എഴുത്തുകാരൻ ഉണ്ണി ആറിന്റെ ശ്രദ്ധേയമായ ചെറുകഥ, ‘വാങ്ക്’ സിനിമയാകുന്നു. സ്ത്രീപക്ഷ നിലപാടുകളും രാഷ്ട്രീയമാനങ്ങളും കൊണ്ടും കഥാലോകത്തും വായനക്കാർക്കിടയിലും ഏറെ പ്രശംസ നേടിയ ചെറുകഥയാണ് ‘വാങ്ക്’. വാങ്ക് വിളിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതൽ കൊണ്ട് നടക്കുന്ന റസിയയെന്ന പെൺകുട്ടിയുടെ കഥയിലൂടെ വ്യത്യസ്തമായൊരു വായനാനുഭവം പകരാൻ ‘വാങ്കി’ന് സാധിച്ചിരുന്നു.

ഇപ്പോൾ ഇതാ, റസിയയുടെ കഥ സിനിമ ആക്കാൻ ഒരുങ്ങി മുന്നോട്ട് വന്നിരിക്കുന്നതും രണ്ടു പെൺകുട്ടികൾ തന്നെ. സംവിധായകന്‍ വി.കെ.പ്രകാശിന്റെ മകൾ കാവ്യ പ്രകാശും ഭരതനാട്യം കലാകാരിയായ ഷബ്‌ന മുഹമ്മദുമാണ് ‘വാങ്കി’ന് ചലച്ചിത്രഭാഷ്യം നൽകാൻ ഒരുങ്ങുന്നത്.

Unni R Vanku

ചിത്രം സംവിധാനം ചെയ്യുന്നത് കാവ്യ പ്രകാശ്​ ആണ്. തിരക്കഥയും സംഭാഷണവും ഷബ്ന ഒരുക്കും. വാങ്ക് വിളിക്കണമെന്ന റസിയയുടെ അതിയായ ആഗ്രഹവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്.

“കഥ വായിച്ചപ്പോൾ തന്നെ റസിയ​ എന്ന കഥാപാത്രത്തെ എനിക്കിഷ്ടമായി. ഒരു വല്ലാത്ത ബ്യൂട്ടിയുണ്ട് റസിയയ്ക്ക്. റസിയയുടെ മറ്റു ഫ്രണ്ട്സ് ഒക്കെ പ്രിൻസിപ്പലിനെ ഉമ്മ വയ്ക്കണം, ബോയ് ഫ്രണ്ടിന്റെ കൂടെ സിനിമയ്ക്ക് പോണം എന്നൊക്കെ ആഗ്രഹിക്കുമ്പോൾ, അവളുടെ ആഗ്രഹം ജീവിതത്തിൽ ഒരിക്കലെങ്കിലും വാങ്ക് വിളിക്കണം എന്നാണ്. ആ ചിന്ത തന്നെ ഇൻഡസ്ട്രിങ് ആയി തോന്നി”, സിനിമയുടെ സംവിധായിക കാവ്യ പ്രകാശ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് വെളിപ്പെടുത്തി.

Kavya Prakash

കാവ്യാ പ്രകാശ്

“സിനിമയുടെ തിരക്കഥയെ കുറിച്ച് ആലോചിച്ചപ്പോൾ എന്റെ സുഹൃത്തായ ഷബ്ന ചേച്ചിയെയാണ് ആദ്യം ഓർമ വന്നത്. ചേച്ചിയും ഒരു യുണീക് ക്യാരക്ടർ ആണ്. ഒരു മുസ്‌ലിം ബാക്ക്ഗ്രൗണ്ടിൽ നിന്നും വന്ന് ഭരതനാട്യം നർത്തകിയായ, വേറിട്ടു ചിന്തിക്കുന്ന ഒരു വ്യക്തിത്വം. ഈ കഥയുടെ പശ്ചാത്തലവും കഥാ പരിസരവും അതിന്റെ രാഷ്ട്രീയവുമൊക്കെ ഏറ്റവും നന്നായി മനസ്സിലാക്കാൻ ചേച്ചിക്ക് കഴിയുമെന്ന് തോന്നി. പിന്നെ ഒരു പെണ്ണിന്റെ കഥ മറ്റൊരു പെണ്ണ് എഴുതുമ്പോഴും വ്യത്യസ്തത ഉണ്ടാവുമല്ലോ”, കാവ്യ കൂട്ടിച്ചേര്‍ത്തു.

“വാങ്ക് വായിച്ച് ഇതിലൊരു സിനിമയ്ക്ക് സാധ്യതയുണ്ടെന്ന് മനസ്സിലാക്കുന്നത് കാവ്യയാണ്. എനിക്ക് കുറച്ചുകൂടി പരിചിതമായ അന്തരീക്ഷമായതിനാൽ, ചിത്രത്തിന്റെ തിരക്കഥ ഒരുക്കാവോ എന്നു ചോദിക്കുകയായിരുന്നു. ‘വാങ്ക്’ സിനിമയാക്കാൻ ഉദ്ദേശിക്കുന്ന കാര്യം ഉണ്ണി സാറിനോട് സംസാരിച്ചപ്പോൾ, കഥ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തിൽ നിന്നും മാറാതെ, കഥയോട് നീതി പുലർത്തുന്ന രീതിയിൽ തിരക്കഥ ഒരുക്കിക്കൊള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്” തിരക്കഥാകൃത്തായ ഷബ്ന ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

shabna mohammed

ശബ്ന

സിനിമാ-പരസ്യ ചിത്ര രംഗത്ത് തന്റേതായ സാന്നിധ്യം ഉറപ്പിച്ച അച്ഛന്‍ വി.കെ.പ്രകാശിന്റെ വഴി തന്നെയാണ് മകള്‍ കാവ്യയും തിരഞ്ഞെടുത്തത്. ആസിഫ് അലിയെ നായകനാക്കി മൃദുല്‍ എസ്.നായര്‍ സംവിധാനം ചെയ്ത ‘ബിടെക്’ എന്ന ചിത്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് പരിചയമുള്ള കാവ്യയുടെ ആദ്യ സംവിധാന സംരംഭമാണ് ‘വാങ്ക്’.

വി.കെ.പ്രകാശുമായി ഒരു സിനിമ ചര്‍ച്ച ചെയ്യാന്‍ വന്ന ഉണ്ണി ആറിലൂടെയാണ് കാവ്യ ‘വാങ്കി’നെക്കുറിച്ച് ആദ്യമായി കേട്ടതും സിനിമയാക്കാന്‍ തീരുമാനിച്ചതും.  സിനിമയും വായനയും ഭാരതനാട്യവുമെല്ലാം ജീവശ്വാസം പോലെ കൊണ്ട് നടക്കുന്ന ശബ്നയ്ക്കും തിരക്കഥാ രംഗത്ത്‌ ആദ്യ ചുവടുവയ്പാണ് ‘വാങ്ക്’.

ട്രെൻഡ്സിന്റെ ബാനറിൽ മൃദുൽ എസ്.നായരാണ് ‘വാങ്ക്’ നിർമിക്കുന്നത്. 2019 ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ