ഒറ്റപ്പാലം: നടന്‍ ഉണ്ണി മുകുന്ദന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടാക്കി സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശം അയച്ച കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉണ്ണി മുകുന്ദന്റെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. വ്യാജ അക്കൗണ്ടിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. സിഐ എം.സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ഉണ്ണി മുകുന്ദന്റെ സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പേരിനോട് സാദൃശ്യമുള്ള വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് പറ്റിക്കല്‍. iam unni mukundan എന്നാണ് ഉണ്ണി മുകുന്ദന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പേര്. ഇതിനെ ചെറിയ വ്യത്യാസത്തോടെ iam.unnimukundan എന്നാക്കിയാണ് വ്യാജന്‍മാര്‍ വിലസുന്നത്. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്‌ബുക്കിലും വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

Read Also: പ്രായം തളര്‍ത്താത്ത കമ്മ്യൂണിസ്റ്റ്; വി.എസ്.അച്യുതാനന്ദന് 96-ാം പിറന്നാള്‍

ഉണ്ണി മുകുന്ദന്റെ അക്കൗണ്ട് എന്ന് പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുമായി സൗഹൃദം സൃഷ്ടിക്കല്‍ പതിവാക്കുന്നതായി ശ്രദ്ധയില്‍പെട്ടുവെന്നും ഇത്തരം വ്യാജ പ്രവണതകളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാണ് ഉണ്ണി മുകുന്ദന്റെ പിതാവ് മുകുന്ദന്‍ നായര്‍ നൽകിയ പരാതിയിൽ പറയുന്നു. ഉണ്ണി മുകുന്ദനെ അപകീർത്തിപ്പെടുത്താൻ വേണ്ടിയാണ് ഇതെന്നും പരാതിയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook