മമ്മൂട്ടി ചിത്രം ‘ഉണ്ട’ ഇന്ന് തിയേറ്ററുകളില്‍. ഖാലിദ് റഹ്മാന്‍ സംവിധം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ആരാണ് വില്ലന്‍ എന്ന് തിരക്കഥാകൃത്ത് ഹര്‍ഷാദ് റിലീസ് ദിവസം വെളിപ്പെടുത്തിയിരിക്കുന്നു. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ജനിക്കുന്നത് എങ്ങനെയാണെന്ന് തിരക്കഥാകൃത്ത് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

Read Also: ‘ഉണ്ട’ ഉണ്ടായത് ഇങ്ങനെ; മമ്മൂട്ടി ചിത്രത്തിന്റെ മേക്കിങ് വീഡിയോ വൈറല്‍

ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഉണ്ട. അതിലേക്ക് നയിച്ച കാര്യങ്ങളാണ് പഴയ പത്ര വാര്‍ത്തയിലൂടെ തിരക്കഥാകൃത്ത് ഹര്‍ഷാദ് വിവരിച്ചിരിക്കുന്നത്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തയാണ് ‘ഉണ്ട’ എന്ന സിനിമയെ കുറിച്ച് ആലോചിച്ച് തുടങ്ങാന്‍ കാരണമെന്ന് ഹര്‍ഷാദ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പേടിയാണ് ‘ഉണ്ട’യിലെ വില്ലനെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

‘ഉണ്ട’ സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി സംവിധായകന്‍ രഞ്ജിത്തും എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്. മമ്മൂട്ടി അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിന്റെ സുപ്പീരിയര്‍ ഓഫീസറായാണ് ചിത്രത്തില്‍ രഞ്ജിത്ത് എത്തുന്നത്. സിഐ മാത്യൂസ് ആന്റണി എന്നാണ് രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രഞ്ജിത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠനായി മെഗാസ്റ്റാര്‍ എത്തുന്ന ചിത്രം വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് എരിയകളില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോവുന്ന പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് അറിയുന്നു. ജൂണ്‍ ആറിന് ഈദ് റിലീസായിട്ടാണ് ‘ഉണ്ട’ പുറത്തിറങ്ങുന്നത്. ഇത്തവണ നിരവധി യുവതാരങ്ങള്‍ക്കൊപ്പമാണ് മമ്മൂക്കയുടെ സിനിമ വരുന്നത്.

Read Also: ജാഗ്രത! കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യത

വിനയ് ഫോര്‍ട്ട്, ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ‘ഉണ്ട’യില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ആക്ഷന്‍ കോമഡി ചിത്രമായി ഒരുക്കുന്ന ‘ഉണ്ട’യില്‍ ബോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്. പീപ്‌ലി ലൈവ്, ന്യൂട്ടന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, മാസാനിലെ പൊലീസ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ട്യൂബ് ലൈറ്റ് എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക. ഖാലിദ് റഹ്മാന്റെ തന്നെ കഥയില്‍ ഹര്‍ഷാദാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook