മലയാളസിനിമയിലെ യുവനടന്മാരെല്ലാം സ്നേഹത്തോടെ മസിലളിയാ എന്നു വിളിക്കുന്ന, യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായ, ഏറെ ആരാധികമാരുള്ള താരമാണ് ഉണ്ണി മുകുന്ദൻ. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും ഫിറ്റ്നസ്സ് നിലനിർത്തുന്നതിലും തന്റെ സഹപ്രവർത്തകർക്കെല്ലാം മാതൃകയാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ, തന്റെ യൗവനക്കാലത്തെ ഒരു ചിത്രം ആരാധകർക്കായി പങ്കുവയ്ക്കുകയാണ് ഉണ്ണി മുകുന്ദൻ. അന്നൊരിക്കൽ അഹമ്മദാബാദിൽ എന്ന ക്യാപ്ഷനോടെയാണ് ഉണ്ണി ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
അപ്പോൾ നിങ്ങൾ ഈ കളി പണ്ടേ തുടങ്ങിയതാണല്ലേ?, നിങ്ങൾ ജിമ്മിൽ ആണോ ജനിച്ചത് ഉണ്ണിയേട്ടാ, പണ്ടും പുലി ആയിരുന്നല്ലേ, മോളിവുഡിന്റെ സൽമാൻഖാൻ, ജനിച്ചപ്പോഴേ ജിമ്മാണോ തുടങ്ങിയ രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. 2003ൽ എടുത്ത ചിത്രമാണിതെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.
അടുത്തിടെ തിയേറ്ററുകളിലെത്തിയ ‘മാമാങ്കം’ ആണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. ‘മാമാങ്ക’ത്തിലെ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രം ഉണ്ണിയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു. 11 മാസത്തോളമാണ് ആ കഥാപാത്രത്തിനായി ഉണ്ണി മുകുന്ദൻ ചെലവഴിച്ചത്. ഇപ്പോൾ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഉണ്ണി.