മലയാള സിനിമയിലെ താരങ്ങളുടെ പഠനകാലം രസകരമാണ്. പലരും കലോത്സവ വേദികളിൽ നിന്നെല്ലാം സിനിമ രംഗത്തെത്തിയവരാണ്. നടിയും സിനിമ പ്രവർത്തകയുമായ ഉണ്ണിമായ പ്രസാദ് തന്റെ കൂടിയാട്ടം വേഷത്തിലുള്ള ചിത്രമാണ് പങ്കു വച്ചിരിക്കുന്നത്. ബാലിയായാണ് ഉണ്ണിമായ വേഷമിട്ടിരിക്കുന്നത്.
“കൂടിയാട്ടം പഠന ദിനങ്ങളുടെ മനോഹരമായ ഓർമകളുമായാണ് ഓണം വരുന്നത്. എന്റെ ഗുരു, പൈങ്കുളം നാരായണൻ ചാക്കിയാർ ഓണം അവധി ദിനങ്ങളിൽ അദ്ദേഹത്തിന്റെ വീട്ടിൽ കൂടിയാട്ടം ക്ലാസുകൾ നടത്തുമായിരുന്നു. ഞങ്ങൾ, വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ വീടിനടുത്തുള്ള മൂന്ന് നിലകളുള്ള കുളപ്പുരയിൽ താസിച്ചു. രാവിലെ ക്ലാസുകൾ കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം രസകരമായ ഒത്തുചേരലുകൾ. അദ്ദേഹത്തിന്റെ ഭാര്യ ലേഖ ഓപ്പോൾ അടുക്കളയിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ എപ്പോഴും ഞങ്ങളെ ഹരം കൊള്ളിച്ചു. ഭാരതപ്പുഴയിലേക്കുള്ള സായാഹ്ന സവാരികളും പുഴയുടെ തീരത്തെ ക്ലാസുകളും പിന്നീടുള്ള മണിക്കൂറുകളിലെ ചർച്ചകളും കഥകളും നക്ഷത്രങ്ങളെ നോക്കിയുള്ള കിടത്തവും…”
Read More: വലിയ കണ്ണുകളുള്ള ഈ പെൺകുട്ടി മലയാളത്തിലെ ഒരു കാലഘട്ടത്തിന്റെ പ്രിയ നായികയായിരുന്നു
കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായികയായി പ്രവർത്തിച്ച ഉണ്ണിമായ ആദ്യമായി അഭിനയിച്ചത് 2013-ൽ റിലീസ് ചെയ്ത അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിലാണ്. പിന്നീട്, മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ സാറ എന്ന കഥാപാത്രം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര യിലെ ഡിവൈഎസ്പി കാതറിൻ മരിയ എന്ന കഥാപാത്രം ഉണ്ണിമായയിലെ അഭിനയമികവ് തെളിയിക്കുന്നതായിരുന്നു. പ്രശസ്ത തിരക്കഥാകൃത്ത് ശ്യാം പുഷ്കരനാണ് ഉണ്ണിമായുയുടെ ഭർത്താവ്.