മലയാളത്തിലെ യുവനടന്മാരിൽ ഏറെ ആരാധകരുള്ള നടനാണ് ഉണ്ണി മുകുന്ദൻ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മേപ്പടിയാൻ’ മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മാതാവായ ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം.
“ഒരിക്കലും ‘മറ്റൊരു ചിത്ര’മല്ല എനിക്ക് മേപ്പടിയാന്‍. എനിക്ക് വെല്ലുവിളിയായ ചിത്രമായിരുന്നു. ആ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുകയും ചെയ്തു. ഈ പ്രോജക്റ്റിൽ ഞാൻ ചെലവഴിച്ച ഓരോ സെക്കൻഡും അതിന് അർഹിക്കുന്നതായിരുന്നു എന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. മേപ്പടിയാന്‍ കണ്ട്, എന്‍റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ് സമ്മാനിച്ച എല്ലാവര്‍ക്കും നന്ദി. ഇനി കാണാനുള്ളവരും കാണുക.
മനക്കരുത്ത്, ദൃഢവിശ്വാസം, പ്രതീക്ഷ എന്നിവയെകുറിച്ചാണ് മേപ്പടിയാന്‍. നാമെല്ലാവരും എന്തിനുവേണ്ടി പരിശ്രമിക്കുന്നു അത്. വിഷ്‍ണു മോഹന്‍ എന്ന യുവ രചയിതാവിലും സംവിധായകനിലും വിശ്വസിച്ചതു മുതൽ, ‘ജയകൃഷ്‍ണനാ’യതും പിന്നീട് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലേക്ക് എത്തിയതും, നിലവിലെ സാഹചര്യത്തിലും പറഞ്ഞിരുന്നതുപോലെ ചിത്രം തിയറ്ററുകളില്‍ എത്തിച്ചതുമൊക്കെ എക്കാലവും ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കും.
ഈ സ്നേഹത്തിന് നന്ദി. മേപ്പടിയാന്‍ കണ്ട് ഇഷ്‍ടപ്പെട്ട്, സോഷ്യല്‍ മീഡിയയില്‍ പ്രശംസ അറിയിച്ചവര്‍ക്കെല്ലാം നന്ദി. എല്ലാ മെസേജുകള്‍ക്കും കോളുകള്‍ക്കും നന്ദി. ഇതായിരുന്നു ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നത്, ഇതിനുവേണ്ടിയായിരുന്നു ഞാന്‍ പരിശ്രമിച്ചിരുന്നത്.
ഉണ്ണി മുകുന്ദന്‍ ഫിലിംസിലെ സംഘാംഗങ്ങള്‍ക്കും സിനിമയെ പ്രമോട്ട് ചെയ്ത ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കും മേപ്പടിയാനിലെ മുഴുവന്‍ താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി”. ഉണ്ണി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഒരു പക്കാ ഫാമിലി എന്റർടൈനറായി എത്തിയ മേപ്പടിയാനിൽ അഞ്ജു കുര്യനാണ് നായിക. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്,വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി,ജോർഡി പൂഞ്ഞാർ,നിഷ സാരംഗ്,പോളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു. ഷമീർ മുഹമ്മദ് ആണ് എഡിറ്റർ.
Also Read: ഒപ്പം പ്രവർത്തിച്ചവരിൽ മികച്ച കെമിസ്ട്രി തോന്നിയിട്ടുള്ള നടി സാമന്ത: നാഗ ചൈതന്യ പറയുന്നു