scorecardresearch
Latest News

ആ 45 മിനിറ്റ് ഞാൻ ജീവിതത്തിൽ മറക്കില്ല: മോദിയെ കണ്ടതിൽ സന്തോഷം പങ്കിട്ട് ഉണ്ണി മുകുന്ദൻ

“അങ്ങയുടെ കെം ഛോ ഭൈലാ (എങ്ങനെയുണ്ട് സഹോദരാ) എന്ന വാക്കുകളാണ് എന്നെ ആദ്യം ഞെട്ടിച്ചത്”

Unni Mukundan, Narendra Modi
Narendra Modi and Unni Mukundan

കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഒപ്പം വേദി പങ്കിടാനും നേരിട്ട് സംസാരിക്കാനും സാധിച്ചതിൽ സന്തോഷം പങ്കിടുകയാണ് നടൻ ഉണ്ണി മുകുന്ദൻ. മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിന്നുള്ള ചിത്രങ്ങളും ഉണ്ണി മുകുന്ദൻ ഷെയർ ചെയ്തിട്ടുണ്ട്. യുവം പരിപാടിയുടെ ഭാഗമായാണ് ഉണ്ണി മുകുന്ദൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

യുവം പരിപാടിക്കുശേഷം ഉണ്ണി മുകുന്ദനെ പ്രധാനമന്ത്രി താജ് മലബാര്‍ ഹോട്ടലിലേക്കും ക്ഷണിച്ചു. മുക്കാൽ മണിക്കൂറോളം പ്രധാനമന്ത്രിയുമായി സംസാരിക്കാനുള്ള അവസരവും ഉണ്ണി മുകുന്ദനു ലഭിച്ചു.

“ഈ അക്കൗണ്ടില്‍ നിന്നുള്ള ഏറ്റവും ആവേശകരമായ പോസ്റ്റ് ഇതാണ്. നന്ദി സര്‍. അങ്ങയെ ദൂരെ നിന്ന് കണ്ട ആ 14 വയസ്സുകാരന് ഇന്ന് നേരില്‍ കണ്ടുമുട്ടാന്‍ സാധിച്ചിരിക്കുന്നു. ആ നിമിഷങ്ങളില്‍ നിന്ന് ഞാന്‍ ഇനിയും മോചിതനായിട്ടില്ല. വേദിയില്‍ നിന്നുള്ള അങ്ങയുടെ കെം ഛോ ഭൈലാ (എങ്ങനെയുണ്ട് സഹോദരാ) എന്ന വാക്കുകളാണ് എന്നെ ആദ്യം ഞെട്ടിച്ചത്. അങ്ങയെ നേരില്‍ കണ്ട് ഗുജറാത്തി ഭാഷയിൽ സംസാരിക്കണമെന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. അത് സാധിച്ചിരിക്കുന്നു. അങ്ങ് നല്‍കിയ ആ 45 മിനിറ്റ്, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ് ആയിരുന്നു. അങ്ങ് പറഞ്ഞ വാക്കുകൾ ഞാന്‍ ഒരിക്കലും മറക്കില്ല. അങ്ങയുടെ എല്ലാ ഉപദേശങ്ങളും പ്രവര്‍ത്തിയിലേക്ക് കൊണ്ടുവന്ന് ഞാന്‍ നടപ്പിലാക്കും. ആവ്‍താ രെഹ്‍ജോ സര്‍ (ഇതുപോലെ തന്നെ ഇരിക്കുക), ജയ് ശ്രീ കൃഷ്‍ണന്‍,” എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്.

ഉണ്ണി മുകുന്ദനെ കൂടാതെ സിനിമരംഗത്തു നിന്നും സുരേഷ് ഗോപി, നവ്യ നായർ, അപർണ ബാലമുരളി, വിജയ് യേശുദാസ്, ഹരിശങ്കർ എന്നിവരും യുവം പരിപാടിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നു. നവ്യാ നായരുടേയും സ്റ്റീഫന്‍ ദേവസിയുടേയും കലാപരിപാടികളും അരങ്ങേറി.

“യൂത്ത് കോണ്‍ക്ലേവ് എന്നു പറയുമ്പോള്‍ നാളത്തെ ഫ്യൂച്ചര്‍ എന്ന കോണ്‍സെപ്റ്റ് ഉണ്ട്. പ്രധാനമന്ത്രിക്കൊപ്പം ഈയൊരു വേദി പങ്കിടാന്‍ സാധിച്ചതില്‍ ഭയങ്കര സന്തോഷമുണ്ട്,”എന്നാണ് ചടങ്ങിൽ പങ്കെടുത്ത അപർണ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Unni mukundan met pm narendra modi see pics