‘മസിലളിയൻ’ എന്നു കേൾക്കുമ്പോൾ മലയാളസിനിമാ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം തെളിഞ്ഞുവരുന്ന മുഖം ഉണ്ണി മുകുന്ദന്റേത് ആവും. കാരണം ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും ഫിറ്റ്നസ്സ് നിലനിർത്തുന്നതിലും തന്റെ സഹപ്രവർത്തകർക്കെല്ലാം മാതൃകയാണ് ഉണ്ണി മുകുന്ദൻ.

‘വിക്രമാദിത്യൻ’ എന്ന ലാൽ ജോസ് സിനിമയിലെ ഉണ്ണിയുടെ കഥാപാത്രത്തെ ദുൽഖറിന്റെ കഥാപാത്രം വിളിക്കുന്ന ആ​ പേര് പിന്നീട് ഉണ്ണിമുകുന്ദനെയും പിൻതുടരുകയായിരുന്നു. ‘മസിലളിയൻ’ എന്നു കേൾക്കുമ്പോൾ ആദ്യം അഭിമാനമായിരുന്നു തോന്നിയിരുന്നത് എന്നും എന്നാൽ ക്രമേണ അത്തരം കഥാപാത്രങ്ങൾ മാത്രമേ താൻ സ്വീകരിക്കൂ എന്നു പരത്താൻവേണ്ടി ചിലർ ഉണ്ടാക്കിയ ബോധപൂർവ്വമായ ശ്രമമായിരുന്നു അതെന്ന് മനസ്സിലായെന്നും തുറന്നുപറയുകയാണ് ഉണ്ണി മുകുന്ദൻ.

“ജിമ്മിൽ പോകുന്നതും ശരീരം ശ്രദ്ധിക്കുന്നുമെല്ലാം വലിയ അപരാധമായിട്ടാണ് പലരും കാണുന്നത്. ഹിന്ദിയിലും തമിഴിലുമെല്ലാം ചെറിയ വേഷങ്ങൾ ചെയ്യുന്നവർ പോലും സ്വന്തം ശരീരത്തെ കൃത്യമായി പരുവപ്പെടുത്തുന്നവരാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരം അവന്റെ ടൂളാണ്. അതിനെ മിനുക്കിയെടുക്കുക എന്നത് വലിയ ജോലിയാണ്. മലയാളത്തിൽ ഇത്തരം കാര്യങ്ങളിൽ ഇനിയും അവബോധമുണ്ടായിട്ടില്ല. എന്റെ സമാനമായി നിൽക്കുന്നവരൊന്നും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കാത്തതുകൊണ്ടാകണം ഞാൻ ചെയ്യുമ്പോൾ ഇതെല്ലാം വലിയ സംഭവമായി പലരും ഉയർത്തി കാണിക്കുന്നത്,” ഉണ്ണി മുകുന്ദൻ പറയുന്നു.

“മസിലളിയൻ എന്ന വിളി ആദ്യമെല്ലാം ആസ്വദിച്ചിരുന്നു. കേൾക്കുമ്പോൾ അഭിമാനവും തോന്നിയിരുന്നു. എന്നാൽ മസിൽ കാണിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ മാത്രമേ താൻ സ്വീകരിക്കൂ എന്നു പരത്താൻവേണ്ടി ചിലർ ഉണ്ടാക്കിയ ബോധപൂർവ്വമായ ശ്രമമാണ് അതെന്ന് മനസ്സിലായി. സിനിമാമേഖലയിൽ ഉള്ളവർ തന്നെയാണ് ഇത്തരം തെറ്റായ ധാരണകൾ പരത്തുന്നത്. മസിലളിയൻ എന്ന വിളിയിലൂടെ​ അവരെന്നെ തളച്ചിടുകയാണ്,” മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിൽ ഉണ്ണിമുകുന്ദൻ പറഞ്ഞു.

View this post on Instagram

Can we share a smile ?

A post shared by Unni Mukundan (@iamunnimukundan) on

അടുത്തിടെ തിയേറ്ററുകളിലെത്തിയ ‘മാമാങ്കം’ ആണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. ‘മാമാങ്ക’ത്തിലെ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രം ഉണ്ണിയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു. 11 മാസത്തോളമാണ് ആ കഥാപാത്രത്തിനായി ഉണ്ണി മുകുന്ദൻ ചെലവഴിച്ചത്. ഇപ്പോൾ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഉണ്ണി.

Read more: അന്നേ മസിലു വിട്ടൊരു കളിയില്ല; പഴയകാല ഫോട്ടോ പങ്കുവച്ച് ഉണ്ണി മുകുന്ദൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook