മലയാളസിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ ആണ് ഉണ്ണി മുകുന്ദൻ. നിരവധി ആരാധികമാരാണ് ഈ താരത്തിനുള്ളത്. ഇപ്പോഴിതാ, ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കു വച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്.
‘ഞാൻ ഗന്ധർവ്വൻ’ എന്ന ചിത്രത്തിലെ നിതീഷ് ഭരദ്വാജിന്റെ കോസ്റ്റ്യൂമിനെ ഓർമിപ്പിക്കുന്ന രീതിയിലാണ് ഉണ്ണി മുകുന്ദന്റെ വേഷം. “എല്ലായ്പ്പോഴും ഗന്ധർവ്വന്മാരുടെയും ദൈവങ്ങളുടെയും ലോകം എന്നെ ആകർഷിക്കാറുണ്ട്,” എന്നാണ് ഉണ്ണി മുകുന്ദൻ കുറിക്കുന്നത്. ‘ഞാൻ ഉണ്ണി ഗന്ധർവ്വൻ’ എന്നാണ് ചിത്രത്തിന് ആദിൽ ഇബ്രാഹിം നൽകിയ കമന്റ്. ഗന്ധർവ്വനുണ്ണി എന്നാണ് ഒരു ആരാധകൻ ഉണ്ണിയെ വിശേഷിപ്പിക്കുന്നത്.
മലയാളസിനിമയിലെ യുവനടന്മാരെല്ലാം സ്നേഹത്തോടെ മസിലളിയാ എന്നു വിളിക്കുന്ന, യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദൻ. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും ഫിറ്റ്നസ് നിലനിർത്തുന്നതിലും തന്റെ സഹപ്രവർത്തകർക്കെല്ലാം മാതൃകയാണ് ഉണ്ണി മുകുന്ദൻ.
അടുത്തിടെ തന്റെ പുതിയ ഡയറ്റ് പ്ലാൻ ആരാധകരുമായി ഉണ്ണി പങ്കുവച്ചിരുന്നു. 93കിലോയിൽ നിന്ന് 77 കിലോയിലേക്ക് എത്തിയതിനെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിവരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ‘മേപ്പടിയാൻ’ എന്ന തന്റെ പുതിയ സിനിമയ്ക്കായി ഉണ്ണി മുകുന്ദൻ 20 കിലോയിലധികം ശരീര ഭാരം കൂട്ടിയിരുന്നു. ശരീര ഭാരം കുറച്ച് പഴയ ലുക്കിലേക്ക് എത്തിയിരിക്കുകയാണ് താരം.
Read More: മറിയത്തിനു പാവയും ഡിക്യുവിന് കാറും തരാം; ദുൽഖറിനെ വീട്ടിലേക്ക് ക്ഷണിച്ച് ഉണ്ണി മുകുന്ദൻ
‘മേപ്പടിയാൻ’ എന്ന ചിത്രത്തിനായി എനിക്ക് ശരീര ഭാരം കൂട്ടേണ്ടി വന്നിരുന്നു. 93 കിലോയായിരുന്നു ഭാരം. അതിനുശേഷം മൂന്ന് മാസം കൊണ്ട് 16 കിലോ ഭാരം കുറയ്ക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം നരകതുല്യമായ അവസ്ഥയായിരുന്നുവെന്ന് ഉണ്ണി പറയുന്നു. എനിക്ക് പറ്റുമെങ്കിൽ നിങ്ങൾക്കെല്ലാവർക്കും സാധിക്കും. നിങ്ങൾ നിങ്ങളുടെ ശരീരത്തെയല്ല മനസ്സിനെയാണ് ഇതിനായി ട്രെയിൻ ചെയ്യേണ്ടതെന്ന് താരം പറഞ്ഞു. പരിശീലകരായ രഞ്ജിത്ത്, പ്രവീൺ എന്നിവർക്ക് ഉണ്ണി നന്ദി പറയുകയും ചെയ്തു.
ഉണ്ണി മുകുന്ദന് ആദ്യമായി നിര്‍മാതാവാകുന്ന ചിത്രമാണ് ‘മേപ്പടിയാന്’. നവാഗതനായ വിഷ്ണു മോഹനാണ് സംവിധായകൻ. ഉണ്ണി മുകുന്ദന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യനാണ് നായിക. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.