കോവിഡിന് ശേഷം വീണ്ടും ശബരിമല ദർശനം നടത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ. ശബരിമല ദർശനം നടത്തിയതിന്റെ ചിത്രങ്ങളും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.
“കോവിഡിന് ശേഷം വീണ്ടും ശബരിമല ദർശനം നടത്താനും അയ്യനെ കണ്ട് അനുഗ്രഹം വാങ്ങാനും കഴിഞ്ഞു. സന്നിധാനം വീണ്ടും ഭക്തജന സാന്ദ്രമായി കണ്ടതിൽ സന്തോഷം തോന്നി. ഞാൻ ആദ്യമായി നിർമിക്കുന്ന മേപ്പടിയാൻ തുടങ്ങിയതും അയ്യന്റെ അനുഗ്രഹം വാങ്ങിയാണ്,” സോഷ്യൽ മീഡിയയിൽ ഉണ്ണി കുറിച്ചു.
‘മേപ്പടിയാൻ’ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ പ്രകാശനവും ശബരിമല സന്നിധാനത്ത് വച്ച് നടന്നു. നടൻ രാഹുൽ മാധവ് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനർക്ക് നൽകിയാണ് പ്രകാശനം ചെയ്തത് . ക്ഷേത്രം മേൽശാന്തി പരമേശ്വരൻ നമ്പൂതിരി , ഉണ്ണി മുകുന്ദൻ, സംവിധായകൻ വിഷ്ണു മോഹൻ ,ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി കൃഷ്ണകുമാര വാരിയർ, സന്നിധാനം സ്പെഷ്യൽ ഓഫീസർ എസ് പി പ്രേംകുമാർ , ദേവസ്വം പി ആർ ഓ സുനിൽ അരുമാനൂർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മേപ്പടിയാനിലെ ഗാനങ്ങൾ ഗുഡ് വിൽ എന്റർടൈൻമെന്റാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
‘മേപ്പടിയാൻ’ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി റിലീസ് ചെയ്യാനുള്ള പ്രധാന ചിത്രങ്ങളിൽ ഒന്ന്. ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മാതാവാകുന്ന ചിത്രം കൂടിയാണ് ‘മേപ്പടിയാന്‍’. നവാഗതനായ വിഷ്ണു മോഹനാണ് സംവിധായകൻ. തിരക്കഥ ഒരുക്കിയതും വിഷ്ണു മോഹൻ തന്നെ. മേപ്പടിയാന്റെ സെൻസറിങ് പൂർത്തിയായി എന്നും യു സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഉടൻ തന്നെ തീയേറ്ററിലേക്ക് എത്തുമെന്നും ഉണ്ണി ഫേസ് കുറിപ്പ് പോസ്റ്റിൽ പറയുന്നു.
ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യനാണ് നായിക. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ‘മേപ്പടിയാനു’ വേണ്ടി ഉണ്ണി മുകുന്ദൻ 20 കിലോയിലധികം ശരീര ഭാരം കൂട്ടിയിരുന്നു.