scorecardresearch
Latest News

ഉണ്ണിമുകുന്ദനും അയ്യപ്പനും തമ്മിൽ

ഉണ്ണി മുകുന്ദൻ നായകനാവുന്ന പുതിയ ചിത്രമാണ് ‘മാളികപ്പുറം’. എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ചിത്രം പറയുന്നത്

ഉണ്ണിമുകുന്ദനും അയ്യപ്പനും തമ്മിൽ

വലിയ അയ്യപ്പഭക്തനാണ് നടൻ ഉണ്ണി മുകുന്ദൻ. തന്റെ ആദ്യനിർമ്മാണസംരംഭമായ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലും അയ്യപ്പഭക്തനായി ഉണ്ണി മുകുന്ദൻ എത്തിയിരുന്നു. ചിത്രത്തിൽ ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ, തന്റെ പുതിയ ചിത്രത്തിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഉണ്ണി മുകുന്ദൻ. ‘മാളികപ്പുറം’ എന്നാണ് ഉണ്ണി നായകനാവുന്ന പുതിയ ചിത്രത്തിന്റെ പേര്. എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോയായ അയ്യപ്പന്റെയും കഥയാണ് ചിത്രം പറയുന്നത്.

“മല്ലുസിംഗിന്റെ പ്രൊഡ്യൂസറും ജേഷ്ഠ സഹോദരനുമായ ആന്റോ ചേട്ടന്റെ ഒരു വലിയ സ്വപ്നമാണ് ഈ സിനിമ, ‘മാമാങ്കം’ സിനിമ പ്രൊഡ്യൂസ് ചെയ്ത വേണു ചേട്ടനും ഇതിന്റെ നിർമാണ പങ്കാളി ആണ്. എനിക്ക് ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞത് അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണ്. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം എഴുതിയിരിക്കുന്നത് അഭിലാഷ് പിള്ള ആണ്. ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിൻ രാജ്,” ചിത്രം അനൗൺസ് ചെയ്തുകൊണ്ട് ഉണ്ണി മുകുന്ദൻ പറഞ്ഞു.

“പുതിയ സിനിമ പമ്പയ്ക്ക് മീതേ പതിനെട്ടു മലകൾക്കും അധിപനായി കാടകം വാണരുളുന്ന കലിയുഗവരദനായ അയ്യപ്പനെക്കുറിച്ചാണ്. ഒരു മാളികപ്പുറത്തിന്റെ മനസ്സിലൂടെ പ്രത്യക്ഷനാകുന്ന വില്ലാളിവീരനെക്കുറിച്ചുള്ള സിനിമയുടെ പേരും അതുകൊണ്ടുതന്നെ ‘മാളികപ്പുറം’ എന്നാണ്. ഒരു പുണ്യ നിയോഗമായി കാണുന്നു, ഇതിനെ. സ്വാമി അയ്യപ്പനിലേക്ക് മനസ്സുകൊണ്ടുള്ള ഈ തീർഥയാത്രയിൽ പ്രാർഥനകളും പിന്തുണയും പ്രതീക്ഷിക്കുന്നു,” ആന്റോ ജോസഫ് കുറിച്ചതിങ്ങനെ.

അയ്യപ്പനുമായി മാനസികമായി അടുപ്പം തോന്നാൻ കാരണമായ ഒരോർമ്മയും അടുത്തിടെ ഉണ്ണി മുകുന്ദൻ പങ്കുവച്ചിരുന്നു. “ചില നിയോഗങ്ങൾ അങ്ങനെ ആണ് നമ്മളെ തേടി എത്തും. ഗുജറാത്തിൽ നിന്ന് സിനിമ മോഹവുമായി കേരളത്തിൽ എത്തിയ കാലം മുതൽ തുടങ്ങിയതാണ് ഞാനും ഈ ഫോട്ടോയിൽ കാണുന്ന അകമല ധർമ ശാസ്താ ക്ഷേത്രവും തമ്മിലുള്ള ബന്ധം, മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഞാനും അയ്യനും തമ്മിലുള്ള ബന്ധം.

തൃശ്ശൂരിൽ നിന്ന് ഷൊർണൂരിൽ എന്റെ അമ്മാവന്റെ വീട്ടിലേക്കുള്ള യാത്രയിലാണ് ഞാൻ ഇവിടെ ദർശനം തുടങ്ങിയത് കഴിഞ്ഞ 15 വർഷമായി അത് തുടരുന്നു. ആദ്യ കാലങ്ങളിൽ ബസിൽ യാത്ര ചെയ്യുമ്പോൾ ബസിനുള്ളിൽ നിന്ന് പ്രാർത്ഥിക്കുമായിരുന്നു. ഞാൻ ആദ്യം വരുമ്പോൾ ഒരു പ്രതിഷ്ഠ മാത്രം ആണ് ഉണ്ടായിരുന്നത്. എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ദുഖങ്ങളും എല്ലാം പങ്കുവച്ചിരുന്നത് ഇവിടെ ആണ്. കാലക്രമേണ ഇത് വലിയ ക്ഷേത്രമായി മാറി, എന്റെ അയ്യനോടൊപ്പം ഞാനും വളർന്നു. എന്റെ യാത്ര അതുവഴി ബസിൽ നിന്നും പിന്നീട് ബൈക്കിലും കാറിലും ഒക്കെ ആയി മാറി. അത്യാവശ്യം അറിയപ്പെടുന്ന നടനും നിർമ്മാതാവുമൊക്കെയായി ഇന്നും യാത്ര തുടരുന്നു,” ഉണ്ണി മുകുന്ദൻ കുറിപ്പിൽ പറഞ്ഞു.

എരുമേലി ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ വച്ചാണ് ‘മാളികപ്പുറ’ത്തിന്റെ പൂജ നടന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Unni mukundan new film malikappuram movie pooja photos