scorecardresearch
Latest News

അസാധാരണമാംവിധം സാധാരണ മനുഷ്യനായവനേ; ശ്യാം പുഷ്കരന് ആശംസകളുമായി ഉണ്ണിമായ

മാറിയ മലയാളസിനിമയിലെ സജീവസാന്നിധ്യമാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും നടി ഉണ്ണിമായയും

അസാധാരണമാംവിധം സാധാരണ മനുഷ്യനായവനേ; ശ്യാം പുഷ്കരന് ആശംസകളുമായി ഉണ്ണിമായ

മാറിയ മലയാളസിനിമയിലെ സജീവസാന്നിധ്യമാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും നടിയും കാസ്റ്റിംഗ് ഡയറക്ടറുമായ ഉണ്ണിമായയും. 2021ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്കിടയിൽ വേറിട്ടു നിന്ന ഒരു നേട്ടം കൈവരിച്ചതും ശ്യാം പുഷ്കരൻ- ഉണ്ണിമായ ദമ്പതികളാണ്. മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഉണ്ണിമായ നേടിയപ്പോൾ മികച്ച അവലംബിതം തിരക്കഥ എന്ന വിഭാഗത്തിൽ ശ്യാം പുഷ്കരനും അവാർഡ് നേടി. ജോജി എന്ന ചിത്രമാണ് ഇരുവരെയും അവാർഡിന് അർഹരാക്കിയത്.

ശ്യാം പുഷ്കരന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഉണ്ണിമായ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ഹാപ്പി ബർത്ത്‌ഡേ താഡൂ. നിങ്ങൾ നെയ്ത അത്ഭുതങ്ങൾക്ക്, നിങ്ങൾ പങ്കിടുന്ന സ്നേഹത്തിന്, നിങ്ങൾ വിലമതിക്കുന്ന കമ്പാനിയൻഷിപ്പിന്, നിങ്ങൾ വിശ്വസിക്കുന്ന എല്ലാ സഹവർത്തിത്വത്തിനും, അസാധാരണമാംവിധം സാധാരണ മനുഷ്യനായ നിങ്ങൾക്ക്, ചിയേഴ്സ് സുഹൃത്തേ… ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്റെ പ്രണയമേ, ഉമ്മ,” ഉണ്ണിമായ കുറിച്ചു.

സാൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിന്റെ തിരക്കഥയിൽ പങ്കാളിയായി കൊണ്ടാണ് ശ്യാം പുഷ്കരൻ സിനിമയിലേക്ക് എത്തുന്നത്. 22 ഫീമെയ്ൽ കോട്ടയം, ഡാ തടിയാ, ഇടുക്കി ഗോൾഡ്, ഇയ്യോബിന്റെ പുസ്തകം, റാണി പത്മിനി, മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ്, ജോജി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയത് ശ്യാം ആണ്. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ കോ- ഡയറക്ടറായും പ്രവർത്തിച്ചു, ചിത്രത്തിന്റെ സംഭാഷണങ്ങൾ എഴുതിയതും ശ്യാം ആയിരുന്നു. 2012ലാണ് ശ്യാം പുഷ്കരനും ഉണ്ണിമായയും വിവാഹിതരായത്.

അഭിനേത്രി, സഹസംവിധായിക എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് ഉണ്ണിമായ പ്രസാദ്. കൊച്ചിയിൽ ജനിച്ചുവളർന്ന ഉണ്ണിമായ ആർക്കിടെക്ചർ മേഖലയിൽ നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്, മണിപാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിലായാണ് ഉണ്ണിമായ തന്റെ ആർക്കിടെക്ചർ പഠനം പൂർത്തിയാക്കിയത്. ആർക്കിടെക്റ്റായി ഉണ്ണിമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ കാസ്റ്റിംഗ് ഡയറക്ടറായും മായാനദി, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുമ്പളങ്ങി നൈറ്റ്സ്, തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകയായും ഉണ്ണിമായ പ്രവർത്തിച്ചു. ജോജിയെന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ഉണ്ണിമായ ആയിരുന്നു.

‘അഞ്ചു സുന്ദരികൾ’​എന്ന ആന്തോളജി ചിത്രത്തിലെ ‘സേതുലക്ഷ്മി’ എന്ന സിനിമയിലൂടെയായിരുന്നു ഉണ്ണിമായ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. സൗബിൻ ഷാഹിർ ചിത്രം പറവയിൽ ഒരു​​ അധ്യാപികയുടെ വേഷത്തിലും ഉണ്ണിമായ അഭിനയിച്ചു. പിന്നീട് മഹേഷിന്റെ പ്രതികാരം, പറവ, മായാനദി, വരത്തൻ, ഒരു കുപ്രസിദ്ധ പയ്യൻ, ഫ്രഞ്ച് വിപ്ലവം, വൈറസ്, അഞ്ചാം പാതിര, പട തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ന്നാ താൻ കേസ്‌ കൊട്‌, പാൽതു ജാൻവർ ആണ് ഉണ്ണിമായയുടെ ഏറ്റവും പുതിയ റിലീസിനെത്തിയ ചിത്രങ്ങൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Unnimaya prasads birthday wishes to syam pushkaran