വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ പാലക്കാടു നിന്നും ബിജെപി സ്ഥാനാർഥിയായി നടന്‍ ഉണ്ണി മുകുന്ദൻ മത്സരിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രചരിക്കുന്നത്. ഇപ്പോഴിതാ, ഈ വാർത്തയോട് പ്രതികരിക്കുകയാണ് ഉണ്ണി. വ്യാജ വാർത്തയാണ് പ്രചരിക്കുന്നത്, തൽക്കാലം രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് ഉണ്ണി മുകുന്ദൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിക്കുന്നത്.
“ഞാൻ രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ അതെല്ലാം വ്യാജമാണ്.
പുതിയ ചിത്രമായ ‘ഗന്ധർവ ജൂനിയറി’ന്റെ തിരക്കിലാണ് ഇപ്പോൾ. വലിയ ഷെഡ്യൂളാണത്. കൂടുതൽ വിവരങ്ങൾ വഴിയേ അറിയിക്കാം.
ഇതുപോലുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനു മുൻപ് അതിന്റെ നിജസ്ഥിതി പരിശോധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് അഭ്യർഥിക്കുന്നു. എല്ലായ്പ്പോഴും ഇങ്ങനെ വീണ്ടും വീണ്ടും കാര്യങ്ങൾ വ്യക്തമാക്കേണ്ടി വരുന്നത് അന്യായമാണ്. രാഷ്ട്രീയവും രാഷ്ട്രീയക്കാരും നേരിട്ട് സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ട് അവരോട് എന്നും ബഹുമാനമാണ്. ഞാൻ രാഷ്ട്രീയ പ്രവർത്തനത്തെ നിസ്സാരമായി കാണുന്നില്ല,” ഉണ്ണി മുകുന്ദൻ കുറിച്ചു.
‘മാളികപ്പുറം’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദൻ ചിത്രം. നൂറുകോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു.. ശബരിമലയിൽ പോകാനുള്ള ഒരു എട്ടു വയസുകാരിയുടെ ആഗ്രഹമാണ് ചിത്രത്തെ നയിക്കുന്നത്. വിഷ്‌ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരകഥ ഒരുക്കിയത് അഭിലാഷ് പിള്ളയായിരുന്നു.