മലയാളത്തില്‍ വിവാഹം കഴിക്കാതെ നില്‍ക്കുന്ന ചുള്ളനാണ് ഉണ്ണി മുകുന്ദൻ. ഈ പ്രത്യേകത കൊണ്ട് തന്നെ ഉണ്ണി മുകുന്ദന് ആരാധികമാരുടെ എണ്ണം കൂടുന്നു. ‘സീഡന്‍’ എന്ന തമിഴ് ചിത്രത്തിലൂടെ ഇന്റസ്ട്രിയില്‍ എത്തിയ ഉണ്ണി മുകുന്ദന് കരിയര്‍ ബ്രേക്ക് നല്‍കിയത് മല്ലുസിങ് എന്ന ചിത്രമാണ്. പൃഥ്വിരാജിന് പകരക്കാരനായി എത്തിയ ചിത്രത്തിലൂടെയാണ് മലയാളികള്‍ക്കിടയിൽ ഉണ്ണി ശ്രദ്ധിക്കപ്പെട്ടത്.

മല്ലു സിങ്ങിനു ശേഷം നീണ്ട ഇടവേളയെടുത്ത ഉണ്ണി മുകുന്ദൻ ഒരു വർഷത്തോളം സിനിമകളിൽ നിന്ന് മാറി നിന്നതിന്റെ കാരണം വ്യക്തമാക്കുന്നു. ചില വ്യക്തിപരമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് മല്ലുസിങ്ങിനു ശേഷം താൻ അഹമ്മദാബാദിലേക്ക് പോയെന്നും പിന്നീട് ഒന്‍പത് മാസം കഴിഞ്ഞാണ് മടങ്ങി കേരളത്തിലെത്തിയത് എന്നും ഉണ്ണി വ്യക്തമാക്കുന്നു. ആഗ്രഹിച്ച പെണ്ണിനെ വിവാഹം ചെയ്യാന്‍ കഴിയാത്തതില്‍ കടുത്ത മദ്യപാനത്തിന് അടിപ്പെട്ടുപോയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. വനിതാ മാസികക്ക് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്റെ വെളിപ്പെടുത്തൽ.

‘ഒരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു. വിവാഹം ചെയ്യാനും ആഗ്രഹിച്ചു. പക്ഷെ അത് നടക്കാതെ പോയി. അഹമ്മദാബാദിലേക്ക് തിരിച്ചുപോകാന്‍ അതും ഒരു കാരണമായിരുന്നു. അതിന് ശേഷം പുകവലിയും മദ്യപാനവും തുടങ്ങി’ ഉണ്ണി മുകുന്ദന്‍ പറയുന്നു.

‘ആ സമയത്തെ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സിനിമ തന്നെ ഉപേക്ഷിച്ചാലോ എന്ന ചിന്ത ഉണ്ടായി. മനസ്സ് വല്ലാതെ മടുത്തപ്പോള്‍ വ്രതമെടുത്ത് ശബരിമലയ്ക്ക് പോയി’

‘അപ്പോഴാണ് വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് വേണ്ടി ലാല്‍ ജോസ് സര്‍ വിളിച്ചത്. അങ്ങനെയാണ് സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. വിക്രമാദിത്യന്‍ വീണ്ടുമൊരു ബ്രേക്ക് നല്‍കി’ ഉണ്ണി പറയുന്നു. ഇനി പ്രണയിച്ചു വിവാഹം കഴിക്കില്ല എന്നും തനിക്കും വീടിനും ഇണങ്ങിയ ഒരു പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തും എന്നാണ് ഉണ്ണിയുടെ പുതിയ തീരുമാനം.

പ്രണയിച്ച പെണ്ണിന് വേണ്ടി മദ്യപിച്ചും, പുകവലിച്ചും ആരോഗ്യം നശിപ്പിക്കാൻ ശ്രമിച്ച ഉണ്ണി മുകുന്ദന്‍ എന്നാൽ ഇപ്പോള്‍ ഏറ്റവും ശ്രദ്ധിക്കുന്നത് ആരോഗ്യ കാര്യങ്ങളിലാണ്. ശരീരം ആരോഗ്യത്തോടെ ഇരുന്നാല്‍ മനസ്സ് സന്തോഷിക്കും എന്നാണ് ഉണ്ണിയുടെ കണ്ടെത്തൽ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ