ക്യാമ്പസ് നെഞ്ചിലേറ്റിയ ചിത്രങ്ങളിലൊന്നായിരുന്നു ഷാഫി സംവിധാനം ചെയ്ത പൃഥ്വിരാജ്- റോമ താര ജോഡികൾ ഒന്നിച്ചെത്തിയ ‘ചോക്ളേറ്റ്’. ചിത്രത്തിന്റെ പുനരാവിഷ്കാരം ഒരുക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ സേതു. സേതുവിന്റെ തിരക്കഥയില്‍ ബിനു പീറ്റര്‍ സംവിധാനം ചെയ്യുന്ന ‘ചോക്ലേറ്റ് സ്റ്റോറി റീടോള്‍ഡ്’ എന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദൻ നായകനായെത്തുമ്പോൾ നായികയായി വരുന്നത് ‘ഒരു അഡാർ ലവ്വ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നൂറിൻ ആണ്.

പെണ്‍കുട്ടികളുടെ കോളേജിൽ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രവും പറയുന്നത്. എന്നാല്‍ ചോക്ലേറ്റ്‌ എന്ന സിനിമയില്‍ കണ്ടത് പോലെ പഠിക്കാനോ പഠിപ്പിക്കാനോ അല്ല ഉണ്ണി മുകുന്ദന്റെ നായകകഥാപാത്രം കോളേജിലേക്ക് എത്തുന്നത്. എന്തിനാണ് നായകൻ 3000 പെൺകുട്ടികൾ പഠിക്കുന്ന കോളേജിലേക്ക് വരുന്നത് എന്നതിന്റെ കാരണങ്ങളും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് കഥയുടെ പ്ലോട്ട്.

” ‘ഒരു അഡാർ ലവ്വ്’ റിലീസ് ചെയ്തതിന്റെ പിറ്റേദിവസമാണ് സേതുവേട്ടനും സേതുവേട്ടനും നിർമ്മാതാവ് സന്തോഷ്​ ഏട്ടനും എന്നെ വിളിക്കുന്നത്. അഡാർ ലവ്വ് സിനിമ കണ്ടാണ് അവർ വിളിച്ചത്. പുതിയ ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ എനിക്കിഷ്ടമായി, നമ്മളെപ്പോഴാണ് തുടങ്ങുന്നത് എന്നാണ് ഞാൻ ചോദിച്ചത്. അഭിമന്യു എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ ചേട്ടൻ അവതരിപ്പിക്കുന്നത്. പഴയ ചോക്ളേറ്റും ഇതും തമ്മിലുള്ള സാമ്യം 3000 ത്തോളം പെൺകുട്ടികൾ പഠിക്കുന്ന കോളേജിൽ നായകൻ എത്തുന്നു എന്നതാണ്. എന്റെ കഥാപാത്രത്തിന്റെ പേര്​ അമ്മു എന്നാണ്. റോമ അവതരിപ്പിച്ച ആൻ മാത്യുവെന്ന കഥാപാത്രത്തെ പോലൊരു കഥാപാത്രമാണ് അമ്മുവും. അതിനേക്കാളും കുറച്ചുകൂടി പെർഫോം ചെയ്യാനും തമാശയുമൊക്കെയുളള കഥാപാത്രമാണ് എന്റേത്,” ചിത്രത്തിൽ നായികയാവുന്ന നൂറിൻ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Read more: ഉണ്ണി മുകുന്ദന്റെ അഞ്ചു തലമുറയെ പ്രാകി നശിപ്പിക്കുമെന്ന് ആരാധിക; തനിക്ക് കാമുകി ഇല്ലെന്ന് നടന്റെ തുറന്നുപറച്ചില്‍

‘ഒരു അഡാർ ലവ്വ്’ വേണ്ടത്ര പ്രതീക്ഷകൾക്കൊപ്പം ഉയരാതെ ബോക്സ് ഒാഫീസിൽ പരാജയപ്പെട്ടെങ്കിലും ചിത്രത്തിലെ നൂറിനിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ രണ്ടാമത്തെ ചിത്രത്തിൽ തന്നെ ഉണ്ണി മുകുന്ദനൊപ്പം നായികയായി അഭിനയിക്കുന്നതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് നൂറിൻ ഇപ്പോൾ. ‘മാമാങ്കം’, ‘മേപ്പടിയാൻ’ തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ. ഒരു തമിഴ് ചിത്രത്തിലും ഉണ്ണി അഭിനയിക്കുന്നുണ്ട്. നിലവിൽ ഏറ്റെടുത്ത ചിത്രങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ്, ജൂലൈ മാസത്തോടെ ഉണ്ണി മുകുന്ദൻ ‘ചോക്ലേറ്റ് സ്റ്റോറി റീടോള്‍ഡ്’ന്റെ സെറ്റിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook