മലയാളസിനിമയിലെ യുവനടന്മാരെല്ലാം സ്നേഹത്തോടെ മസിലളിയാ എന്നു വിളിക്കുന്ന, യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായ, ഏറെ ആരാധകരുള്ള താരമാണ് ഉണ്ണി മുകുന്ദൻ. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും ഫിറ്റ്നസ് നിലനിർത്തുന്നതിലും തന്റെ സഹപ്രവർത്തകർക്കെല്ലാം മാതൃകയാണ് ഉണ്ണി മുകുന്ദൻ.
മലയാളസിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ കൂടിയാണ് ഉണ്ണി. നിരവധി ആരാധികമാരാണ് ഈ താരത്തിനുള്ളത്. ഇപ്പോഴിതാ, ഉണ്ണി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. ‘വാലന്റൈൻസ് ഡേ അടുത്തെത്തിയ ഈ സമയത്ത് മെഡിറ്റേഷൻ നിർബന്ധിതമായ ഒന്നാണെന്നാണ്,’ താരം കുറിക്കുന്നത്. കമിഴ്ന്നു കിടക്കുന്ന ഒരു ചിത്രവും ഉണ്ണി മുകുന്ദൻ പങ്കുവച്ചിട്ടുണ്ട്.
ഉണ്ണിയേട്ടൻ സാഡാണോ, ഈ വാലന്റൈൻസ് ഡേ ഒന്നും നമുക്ക് പറ്റിയതല്ലാട്ടോ, ഇപ്പോഴും സിംഗിൾ ആണെന്നു കാണിക്കാനുള്ള സൈക്കോളജിക്കൽ മൂവ്മെന്റ് അല്ലേ? എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
‘മാമാങ്കം’ ആണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. ‘മാമാങ്ക’ത്തിലെ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രം ഉണ്ണിയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു. 11 മാസത്തോളമാണ് ആ കഥാപാത്രത്തിനായി ഉണ്ണി മുകുന്ദൻ ചെലവഴിച്ചത്. ഇപ്പോൾ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഉണ്ണി.
നവാഗതനായ വിഷ്ണു മോഹൻ ആണ് ചിത്രം ഒരുക്കുന്നത്. ‘രക്ഷാധികാരി ബൈജു’ എന്ന ചിത്രത്തിനു ശേഷം ‘മാഡ് ദി മാറ്റിക്സിന്‍റെ’ ബാനറിൽ സതീഷ് മോഹനാണ് ചിത്രം നിർമിക്കുന്നത്.