മലയാള സിനിമയിലെ മസിൽമാൻ ആരെന്ന് ചോദിച്ചാൽ കണ്ണടച്ച് ഉത്തരം പറയാൻ ഉണ്ണി മുകുന്ദനാണെന്ന്. ഫിറ്റ്നസിൽ അതീവ ശ്രദ്ധാലുവാണ് ഉണ്ണി മുകുന്ദൻ. വിക്രമാദിത്യൻ സിനിമയിൽ ഉണ്ണി മുകുന്ദനെ ദുൽഖറിന്റെ കഥാപാത്രം മസിലളിയൻ എന്നു തമാശയ്ക്ക് വിളിക്കുന്നുണ്ട്. ഇതിനുശേഷം ഉണ്ണിയുടെ ആരാധകർ താരത്തെ സ്നേഹത്തോടെ മസിലളിയൻ എന്നു വിളിച്ചു തുടങ്ങി.
സിനിമയിൽ കളിയാക്കി വിളിച്ചതാണെങ്കിലും യഥാർത്ഥ ജീവിതത്തിൽ ഉണ്ണി മുകുന്ദന്റെ മസിൽ പവർ തുണയായത് കോളേജ് വിദ്യാർത്ഥികൾക്കാണ്. പാലക്കാട് എൻഎൻഎസ് എൻജിനീയറിങ് കോളേജിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഉണ്ണി മുകുന്ദൻ വിദ്യാർത്ഥികളുടെ രക്ഷകനായത്.
ഉണ്ണിയെ ഒരു നോക്ക് കാണാനായി വിദ്യാർത്ഥികളുടെ വലിയൊരു കൂട്ടം തന്നെ അവിടെയുണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി സുരക്ഷാ വേലി കെട്ടിയിരുന്നു. വിദ്യാർത്ഥികളെ കണ്ടതും അവർക്ക് കൈ കൊടുക്കുന്നതിനായി ഉണ്ണി മുന്നോട്ടുവന്നു. ഇതുകണ്ടതും വിദ്യാർത്ഥികൾ ഒന്നിച്ച് മുന്നോട്ടുവന്നു. വേലിക്കെട്ടോടെ വിദ്യാർത്ഥികൾ താഴെ വീഴാൻ തുടങ്ങവേ ഉണ്ണി മുകുന്ദൻ ഒറ്റയ്ക്ക് താങ്ങി നിർത്തി. നിറഞ്ഞ കൈയ്യടിയോടെയാണ് മറ്റു വിദ്യാർത്ഥികൾ താരത്തെ ഈ പ്രവൃത്തി ഏറ്റെടുത്തത്.
ഉണ്ണി മുകുന്ദൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇതിന്റെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ”നിങ്ങളെ താങ്ങാൻ എന്റെ ചുമലുണ്ട്. എന്റെ ചുറ്റിലുളളവരെ താഴെ വീഴാൻ ഞാനൊരിക്കലും സമ്മതിക്കില്ല” എന്ന് എഴുതിയാണ് വിദ്യാർത്ഥികൾ അയച്ചുകൊടുത്ത വീഡിയോ ഉണ്ണി മുകുന്ദൻ ഷെയർ ചെയ്തിരിക്കുന്നത്.