സബ് ഇൻസ്പെക്ടർ മണികണ്ഠനും പിള്ളേരും ഗൾഫിലേക്ക്. ‘ഉണ്ട’യുടെ ജിസിസി റിലീസ് ഇന്ന്. വലിയ അവകാശവാദങ്ങളോ പ്രമോഷനുകളോ ഒരു സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ പതിവു ആഘോഷങ്ങളൊന്നുമില്ലാതെ സൈലന്റായി തിയേറ്ററുകളിലെത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ഉണ്ട’. ആക്ഷന്‍ കോമഡി എന്റര്‍ടെയിനര്‍ ചിത്രമായ ‘ഉണ്ട’യില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. നോര്‍ത്ത് ഇന്ത്യയിലെ നക്സ‌ലൈറ്റ് ഏരിയയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു പൊലീസ് യൂണിറ്റിന്റെ കഥയാണ് ചിത്രം പറഞ്ഞത്. പ്രേക്ഷക പ്രശംസയ്ക്ക് ഒപ്പം നിരൂപക പ്രശംസയും നേടി മുന്നേറുകയാണ് ‘ഉണ്ട’.

ഏറെ നാളുകൾക്ക് ശേഷം അതിഭാവുകത്വങ്ങളില്ലാതെ, വളരെ സ്വാഭാവികതയോടെ പൊലീസുകാരുടെ ജീവിതക്കാഴ്ചകൾ പകർത്താൻ കഴിഞ്ഞു എന്നതാണ് ‘ഉണ്ട’യുടെ വിജയം. ഒപ്പം സാധാരണക്കാരിൽ സാധാരണക്കാരനായ, പച്ചമനുഷ്യൻ എന്നു വിശേഷിപ്പിക്കാവുന്ന ഒരു കഥാപാത്രമായി മമ്മൂട്ടി സ്ക്രീനിൽ ജീവിക്കുന്ന കാഴ്ചയാണ് ‘ഉണ്ട’ പ്രേക്ഷകർക്ക് സമ്മാനിച്ചത്. വളരെ റിയലിസ്റ്റിക്കായ സമീപനമാണ് ‘ഉണ്ട’യെ പതിവു പൊലീസ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

പന്ത്രണ്ട് കോടിയോളം ബജറ്റിലാണ് ചിത്രം ഒരുക്കിിയിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ആസിഫ് അലി, തുടങ്ങിയവരും ഉണ്ടയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വേഷങ്ങളിലെത്തുന്നു. ആക്ഷന്‍ കോമഡി ചിത്രമായി ഒരുക്കുന്ന ഉണ്ടയില്‍ ഓംകാര്‍ ദാസ് മണിക്‌പുരി, ഭഗ്‌വാന്‍ തിവാരി, ചിന്‍ ഹോ ലിയോ തുടങ്ങിയ ബോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ട്. ‘പീപ്‌ലി ലൈവ്’, ‘ന്യൂട്ടന്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഓംകാര്‍ ദാസ് മണിക്‌പുരി. അതേസമയം ‘മാസാനി’ലെ പൊലീസ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് ഭഗ്‌വാന്‍ തിവാരി. ‘ട്യൂബ് ലൈറ്റ്’ ആണ് ചീന്‍ ഹോ ലിയാവോയുടെ ശ്രദ്ധേയ ചിത്രം. ‘കാലാ’യിൽ രജനീകാന്തിന്റെ ഭാര്യയായി അഭിനയിച്ച ഈശ്വരീ റാവു ആണ് ‘ഉണ്ട’യിൽ മമ്മൂട്ടിയുടെ ഭാര്യയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്.

Read more: ഈശ്വരീ റാവു: ‘കാലാ’യിൽ രജനീകാന്തിന്റെ നായിക, ‘ഉണ്ട’യിൽ മമ്മൂട്ടിയുടെയും

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി സംവിധായകന്‍ രഞ്ജിത്തുമുണ്ട്. മമ്മൂട്ടി അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിന്റെ സുപ്പീരിയര്‍ ഓഫീസറായ സി.ഐ മാത്യൂസ് ആന്റണി എന്ന കഥാപാത്രത്തെയാണ് രഞ്ജിത്ത് അവതരിപ്പിക്കുന്നത്. കാസര്‍ഗോഡ്, ഛത്തീസ്ഗഡ്, മാംഗ്ലൂര്‍ എന്നിവിടങ്ങളിൽ ആയിരുന്നു ‘ഉണ്ട’ ചിത്രീകരിച്ചത്. ജെമിനി സ്റ്റുഡിയോസുമായി ചേര്‍ന്ന് കൃഷ്ണന്‍ സേതുകുമാര്‍ ആണ് മൂവി മില്ലിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook