
ചിലർ ഉർഫിയുടെ ട്വീറ്റിനെ നോക്കിയത് സംശയത്തോടെയാണെങ്കിൽ മറ്റു ചിലർ മാറ്റങ്ങൾ വരുത്തരുതെന്നും പറഞ്ഞു. എപ്രിൽ ഫൂൾ പ്രാങ്കാണോയെന്ന് സംശയിക്കുന്നവരുമുണ്ട്.
ഡേർട്ടി മാഗസീനു നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെ കുറിച്ചും തിരഞ്ഞെടുപ്പുകളെ പറ്റിയും ഉർഫി തുറന്നു പറഞ്ഞിരുന്നു. “സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഞാൻ അനുഭവിച്ചിട്ടുണ്ട്. മനസ്സിൽ വളരെ അധികം ധനികയാണെന്ന് തോന്നുമെങ്കിലും സത്യത്തിൽ എന്റെയടുത്ത് ഒന്നുമില്ലായിരുന്നു. പുരുഷന്മാരുടെ പുറകെ പോകുന്നതിനേക്കാൾ ഏറ്റവും നല്ലത് പണത്തിനു പിന്നാലെ പോകുന്നതാണെന്ന് ജീവിതം എന്നെ പഠിപ്പിച്ചു. നിങ്ങൾക്ക് 100 പ്രശ്നങ്ങളുണ്ടെങ്കിൽ അതിൽ 99 പ്രശ്നങ്ങളും പണം കൊണ്ട് ഇല്ലാതാക്കാൻ സാധിക്കും. പണം കൊണ്ടുള്ള ബുദ്ധിമുട്ടുകളാണ് അതില്ലാത്തതിനേക്കാൾ നല്ലത്” ഉർഫിയുടെ വാക്കുകളിങ്ങനെ.