അന്യസംസ്ഥാനങ്ങളിൽ ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് പോകുമ്പോൾ പൊലീസുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ജനങ്ങളെ സേവിക്കാൻ ഇറങ്ങി പുറപ്പെട്ട പൊലീസുകാരുടെ ജീവിതത്തിന്റെ അസുരക്ഷിതത്വവുമെല്ലാം വളരെ റിയലിസ്റ്റാക്കി പറയുന്ന ഖാലിദ് റഹ്മാന്റെ ‘ഉണ്ട’ എന്ന മമ്മൂട്ടി ചിത്രം തിയേറ്ററുകളിലെത്തിയത് ഇന്നലെയാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ മണി സാറിനോളം തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു യുവനടൻ ലുക്ക്‌മാൻ അവതരിപ്പിച്ച ബിജു കുമാർ എന്ന പൊലീസുകാരനും

മേലുദ്യോഗസ്ഥനാൽ വംശീയ അധിക്ഷേപത്തിന് ഇരയാകുന്ന ആദിവാസി ഗോത്രത്തിൽ നിന്നും പൊലീസ് സർവ്വീസിൽ എത്തിയ ഒരു ചെറുപ്പക്കാരന്റെ കഥാപാത്രത്തെയാണ് ലുക്ക്‌മാൻ ‘ഉണ്ട’യിൽ അവതരിപ്പിച്ചത്. സമാനമായൊരു അനുഭവമാണ് കണ്ണൂർ എ ആർ ക്യാംപിലെ കെ. രതീഷ് എന്ന പൊലീസുകാരനും പറയാനുള്ളത്. മേലുദ്യോഗസ്ഥർ അസംഭ്യം ചേർത്ത് ജാതിപ്പേര് വിളിച്ച് നിരന്തരം അപമാനിക്കുന്നതിൽ മനംനൊന്ത് ജോലി ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് ആദിവാസി വിഭാഗത്തിൽ പെട്ട ഈ പൊലീസുകാരൻ. മേലധികാരിയുടെ മാനസികമായും ജാതീയമായുമുള്ള നിരന്തര പീഡനം മൂലമാണ് രതീഷിന്റെ ഈ തീരുമാനമെന്ന് മലയാള മനോരമയുടെ റിപ്പോർട്ടിൽ പറയുന്നു. സിവിൽ പോലീസ് ഓഫിസറാണ് ആദിവാസി കുറിച്യ വിഭാഗക്കാരനായ രതീഷ്.

വർണവിവേചന തമാശകളും വംശീയ അധിക്ഷേപങ്ങളുമൊക്കെ സാമാന്യവത്കരിക്കുന്ന സമൂഹത്തിന്റെ മനസ്സാക്ഷിയ്ക്കു നേരെയാണ് ‘ഉണ്ട’യിലെ ബിജുവെന്ന ആദിവാസി യുവാവ് സംസാരിക്കുന്നത്. എപ്പോഴും വംശീയ അധിക്ഷേപങ്ങൾക്കും സമൂഹത്തിന്റെ ഇരട്ടത്താപ്പുകൾക്കും വിധേയരാവേണ്ടി വരുന്ന അരികുവത്കരിക്കപ്പെടുന്ന​ ആദിവാസി സമൂഹത്തിന്റെ പ്രതിനിധിയാണ് ‘ഉണ്ട’യിലെ ബിജു കുമാർ. മേലുദ്യോഗസ്ഥരിൽ വളരെ ചുരുക്കം പേർ മാത്രമാണ് സഹജീവിയോട് കാണിക്കേണ്ട ആദരവോടെയും സ്നേഹത്തോടെയും അയാളോട് ഇടപഴകുന്നത്.

Read more: Unda Movie Review: ഉന്നം തെറ്റാതെ ‘ഉണ്ട’; പച്ചമനുഷ്യനായി മമ്മൂട്ടി

ആദിവാസി സമൂഹത്തിൽ നിന്നും പഠിച്ച് ഏറെ ആഗ്രഹത്തോടെ പൊലീസ് സർവ്വീസിൽ കയറുമ്പോൾ ആ ചെറുപ്പക്കാരനും അമ്മയും കണ്ട ഒരു സ്വപ്നമുണ്ട്; സമൂഹത്തിന്റെ കളിയാക്കലുകളിൽ നിന്നും അധിക്ഷേപങ്ങളിലും നിന്നും രക്ഷപ്പെട്ട് ഭേദപ്പെട്ടൊരു ജീവിതം സ്വന്തമാക്കണം. എന്നാൽ സമൂഹത്തിന്റെ കപടതയ്ക്കു മുന്നിൽ ആ ചെറുപ്പക്കാരൻ പലപ്പോഴും നിസ്സഹായനാവുകയാണ്. തന്റെ ദാരിദ്രത്തെയും നിറത്തെയും തൊലിയേയും പരാമർശിച്ചുകൊണ്ടുള്ള ആദിവാസിയെന്നും കാട്ടുവാസിയെന്നും വിളിച്ചുള്ള കളിയാക്കലുകളും മറ്റും ആ ചെറുപ്പക്കാരനെ കൊണ്ടെത്തിക്കുന്നത് ആത്മവിശ്വാസമില്ലായ്മയുടെ പടുകുഴിയിലാണ്. സഹനത്തിനൊടുവിൽ സഹിക്കെട്ട് പൊട്ടിതെറിക്കുന്നുമുണ്ട് ‘ഉണ്ട’യിലെ ബിജു കുമാർ.

“ഇവിടുന്ന് ജീവനോടെ നാട്ടിലെത്താൻ പറ്റിയാൽ പിന്നെ ഞാനീ ജോലിക്ക് കാണില്ല, ഞാൻ ജോലി നിർത്തി പോവുകയാണ്,” എന്ന് കണ്ണ് നിറഞ്ഞ് ഇടറിയ ശബ്ദത്തിൽ തന്റെ മേലുദ്യോഗസ്ഥനോട് അയാൾ പരാതി പറയുമ്പോൾ എത്രമാത്രം രൂക്ഷമായ വംശീയ അധിക്ഷേപത്തിനാണ് ആ കഥാപാത്രം ഇരയായി കൊണ്ടിരുന്നതെന്ന് മനസ്സിലാവും.

” നമ്മുടെ ജീവിതം എങ്ങനാവണമെന്നത് വേറൊരാൾ തീരുമാനിക്കുന്ന അവസ്ഥ ഭീകരമാണ്. സഹിക്കാൻ പറ്റൂല്ല സാറേ,” എന്നയാൾ നെഞ്ചുപൊട്ടി പറയുമ്പോൾ ആ വിരലുകൾ ചൂണ്ടപ്പെടുന്നത് സമൂഹത്തിൽ ഇന്നും സജീവമായി നിൽക്കുന്ന വർണവിവേചനമെന്ന മനുഷ്യത്വരഹിതമായ സമീപനത്തിന്റെ മുഖത്തേക്കാണ്.

മാധവ് രാംദാസ് സംവിധാനം ചെയ്ത ‘മേൽവിലാസം’ (2011) എന്ന ചിത്രവും സമാനമായൊരു സംഭവത്തിന്റെ ചലച്ചിത്ര ആവിഷ്കാരമായിരുന്നു. ‘ഉണ്ട’യിൽ പൊലീസ് സേനയിലെ പ്രശ്നങ്ങളാണ് ചൂണ്ടി കാണിച്ചതെങ്കിൽ, ‘മേൽവിലാസ’ത്തിൽ അത് പട്ടാളക്കാരുടെ പ്രശ്നങ്ങളായിരുന്നു എന്നു മാത്രം. പാർഥിപൻ ആയിരുന്നു വംശീയ അധിക്ഷേപത്തിന് വിധേയനാകേണ്ടി വരുന്ന പട്ടാളക്കാരനെ അവതരിപ്പിച്ചത്.

‘ഉണ്ട’യും ‘മേൽവിലാസ’വും എല്ലാം അഭ്രപാളികളിൽ നിന്നും ജീവിതത്തിലേക്ക് ഇറങ്ങിവരുന്ന പൊള്ളിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളാവുമ്പോൾ, സിനിമയും ജീവിതവും അതിന്റെ അതിർത്തികൾ ഭേദിക്കുകയാണ്. ഇത്തരം സാമൂഹിക പ്രശ്നങ്ങളെ അർഹിക്കുന്ന ഗൗരവത്തോടെ അവതരിപ്പിക്കാൻ നമ്മുടെ സിനിമകൾ തയ്യാറാവുന്നു എന്നത് കയ്യടി അർഹിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook